വെള്ളാപ്പള്ളിയെന്ന മുള്ള്
കേരള രാഷ്ട്രീയത്തില്‍ ഇന്ന് താരവില ഏറെയുളള നേതാവാണ് വെളളാപ്പളളി. ഇന്ന് എസ്എന്‍ഡിപി നേതാവാരെന്ന് ചോദിച്ചാല്‍ ഈഴവക്കുട്ടിയാകണമെന്നില്ല, ഏത് കുട്ടിയും മറുപടിപറയും. ഇദ്ദേഹം വാ തുറന്നാല്‍ ആറു കോളം ചിലവാക്കാന്‍ ഇപ്പോള്‍ പത്രങ്ങള്‍ മത്സരിക്കും. വാചകമേളകളില്‍ വെളളാപ്പളളി സൂക്തങ്ങള്‍ എല്ലാ ആഴ്ചയുമുണ്ടാകും. ഇപ്പോള്‍ കേരളം കറങ്ങുന്നത് ഈ ധൂമകേതുവിനു ചുറ്റുമാണ്. അധോലോക നായകനെന്ന് എതിരാളികള്‍ ആക്ഷേപിക്കുന്ന കേരളത്തിലെ 20ലക്ഷം വരുന്ന ഈഴവസമുദായത്തിന്റെ നായകന്‍.
പുതിയ കളളുനയം കേരളത്തില്‍ ചുഴലിക്കാറ്റായി ആഞ്ഞടിക്കാന്‍ മൂലകാരണം വെളളാപ്പളളിയാണ്. തിരഞ്ഞെടുപ്പു കാലത്ത് തുറന്നു പറയാത്ത ഒരു നിലപാടിലൂടെ ഞാണിന്മേല്‍ കളിച്ച വെളളാപ്പളളി പിന്നീട് യുഡിഎഫ് വിജയത്തിന്റെ ഉത്തരവാദിയായി. (പിന്തുണ ആര്‍ക്കെന്ന് തെളിച്ചു പറയാതെ സമുദായത്തെ ദ്രോഹിച്ചവരെ തോല്‍പ്പിക്കുക എന്നായിരുന്നു ലൈന്‍.) ആന്റണിക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ അത് കേരളത്തില്‍ നിര്‍ബാധം കള്ളൊഴുക്കാന്‍ ജനം തനിക്കു തന്ന സമ്മതിപത്രമാണെന്നു വാദിക്കാന്‍ ഒരു മടിയുമില്ലാത്ത അബ്കാരി നേതാവിനെ വെളളാപ്പളളിയില്‍ കേരളം കണ്ടു.
അക്ഷരാര്‍ത്ഥത്തില്‍ വെള്ളാപ്പള്ളിയെ കയ്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന നിലയിലാണിപ്പോള്‍ ആന്റണി . വെള്ളാപ്പള്ളിയെ പിണക്കിയതിന്റെ നഷ്ടം ഒരിക്കല്‍ അറിഞ്ഞവനാണ് ആന്റണി. അന്ന് ചാരായനിരോധനമായിരുന്നു വെള്ളാപ്പള്ളിയുടെ ആന്റണിയോടുള്ള നീരസത്തിന് കാരണം. അടുത്ത തിരഞ്ഞെടുപ്പില്‍ ഈഴവവോട്ടുകളും കാശുകൊടുത്ത് വാങ്ങിയ കുറെ വോട്ടുകളും ഇടതുമുന്നണിയ്ക്ക് മറിച്ച് കൊടുത്ത് വെള്ളാപ്പള്ളി ആന്റണിയെ കസേരയില്‍ നിന്നിറക്കി. വെള്ളാപ്പള്ളിക്ക് എതിരുപിടിച്ചിട്ടുള്ളതോ ബിഷപ്പുമാരും. ആന്റണി എന്തുചെയ്യും?.
പക്ഷെ ആന്റണിയുടെ ഇത്തരം സംശയമൊന്നും വെള്ളപ്പള്ളിയ്ക്കില്ല. ഉരുളയ്ക്ക് ഉപ്പേരി ചൂടാറാതെ. ഇതാണ് അദ്ദേഹത്തിന്റെ നയം. കള്ള്ഷാപ്പ് വ്യക്തികള്‍ക്ക് ലേലം ചെയ്തുകൊടുക്കരുതെന്ന് നിര്‍ബന്ധം പിടിച്ച ബിഷപ്പുമാര്‍ക്കെതിരെ മതത്തിന്റെ കാര്‍ഡിറക്കിയായിരുന്നു വെള്ളാപ്പള്ളിയുടെ യുദ്ധം. സ്വന്തം സമുദായത്തിലുള്ള വിദേശമദ്യരാജാക്കന്മാരെ സംരക്ഷിക്കുന്ന ബിഷപ്പുമാര്‍ കള്ള്കച്ചവടം നടത്തുന്ന പാവം ഈഴവരെ ശിക്ഷിക്കരുതെന്ന് പറഞ്ഞായിരുന്നു വെള്ളാപ്പള്ളിയുടെ ഗുണ്ട്. ഈ ഗുണ്ട് ശരിക്കും പൊട്ടി. ഇതിനെ തുടര്‍ന്ന് വെള്ളാപ്പള്ളിയ്ക്ക് മറുപടി പറയാന്‍ പാവം ബിഷപ്പ് സൂസപാക്യത്തിന് വാര്‍ത്താസമ്മേളനം നടത്തേണ്ടിവന്നു. തങ്ങള്‍ മദ്യത്തിനെതിരാണെന്നും വിദേശമദ്യക്കച്ചവടം നടത്തുന്ന തങ്ങളുടെ സമുദായത്തിലുള്ള 200 അബ്കാരികളോടും മദ്യവ്യാപാരം നിര്‍ത്താനാവശ്യപ്പെട്ടിട്ടുണ്ടെന്നും, അല്ലെങ്കില്‍ അവരെ സമുദായത്തില്‍ നിന്നും പുറത്താക്കുമെന്നും ബിഷപ്പ് സൂസപാക്യം പറഞ്ഞു. അതാണ് വെള്ളാപ്പള്ളി. ആരോപണശരങ്ങള്‍ കൊള്ളേണ്ടിടത്ത് കൊള്ളിക്കുന്നതാണ് ആ വാക്തന്ത്രം.
കെ.കെ.രാഹുലന്‍- ഗോപിനാഥന്‍ അച്ചുതണ്ടിനെ ദയനീയമായി പരാജയപ്പെടുത്തിയാണ് വെളളാപ്പളളി എസ്എന്‍ഡിപിയുടെ നേതൃത്വത്തിലെത്തിയത്. അന്ന് സിപിഎമ്മിന്റെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. പിന്നെ എല്ലാം വളരെപ്പെട്ടെന്നായിരുന്നു. ഗുരുദേവ വചനങ്ങള്‍ക്ക് ഇന്നുവരെ ആരും നല്‍കാന്‍ ധൈര്യപ്പെടാത്ത വ്യാഖ്യാനങ്ങളും ഈഴവന്റെ ഞരമ്പില്‍ തൊടുന്ന നിലപാടുകളുമായി അക്ഷരാര്‍ത്ഥത്തില്‍ വെളളാപ്പളളി കത്തിക്കയറി. ഈ കൊമ്പന്റെ മുന്നില്‍ മുട്ടു വിറച്ചവരില്‍ വി.എസ്. അച്യുതാനന്ദനുണ്ട്, എ.കെ.ആന്റണിയുണ്ട്. പിന്നെ സാക്ഷാന്‍ സുകുമാര്‍ അഴിക്കോടുമുണ്ട്.
വെളളാപ്പളളിയുടെ മാര്‍ഗം ലളിതമായിരുന്നു. സമൂഹത്തില്‍ ജാതിയുടെ സ്വാധീനം ഫലവത്തായി ഉപയോഗപ്പെടുത്തുക എന്നതാണ് ആ മാര്‍ം. ആരും പറയാന്‍ ധൈര്യപ്പെടാത്ത പലതും വെളളാപ്പളളി വെട്ടിത്തുറന്നു പറഞ്ഞു. സാധാരണ ഈഴവന്റെ മനസിലിടം നേടാന്‍ ഇതു ധാരാളമായിരുന്നു. ധനദേവത വേണ്ട വിധം പ്രസാദിച്ചിരുന്നതു കൊണ്ട് സംഘടനയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാകാനും അധികസമയം വേണ്ടിവന്നില്ല.
ഒരു ജാതി-ഈഴവ ജാതി, ഒരു മതം-ഈഴവ മതം, ഒരു ദൈവം ശ്രീനാരായണ ഗുരു. പ്രസിദ്ധമായ ഗുരുദേവ വാക്യത്തിന് പണ്ട് ഒരു രസികന്‍ ഇങ്ങനെയൊരു പാരഡി നിര്‍മ്മിച്ചു. എസ്.എന്‍.ഡി.പി തങ്ങളുടെ ആപ്തവാക്യമാക്കി ഇത് സ്വീകരിക്കുമെന്ന് അന്നയാള്‍ സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല. ശ്രീനാരായണ ധര്‍മ്മ പരിപാലനത്തിന് നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കി സര്‍വശ്രീ വെളളാപ്പളളി നടേശന്‍ മേല്‍ ചൊന്ന പാരഡിയെ സ്വന്തം സംഘടനയുടെ മുദ്രാവാക്യമാക്കി.
1












Click it and Unblock the Notifications