ആദിവാസികള്‍ ആയുധമെടുക്കുന്നു... 3
ഇനി കശ്മീര്‍ കേരളത്തിലും
കേരളത്തില്‍ ഒരു കശ്മീരോ തീവ്രവാദം വേരോടിയ ഒരു വടക്കുകിഴക്കന്‍ സംസ്ഥാനമോ രൂപം കൊള്ളുകയാണെന്ന് ആദിവാസികളെ കുറിച്ച് ഗഹനമായി പഠനം നടത്തുകയും 'കേരളത്തിലെ ആഫ്രിക്ക' എന്ന പ്രശസ്തമായ ഗ്രന്ഥത്തിന്റെ രചയിതാവുമായ കെ. പാനൂര്‍ കഴിഞ്ഞ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വയനാട് ജില്ലയില്‍ മാത്രം ആദിവാസി മേഖലയില്‍ 15ല്‍ അധികം സന്നദ്ധസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാരും ആദിവാസികളുടെ പട്ടിണിക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ലെന്നും പരാതിയുണ്ട്. കോടിക്കണക്കിന് രൂപ വിദേശസഹായം നേടുന്ന ഇവര്‍ക്ക് മറ്റ് പല ലക്ഷ്യങ്ങളുമുണ്ടെന്ന് ആദിവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
തലതിരിഞ്ഞ ആസൂത്രണമാണ് ആദിവാസികള്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. പട്ടികജാതി ഫണ്ട് ഉപയോഗിച്ച് 50 ലക്ഷം രൂപ വരെ ചെലവുള്ള റോഡുകളും പാലങ്ങളും ആദിവാസിക്കുടികള്‍ക്ക് സമീപം പണിയുന്നതിന് നാട്ടില്‍ നിന്നെത്തുന്ന തോട്ടം മുതലാളിമാര്‍ക്ക് കാറുപയോഗിക്കാനാണ്. കാട്ടുവഴികളിലൂടെ നടന്നു ശീലിച്ച ആദിവാസികള്‍ക്ക് ഇതിന്റെ ആവശ്യമില്ല. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ആദിവാസികള്‍ക്കായി യൂറോപ്യന്‍ ക്ലോസറ്റുള്ള കക്കൂസുകള്‍ സ്ഥാപിക്കാനും ആദിവാസി ഫണ്ടില്‍ നിന്നും പണം ചെലവാക്കിയിട്ടുണ്ട്.
ആദിവാസി ക്ഷേമത്തിനായി വിനിയോഗിക്കുന്ന തുക മുഴുവന്‍ ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുന്നതാണ് പതിവ്. ഇനിയും ഇത് തുടരാനാവില്ലെന്ന നിലപാടിലാണ് ആദിവാസി സംഘടനകള്‍. വയനാടന്‍ കാട്ടില്‍ വച്ച് കൊല്ലപ്പെട്ട നക്സല്‍ നേതാവ് വര്‍ഗീസും മറ്റും പകര്‍ന്നു കൊടുത്ത വിപ്ലവവീര്യം പട്ടിണികൊണ്ട് പൊറുതിമുട്ടുന്ന ആദിവാസികള്‍ എടുത്തുപയോഗിക്കുമെന്ന് സര്‍ക്കാരിനും ബോധ്യമുണ്ടെന്ന് വേണം കരുതാന്‍.












Click it and Unblock the Notifications