ഉപ്പും മുളകിലേക്ക് നീലുവും ബാലുവും എപ്പോൾ മടങ്ങിവരും? വൻ അപ്‌ഡേറ്റുമായി രോഹിണി, മുടിയൻ വരുമോ?
മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. പത്ത് വർഷത്തിലേക്ക് കടന്നെങ്കിലും ഇന്നും പലർക്കും ഉപ്പും മുളകിനോട് പ്രത്യേക അടുപ്പമുണ്ട്. അടുത്തിടെ വീണ്ടും തുടങ്ങിയ പരമ്പര കൂടുതൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി മുന്നേറുകയാണ്. എന്നാൽ മൂന്നാം സീസണിലേക്ക് എത്തുമ്പോൾ ഒട്ടേറെ നിർണായക മാറ്റങ്ങളും സീരിയലിന് ഉണ്ടായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്ന്.
നിലവിൽ മുൻ സീസണുകളിലെ പ്രധാന കഥാപാത്രങ്ങളായ ബിജു സോപാനത്തിന്റെ ബാലുവും നിഷ സാരംഗിന്റെ നീലുവും വല്ലപ്പോഴും വന്നുപോവുന്ന നിലയിലാണ്. അടുത്ത് കഴിഞ്ഞ കുറച്ചധികം എപ്പിസോഡുകളിൽ ആവട്ടെ ഇവരുടെ അഭാവം വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്‌തിരുന്നു. ഇടയ്ക്ക് വന്ന വിവാദങ്ങളാണോ ഇവരെയൊക്കെ അകറ്റി നിർത്തുന്നത് എന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം.

ഇപ്പോഴിതാ ബാലുവും നീലുവും തിരികെ വരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി രോഹിണി രാഹുൽ. ഉപ്പും മുളകിലെ തന്റെ കഥാപാത്രമായ കനകത്തെ കുറിച്ച് രോഹിണി മനസ് തുറക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഇപ്പോൾ ബാലു, നീലു എന്നീ കഥാപാത്രങ്ങളുടെയും മുടിയന്റെ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിനും രോഹിണി മറുപടി നൽകിയത്. രോഹിണിയുടെ വാക്കുകൾ ഇതാ.
ഞാനൊരു പാലക്കാടുകാരിയാണ്. പഠിച്ചത് പാലക്കാട് വിക്ടോറിയ കോളേജിൽ ആയിരുന്നു. പിന്നെ ഐടി മേഖലയിൽ ബെംഗളുരുവിലും ചെന്നൈയിലും ജോലി ചെയ്‌തു. ആ ഒരു വയസിൽ ഇന്നത്തെ കാലത്ത് പോലെ ആയിരുന്നില്ല. ജാതകവും ജ്യോത്സ്യവും ഒക്കെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ജോലി ചെയ്യണം മുകളിലേക്ക് പോവണം എന്നൊക്കെയായിരുന്നു നമ്മുടെ മനസിൽ. എങ്കിലും അച്ഛനും അമ്മയും പറയുന്നത് എതിർക്കാറില്ല.
ആളുകൾ എന്നെ തിരിച്ചറിയുന്നതിൽ ഭയങ്കര സന്തോഷമുണ്ട്. കുഞ്ഞു മക്കളാണ് കൂടുതലും കനക ആന്റിയല്ലേ എന്നും ചോദിച്ചു വരുന്നത്. തമിഴിലൊക്കെയാണ് അവർ സംസാരിക്കുക. നീലു, ബാലു എന്നീ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് അവരുടെ തിരിച്ചുവരവിനെ കുറിച്ച് എനിക്ക് ഇപ്പോൾ ഒന്നും കൃത്യമായിട്ട് അറിയില്ല. പക്ഷേ അവർ എന്തായാലും വരുമെന്ന് തന്നെയാണ് പ്രതീക്ഷ. എങ്കിലും എപ്പോൾ വരുമെന്ന് ചോദിച്ചാൽ അറിയില്ല.
എനിക്ക് ഉപ്പും മുളകിലും ഏറ്റവും ഇഷ്‌ടം ലച്ചുവിനെയാണ്. എനിക്ക് ഒരു മദർലി ഫീലാണ്. ആള് ഭയങ്കര സ്ലിം ആണ്. അടിപൊളിയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. പിന്നെ സെറ്റിലെ എല്ലാവരും തമ്മിൽ നല്ല ബന്ധമാണ്. എല്ലാവരും നല്ല ആൾക്കാരാണ്. വളരെയധികം അടുപ്പമാണ്. എല്ലാവരും തമ്മിൽ മനസ് കൊണ്ടൊരു അടുപ്പമാണ്.
ഈ സെറ്റിൽ ഒത്തിരി മിസ് ചെയ്യുന്ന ആളാണ് വിഷ്‌ണു, നല്ല അടുപ്പമായിരുന്നു. ഇവിടെ നിന്ന് പോയ ശേഷം അവൻ ഭയങ്കര ബിസി അല്ലേ. ഇവിടെ നിന്ന് പോയ എല്ലാരും അങ്ങനെ തന്നെയാണ്, അതിന് ശേഷം ഭയങ്കര ഉയരത്തിൽ അല്ലേ. അവൻ വരുമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. എനിക്കതിൽ കൃത്യമായി ഒന്നും പറയാൻ പറ്റില്ല.












Click it and Unblock the Notifications