ബജറ്റ് വെറും 25 കോടി, കളക്ഷൻ 100 കോടി; പക്ഷേ ഈ ചിത്രം ചൈനയിൽ നിന്ന് 700 കോടി നേടിയേക്കും? ഇങ്ങനെ
ഈ വർഷം ഒട്ടേറെ മികച്ച ചിത്രങ്ങൾ തമിഴിൽ നിന്നും തിയേറ്ററുകളിൽ എത്തിയിരുന്നു. അതിൽ പലതും കളക്ഷൻ കൊണ്ടും കണ്ടന്റും കൊണ്ടും ഒരുപോലെ ഞെട്ടിച്ചവയാണ്. എന്നാൽ ബിഗ് ബജറ്റ് സൂപ്പർതാര ചിത്രങ്ങൾ പലതും ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞപ്പോൾ കോളിവുഡിന് ശരിക്കും തണലായത് മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ഒരു ത്രില്ലർ ചിത്രമായിരുന്നു. ഈ വർഷം തമിഴിലെ ഏറ്റവും ലാഭകരമായ ചിത്രങ്ങളിൽ ഒന്നായി അത് മാറുകയും ചെയ്‌തു.
തമിഴ് പ്രേക്ഷകർക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു കണ്ടന്റ് എന്നത് കൊണ്ട് തന്നെയാണ് ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടത്. മഹാരാജ എന്നായിരുന്നു ഈ സിനിമയുടെ പേര്. വിജയ് സേതുപതി, അനുരാഗ് കശ്യപ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഇത്. ഒരിടവേളയ്ക്ക് ശേഷം തമിഴ് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിച്ച സിനിമയാണ് മഹാരാജ.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയൊരു വിശേഷമാണ് പറയാനുള്ളത്. തമിഴിലും മറ്റ് ഭാഷകളിലും റിലീസ് ചെയ്‌ത ചിത്രം നേരത്തെ ഒടിടിയിലും വന്നിരുന്നു. എന്നാൽ അതിന് ശേഷവും പുതിയൊരു മാർക്കറ്റ് തേടി സിനിമ പ്രദർശനം നടത്താൻ ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഇന്ത്യയ്ക്ക് പുറത്തേക്കാണ് ചിത്രത്തെ അവതരിപ്പിക്കാൻ അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.
മറ്റെവിടെയുമല്ല ചൈനയിലാണ് ചിത്രം പ്രദർശനം നടത്താൻ ഒരുങ്ങുന്നത്. ഈ മാസം 29നാണ് ചൈനയിൽ ചിത്രം പ്രദർശനത്തിന് എത്തുക. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇന്ത്യയിൽ ലഭിച്ചതിനേക്കാൾ വൈഡ് റിലീസാണ് ചൈനീസ് മാർക്കറ്റിൽ മഹാരാജയെ കാത്തിരിക്കുന്നത്. ഏകദേശം 40000 സ്‌ക്രീനുകളിൽ സിനിമ പ്രദർശനത്തിന് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നേരത്തെ തമിഴിൽ റിലീസ് ചെയ്‌തപ്പോൾ ചിത്രത്തിന് ലഭിച്ചത് 100 കോടി കളക്ഷനായിരുന്നു. എന്നാൽ ചൈനീസ് മാർക്കറ്റിലേക്ക് ഇറങ്ങുമ്പോൾ അതിലും വലിയ സംഖ്യയാണ് സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ചിത്രം സ്വീകരിക്കപ്പെട്ടാൽ 700 കോടി കളക്ഷൻ എളുപ്പത്തിൽ നേടിയെടുക്കും എന്നാണ് ആരാധകർ അവകാശപ്പെടുന്നത്.
നേരത്തെ ആമിർ ഖാൻ നായകനായ ക്ലാസിക് ചിത്രം ദംഗൽ ചൈനീസ് മാർക്കറ്റിൽ വലിയ തരംഗം സൃഷ്‌ടിച്ചിരുന്നു. ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയത്. 1300 കോടി രൂപയാണ് ഈ ചിത്രം ചൈനയിൽ നിന്ന് കലക്‌ട് ചെയ്‌തത്. ഈ റെക്കോർഡ് വീഴ്ത്താൻ മഹാരാജയ്ക്ക് ആവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ഒരു ഇന്ത്യൻ സിനിമ ചൈനയിൽ 40,000 സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്നത് ഒരു സുപ്രധാന നേട്ടം തന്നെയാണ്. കുറഞ്ഞത് ഒരു സ്‌ക്രീനിൽ നിന്ന് 1000 ഡോളർ മുതൽ 3000 ഡോളർ വരെ ഒരു സ്‌ക്രീനിൽ നിന്ന് ഹിറ്റ് ചിത്രം നേടാറുണ്ട്. അങ്ങനെ നോക്കുമ്പോൾ മഹാരാജ ഹിറ്റായാൽ ഏകദേശം 80 മില്യൺ ഡോളറോളം കളക്ഷൻ നേടിയേക്കും, അതായത് 700 കോടി രൂപ. അതിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.












Click it and Unblock the Notifications