പത്മനാഭനും ഉമ്മന്‍ചാണ്ടിയും പറഞ്ഞത്...2
ഇനി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിമാരുടെയും പ്രസ്താവനകള്‍ കൂട്ടിവായിച്ചാല്‍ ചില കാര്യങ്ങള്‍ വെളിപ്പെടും. പക്ഷെ അത് സത്യമാണെങ്കില്‍ കേരളത്തിലെ രാഷ്ട്രീയത്തിലെ അരാജകത്വം വെളിപ്പെടും. അധികാരക്കസേരകള്‍ക്ക് വേണ്ടി ചോരപ്പുഴയൊഴുക്കാന്‍ മടിയില്ലാത്തവരായി കേരളത്തിലെ രാഷ്ട്രീയക്കാരും മാറിക്കഴിഞ്ഞെങ്കില്‍ വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കലാപങ്ങളുടേതായിരിക്കും എന്നു മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ. കലാപത്തിന് പിന്നില്‍ പിഡിപിയും ബിജെപിയും എന്‍ഡിഎഫും എല്ലാം കുറ്റക്കാര്‍തന്നെയാണ്. പക്ഷെ മന:പൂര്‍വം മതവികാരം ആളിക്കത്തിച്ച് കുരുതിച്ചോരയിലൂടെ ആരെങ്കിലും അധികാരത്തിന്റെ മനപ്പായസമുണ്ണുന്നുണ്ടെങ്കില്‍ ആ ഇരുട്ടിന്റെ ശക്തികളെ തുറന്നുകാണിക്കേണ്ടിയിരിക്കുന്നു.
പൊലീസ്നയം
ഇനി നമുക്ക് കേരളത്തിന്റെ പൊലീസ് നയത്തിലേക്ക് വരാം. കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിലെ പൊലീസിന് നേരെ ഇതുവരെയില്ലാത്ത കുറേ കുറ്റപ്പെടുത്തലുണ്ടായി. നായനാര്‍ ഇറങ്ങി ആന്റണി ഭരണത്തില്‍ കയറിയ അന്നുതുടങ്ങിയതാണ് പൊലീസിന്റെ കുഴപ്പങ്ങള്‍. പെട്ടെന്ന് പൊലീസിന് എന്താണ് സംഭവിച്ചത്. നേരത്തെയുള്ള പൊലീസുകാരൊക്കെത്തന്നെയാണ് ഇപ്പോഴും യൂണിഫോം ധരിച്ച് ക്രമസമാധാനം നടപ്പാക്കുന്നത്. ഭരണത്തലപ്പുത്തള്ളവര്‍ മാറിയാല്‍ പൊലീസിന് ഭ്രാന്തുപിടിക്കുമോ?.അതോ പൊലീസിനെ ആരെങ്കിലും മനപ്പൂര്‍വം ഭ്രാന്തുപിടിപ്പിക്കുകയാണോ? അങ്ങിനെയെങ്കില്‍ ആ ശക്തികളെ കണ്ടെത്താന്‍ ആഭ്യന്തരവകുപ്പ് കയ്യാളുന്ന ആന്റണിയ്ക്ക് കഴിയണം. അതിന് കഴിവില്ലെങ്കില്‍ ആന്റണി ഭരണമൊഴിയട്ടെ.
2












Click it and Unblock the Notifications