'സുരേഷ് കുമാർ പടം പിടിക്കുമ്പോൾ ബാക്കിയുള്ളവർ പറയുന്നത് കേട്ട് ഓച്ഛാനിച്ച് നിൽക്കുമോ?'; പി ശ്രീകുമാർ
സിനിമാ മേഖലയെ ഒന്നാകെ ആശങ്കയിൽ ആഴ്ത്തിക്കൊണ്ടാണ് അടുത്തിടെ കാര്യങ്ങൾ അത്ര ശുഭകരമല്ല എന്ന ആദ്യ സൂചനകൾ വന്നത്. ഇതിന് വഴിമരുന്നിട്ടത് പ്രമുഖ നിർമ്മാതാവ് ജി സുരേഷ് കുമാർ നടത്തിയൊരു വാർത്താ സമ്മേളനം ആയിരുന്നു. പുതിയ വർഷത്തെ ആദ്യ മാസത്തെ കണക്കുകൾ നിരത്തിയ സുരേഷ് കുമാർ നിർമ്മാതാക്കൾ നേരിട്ട ഭീമമായ നഷ്‌ടത്തെ കുറിച്ച് ലോകത്തിനോട് വിളിച്ചു പറയുകയായിരുന്നു.
കൂടാതെ അമിതമായ പ്രതിഫലം വാങ്ങുകയാണ് താരങ്ങളെന്നും അവർ അത് കുറയ്ക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് വലിയ ഭിന്നതകളിലേക്കും പ്രശ്‌നങ്ങളിലേക്കുമാണ് പോയത്. ഈ വിഷയത്തിൽ സമരം ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുകയാണ് അവർ. അതിനിടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും നടനുമായ പി ശ്രീകുമാർ.

മലയാള സിനിമയിലെ നിർമ്മാതാക്കൾക്ക് നട്ടെല്ലില്ലാതെ പോയതാണ് ഈ പ്രശ്‌നങ്ങൾക്ക് എല്ലാം കാരണമെന്നാണ് അദ്ദേഹം പറയുന്നത്. നിർമ്മാതാക്കൾ പറയുന്നതിലും കാര്യമുണ്ടെങ്കിലും താരങ്ങളുടെ പ്രതിഫലം കുറയ്ക്കുകയല്ല നഷ്‌ടം നികത്താനുള്ള പോംവഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെറ്റിലെ അനാവശ്യ ചിലവുകൾ നിയന്ത്രിക്കണമെന്നും ശ്രീകുമാർ ആവശ്യപ്പെട്ടു. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പി ശ്രീകുമാറിന്റെ വാക്കുകൾ
താരങ്ങളുടെ കാശ് കുറയ്ക്കുക എന്നതിൽ ഒരു കാര്യവുമില്ല. അതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. നിങ്ങൾ ഒരു പ്രൊഡക്റ്റ് ഇറക്കിയാൽ അത് ഏറ്റവും ഭയങ്കര പീക്കിൽ നിൽക്കുന്ന സമയത്ത് നിങ്ങൾ അതിന്റെ വില കുറയ്ക്കുമോ? അതാണ് കാര്യം. വില കൂടുതൽ ആണെന്ന് പറഞ്ഞ് ആരും വാങ്ങിക്കാതെ ഒക്കെ നിൽക്കുന്ന സമയത്താവും ചിലപ്പോൾ നിങ്ങൾ വില കുറയ്ക്കുക. മാർക്കറ്റ് വാല്യൂ ഉള്ളപ്പോൾ പിന്നെയാരും വില കുറയ്ക്കില്ലല്ലോ..
മലയാള സിനിമയിൽ അങ്ങനെ വാല്യൂ പറയുന്ന എത്ര ആർട്ടിസ്‌റ്റുണ്ട്. കൂടിപ്പോയാൽ പത്തോ ഇരുപതോ പേർ കാണും. ബാക്കിയുള്ളവർ ഒക്കെ ഇപ്പോഴും അഫോർഡബിൾ ആണല്ലോ. അതല്ല ശരിക്കും ചിന്തിക്കേണ്ട വിഷയം. സിനിമയിൽ ഒരു ഉപകാരവും ഇല്ലാത്ത കോടിക്കണക്കിന് രൂപ വെറുതെ പോവുന്നുണ്ട്. ജോഷിയെ പോലെയുള്ള സംവിധായകരുടെ, സൂപ്പർ സ്‌റ്റാർ ചിത്രങ്ങളിൽ വലിയ ആർഭാടമാണ്. അവിടുത്തെ ആഹാരത്തിന് പോലും പ്രത്യേകതയുണ്ട്.
താരങ്ങളുടെ വില ഇടിക്കണമെന്നല്ല പറയേണ്ടത്. നിർമ്മാതാക്കൾ പറയുന്നതിൽ ഒരുപാട് കാര്യങ്ങളുണ്ട്. ഏറ്റവും തകരുന്നതും കാശ് കിട്ടാതെ വരുന്നതും ഒക്കെ നിർമ്മാതാക്കളുടേത് തന്നെയാണ്. ഒരുപാട് നാഷണൽ വേസ്‌റ്റുകൾ ഉണ്ട് സിനിമയുടെ നിർമ്മാണ വേളയിൽ. നടനെ കാറിൽ പോയി സ്വീകരിക്കാൻ പോലും ആളുണ്ടാവും, ആരെയും കുറ്റപ്പെടുത്തുകയല്ല.
താരങ്ങൾ സിനിമ പ്രൊഡ്യൂസ് ചെയ്യാൻ പാടില്ലെന്ന് ഒരിക്കലും പറയാൻ പാടില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഞാൻ താരമായത് കൊണ്ട് എനിക്ക് പടം നിർമ്മിക്കാൻ പാടില്ലെന്ന് എങ്ങനെ നിങ്ങൾക്ക് പറയാൻ കഴിയും. നല്ല നട്ടെല്ലുള്ള പ്രൊഡ്യൂസർമാർ ഇല്ലാത്തതാണ് പ്രശ്‌നം. താരങ്ങളെ നിയന്ത്രിക്കാൻ അവർക്ക് കഴിയുന്നില്ല. പണ്ടൊക്കെ അങ്ങനെയുണ്ടായിരുന്നു.
ആ പവർ നമ്മുടെ നിർമ്മാതാക്കൾക്ക് ഉണ്ടാവണം. അങ്ങനെയുള്ള നിർമ്മാതാക്കൾ ഇപ്പോഴുമുണ്ട്. ഞാൻ ചോദിക്കട്ടെ, ഈ പറയുന്ന സുരേഷ് കുമാർ തന്നെ ഒരു പടം പിടിക്കുമ്പോൾ മറ്റുള്ളവർ പറയുന്നത് അയാൾ ഓച്ഛാനിച്ചു കേൾക്കുമോ? ഇല്ലല്ലോ. അയാൾ അയാൾക്ക് വേണ്ടതല്ലേ എടുക്കൂ. അങ്ങനെ ധൈര്യമുള്ള പ്രൊഡ്യൂസർമാർ വരണം.












Click it and Unblock the Notifications