ഗജരാജന്റെ ഓര്‍മ്മയ്ക്ക് കാല്‍നൂറ്റാണ്ട്
കേശവന്‍ ചരിഞ്ഞതിന്റെ ഓര്‍മ്മയ്ക്ക് ശ്രീവത്സം ഗസ്റ് ഹൗസിന്റെ മുറ്റത്ത് സ്ഥാപിച്ച പ്രതിമയില്‍ ദേവസ്വം അധികൃതര്‍ നവമ്പര്‍ 25 ഞായറാഴ്ച പുഷ്ുചക്രം സമര്‍പ്പിച്ച് പ്രണമിക്കും. അന്ന് രാവിലെ 10 മണിക്ക് ഗുരുവായൂര്‍ ദേവസ്വത്തിലെ എല്ലാ ആനകളും പങ്കെടുക്കുന്ന സ്മൃതിയാത്രയ്ക്കു ശേഷം കൊമ്പനില്‍ കാരണവരായ പത്മനാഭന്‍, ഗുരുവായൂര്‍ കേശവന്റെ പ്രതിമയില്‍ പുഷ്പചക്രം സമര്‍പ്പിക്കും.
വൈകുന്നേരം കേശവന്റെ പ്രതിമയ്ക്ക് ചുറ്റും ദീപക്കാഴ്ചയൊരുക്കും. നിറഞ്ഞുകത്തുന്ന നിരവധി ദീപങ്ങള്‍ക്കു നടുവില്‍ കേശവന്റെ പ്രതിമയും ഒപ്പം ഓര്‍മ്മയും ശോഭിക്കും.
ഭക്തഹൃദയങ്ങളില്‍ ദൈവീക പരിവേഷമുള്ള കേശവന്‍ 55 വര്‍ഷം ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയിട്ടുണ്ട്. അതുല്യമായ പ്രശസ്തിയും അംഗീകാരവുമാണ് മരണം വരെയും അതിനു ശേഷവും കേശവനു ലഭിച്ചത്. 73 ാം വയസ്സിലാണ് കേശവന്‍ മണ്‍മറഞ്ഞത്.
ഭക്തഹൃദയങ്ങളില്‍ നിറഞ്ഞ കേശവന്‍......
നിലമ്പൂര്‍ കോവിലകമാണ് കേശവനെ ഗുരുവായൂരമ്പലത്തില്‍ നടയിരുത്തിയത്. 1922ല്‍. നിലമ്പൂര്‍ കാട്ടില്‍ നിന്നുമാണ് കോവിലകത്തിന് കേശവനെ കിട്ടിയത്. അന്ന് പേരുകേട്ട ഗുരുവായൂര്‍ പത്മനാഭന്റെ പിന്‍മുറക്കാരനായി അവിടെ കേശവന്‍ വളര്‍ന്നു.
തികഞ്ഞ ഗാംഭീര്യമായിരുന്നു എന്നും കേശവന്റെ നെറ്റിപ്പട്ടം. എഴുന്നെളളിക്കുന്ന ദിക്കിലെല്ലാം ഒന്നാമന്‍. മുന്‍കാലിലൂടെ പുറത്തു കയറാന്‍ തിടമ്പെടുക്കുന്നവര്‍ക്കു മാത്രം അനുമതി. യാത്രാവേലയില്‍ പാപ്പാന്‍മാരെ പുറത്തു കയറ്റില്ല. മദം ഇളകിയാലും ആരെയും ഉപദ്രവിക്കില്ല; ആരെയും കൊന്നിട്ടുമില്ല.
അനാവശ്യമായി പണിയെടുക്കാനും കേശവന്‍ ഇഷ്ടപ്പട്ടില്ല. രണ്ടു ദിവസം തുടര്‍ച്ചയായി പണിയെടുത്താല്‍ മൂന്നാം ദിനം വിശ്രമം നിര്‍ബന്ധം. ക്ഷേത്രത്തിലെ ഇപ്പൊഴത്തെ കൊടിമരത്തിനായി പടുകൂറ്റന്‍ മരം ചാവക്കാട്ടു നിന്നും ഒറ്റയ്ക്കു വലിച്ചു കൊണ്ടു വന്നതും കേശവന്‍ തന്നെ.
1973 ല്‍ കേശവന്റെ സപ്തതി ഗുരുവായൂരില്‍ വിപുലമായി ആഘോഷിച്ചു.
നാലമ്പലത്തിന്റെ പ്രധാന കവാടത്തിനു മുന്നില്‍ കേശവന്റെ കൊമ്പുകള്‍ സൂക്ഷിച്ചിട്ടുണ്ട്. തൊഴാനെത്തുന്ന പരകോടി ഭക്തരെ അവ അഭിവാദ്യം ചെയ്യുന്നു; അവരുടെ ഓര്‍മ്മകളില്‍ താനിന്നും തിടമ്പേറ്റി എഴുന്നെളളുന്ന കരിവീരനാണെന്ന ചാരിതാര്‍ത്ഥ്യത്തോടെ.












Click it and Unblock the Notifications