തുടരും ഹിറ്റായതോടെ അടുത്ത ചിത്രത്തിലും മോഹൻലാൽ തന്നെയാണോ നായകൻ? വെളിപ്പെടുത്തി ചിപ്പി
മോഹൻലാൽ ബോക്‌സ് ഓഫീസിലെ തന്റെ ആധിപത്യം ഊട്ടിയുറപ്പിച്ച ചിത്രമായിരുന്നു 'തുടരും'. എമ്പുരാൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മാർച്ച് മാസത്തിൽ വമ്പൻ തിരിച്ചുവരവ് നടത്തിയ മോഹൻലാലിന്റെ ഇരട്ട പ്രഹരമായിരുന്നു 'തുടരും'. തരുൺ മൂർത്തി സംവിധാനം ചെയ്‌ത ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ 230 കോടി രൂപയിൽ അധികമാണ് നേടിയത്. ഒടിടിയിൽ എത്തിയിട്ടും തിയേറ്ററുകളിൽ ആളുകൾ ഇപ്പോഴും ചിത്രത്തിനായി എത്തുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
കളക്ഷനിൽ വമ്പൻ റെക്കോർഡുകൾ തൂത്തെറിഞ്ഞ തുടരും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. പല റെക്കോർഡുകളും ചിത്രത്തിന് മുന്നിൽ വഴിമാറി. ചിത്രം നിർമ്മിച്ചത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആയിരുന്നു. ഇതിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആവട്ടെ അദ്ദേഹത്തിന്റെ ഭാര്യയായ നടി ചിപ്പി രഞ്ജിതും ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിൽ പ്രതികരിക്കുകയാണ് ചിപ്പി.

ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന വിജയമായിരുന്നു 'തുടരും' എന്ന ചിത്രത്തിന്റേത് എന്നായിരുന്നു ചിപ്പി പറഞ്ഞത്. ചിത്രം വിജയിക്കുമെന്ന് ഉറപ്പായിരുന്നു എങ്കിലും ഇത്രയും വലിയ വിജയം നേടുമെന്ന് അറിയില്ലായിരുന്നു എന്നാണ് ചിപ്പി പറയുന്നത്. കൂടാതെ അവരുടെ കമ്പനിയുടെ അടുത്ത ചിത്രത്തിലും മോഹൻലാൽ തന്നെയാവുമോ നായകൻ എന്ന ചോദ്യത്തോടും ചിപ്പി പ്രതികരിച്ചു. വൺറ്റുടോക്‌സ് ചാനലിനോടായിരുന്നു അവരുടെ പ്രതികരണം.
ചിപ്പിയുടെ വാക്കുകൾ
വളരെ പ്രത്യേകത നിറഞ്ഞൊരു സമയമാണ് ഇത്. തുടരും എന്ന ചിത്രം ഒടിടിയിൽ ഇറങ്ങിയെങ്കിലും ഇപ്പോഴും ആളുകൾ തിയേറ്ററിൽ പോയി കാണുന്നുണ്ട്, അതിൽ സന്തോഷമുണ്ട്. ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞതിലും സന്തോഷമുണ്ട്. ഇറങ്ങുന്ന സമയത്ത് ഒന്നും അറിയില്ലലോ ഇങ്ങനെ ആവുമെന്ന്. ഹിറ്റ് ആവുമെന്ന് ഉറപ്പായിരുന്നു, പക്ഷേ ഇത്രയും വലിയ രീതിയിലേക്ക് പോവുമെന്ന് ഞങ്ങൾ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.
ഒരുപാട് പേരുടെ ഒത്തിരി നാളത്തെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം. ഓരോ പ്രോജക്റ്റ് വരുമ്പോഴും നമ്മൾ അതിന് വേണ്ടി പ്രാർത്ഥിക്കും. അത് അങ്ങനെയല്ലേ വേണ്ടത്. അതുപോലെ വരുന്നതും ഭാഗ്യമാണ്, പക്ഷേ അത് ഒരുപാട് പേരുടെ കഷ്‌ടപ്പാടിന്റെ ഫലമാണ്. അതിന് ശേഷം ഞാൻ ലാലേട്ടനെ കണ്ടിരുന്നു. ലാലേട്ടനും വളരെ സന്തോഷത്തോടെയാണ് ഉള്ളത്.
രജപുത്രയുടെ അടുത്ത പ്രോജക്റ്റ് ലാലേട്ടനെ വച്ചാണ് നടക്കുന്നതെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഇതുവരെ അങ്ങനെയുള്ള തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ഇതുവരെ സ്‌റ്റോറിയുടെ കാര്യങ്ങൾ വരെ മാത്രമേ എത്തിയിട്ടുള്ളൂ. അപ്പോൾ അത് കഴിഞ്ഞിട്ടല്ലേ ഏതാണ്, ആരാണ് എന്നൊക്കെ നമുക്ക് തീരുമാനിക്കാൻ കഴിയുകയുള്ളൂ. അങ്ങനെ നമ്മൾ അല്ലാതെ ഒരു ആർട്ടിസ്‌റ്റിന് ചേരാത്ത കഥ അദ്ദേഹത്തെ വച്ച് ചെയ്യുന്നത് ശരിയല്ലല്ലോ.
അപ്പൊ നമ്മൾ കഥയ്ക്ക് അനുസരിച്ചുള്ള ആളെ കണ്ടെത്തിയല്ലേ ചെയ്യുക. അതൊക്കെ ആ സമയത്ത് നമ്മൾ കാത്തിരിക്കണം. സിനിമയിലേക്ക് എനിക്ക് പല ഓഫറുകളും വരുന്നുണ്ട്. കുറച്ച് നാൾ മുൻപ് വരെ ഞാൻ വളരെ ബിസിയായിരുന്നു. സീരിയൽ ഒക്കെയായിട്ട് തിരക്കിലായിരുന്നു. സീരിയൽ അറിയാമല്ലോ ഒന്നോ രണ്ടോ വർഷം ഒക്കെയാണ് ഒരു സീരിയൽ ഉണ്ടാവുക.
അതിനിടയിൽ ബുദ്ധിമുട്ടാവും അവർക്കും എനിക്കും ഒക്കെ. അങ്ങനെ മാറ്റിവച്ചതാണ്, ഇപ്പോൾ നല്ലത് വന്നാൽ ചെയ്യും. മകൾ ഇപ്പോൾ തുടരുമിലും പിന്നെ ലൗ അണ്ടർ കൺസ്ട്രക്ഷൻ എന്ന വെബ് സീരിസിലും ക്രിയേറ്റിവ് ഡയറക്‌ടർ ആയി വർക്ക് ചെയ്‌തിരുന്നു. മോൾക്ക് അതാണ് താൽപര്യം, പഠിപ്പും തുടരുന്നുണ്ട്. രണ്ടും കൂടി ഒരുമിച്ച് ചെയ്യാൻ പറ്റുന്നുണ്ട്. പ്രോജക്റ്റുകളെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഇപ്പോൾ പറ്റില്ല.












Click it and Unblock the Notifications