കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലിച്ചതും നീയേ ചാപ്പാ...

  • By Staff
Google Oneindia Malayalam News

കൊല്ലിച്ചതും നീയേ ചാപ്പാ...

കണ്ണൂര്‍ എംപിയായ അബ്ദുളളക്കുട്ടിക്ക് പാര്‍ട്ടി നല്‍കിയ പുതിയ സ്ഥാനക്കയറ്റ വാര്‍ത്ത കേട്ട നാട്ടുകാര്‍ വടക്കന്‍പാട്ടിലെ ഈ വരികളാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. രണ്‍ജി പണിക്കര്‍ ശൈലിയില്‍ പറഞ്ഞാല്‍ അരവയറൂണിന്റെ സമൃദ്ധിയില്‍ നിന്നും കുട്ടിയെ ആകാശം മുട്ടെ എടുത്തുയര്‍ത്തിയത് പാര്‍ട്ടി. ഇന്ദ്രപ്രസ്ഥത്തില്‍ നാലുപേരറിയുന്ന നിലയായപ്പോള്‍ കുട്ടിയെ തരംതാഴ്ത്തിയതും പാര്‍ട്ടി. മച്ചില്‍ ഏരിയാ കമ്മിറ്റിയില്‍ നിന്നും നാറാത്ത് ലോക്കല്‍ കമ്മിറ്റിയിലേയ്ക്ക്.

കുന്നില്‍ മുകളിലേയ്ക്ക് കല്ലുരുട്ടിക്കയറ്റി, ഉച്ചിയില്‍ നിന്നത് താഴേക്കുരുട്ടി പൊട്ടിച്ചിരിക്കുന്ന ഒരു പഴയ കഥാപാത്രമുണ്ട്. കക്ഷിയുടെ സ്ഥലപ്പേരും മച്ചില്‍ ഏരിയാകമ്മിറ്റിയില്‍ നിന്നും കുട്ടി വീണസ്ഥലവുമായി ഒരു ണ യുടെ അകലമേയുള്ളൂ. വീണ അബ്ദുളളക്കുട്ടിയെ കല്ലായി സങ്കല്പിച്ചാല്‍ പാര്‍ട്ടി.......?

പിള്ളേരെയും പട്ടിക്കുട്ടികളെയും അടുപ്പിക്കരുതെന്നാണ് പഴമൊഴി. അത് ശരിയാണെന്ന് പാര്‍ട്ടിയിലെ പഴമക്കാര്‍ അടക്കം പറയുന്നു. ഒന്നുറപ്പാണ്, യുവാക്കള്‍ക്ക് സിപിഎമ്മില്‍ കാലുറയ്ക്കുന്നില്ല. അഥവാ ഉയര്‍ന്ന പദവിയിലേയ്ക്ക് പാര്‍ട്ടി എടുത്തുയര്‍ത്തുന്ന രണധീരന്മാരെ കാലുറപ്പിക്കാന്‍ പാര്‍ട്ടിയിലെ തലനരച്ചവര്‍ അനുവദിക്കുന്നില്ല.

എന്തൊരു വരവായിരുന്നു അബ്ദുല്ലക്കുട്ടിയുടേത്. അജയ്യനായ മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂരില്‍ തറപറ്റിക്കുമ്പോള്‍ അബ്ദുള്ളക്കുട്ടി ശരിക്കും കുട്ടിയായിരുന്നു. എസ്എഫ്ഐ കളിച്ചുനടക്കുന്ന പയ്യന്‍. അന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നിഗ്രഹിച്ച അവതാരപുരുഷന്റെ തിളക്കമായിരുന്നു അബ്ദുള്ളക്കുട്ടിക്ക്.

പക്ഷെ എത്രപെട്ടെന്നാണ് അബ്ദുള്ളക്കുട്ടിയ്ക്ക് വില്ലന്‍പരിവേഷം വന്നത്. പാര്‍ട്ടി പറയുന്ന കാരണമെന്താണ്?പയ്യന് പാര്‍ലമെന്ററി വ്യാമോഹം എന്ന രോഗം ബാധിച്ചിരിക്കുന്നു. പള്ളിക്കുന്ന് ഹൗസിംഗ് കോളനിയില്‍ അബ്ദുള്ളക്കുട്ടി ലക്ഷങ്ങള്‍ മുടക്കി വീട് നിര്‍മ്മിക്കുന്നുവത്രെ. പാര്‍ലമെന്ററി വ്യാമോഹം എന്ന ഈ രോഗം പാര്‍ട്ടിയിലെ തലനരച്ചവര്‍ക്ക് മാത്രമേ ആകാവൂ എന്ന് അബ്ദുല്ലക്കുട്ടീ നീ മനസ്സിലാക്കാഞ്ഞതെന്തേ? കഷ്ടം.

കുട്ടിയുടെ വലിയ നേതാവ് ഇ.പി.ജയരാജന്‍ വന്‍തുക മുടക്കി വീടു വയ്ക്കുന്നു എന്നാരോ പറഞ്ഞപ്പോള്‍ അച്യുതാനന്ദന്‍ പറഞ്ഞ മറുപടി ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. നല്ല വീടു വയ്ക്കണമെങ്കില്‍ ഇക്കാലത്ത് അത്രയൊക്കെചെലവാകുമെന്നായിരുന്നു ഉശിരന്‍ മറുപടി. അതേ ജയരാജനാണ് പാര്‍ട്ടിയുടെ കണ്ണൂര്‍ സെക്രട്ടറി. നായനാര്‍ മകളുടെ വിവാഹം നടത്തിയത് പൊന്നില്‍ കുളിപ്പിച്ചാണ്. വിഎസ് മകനെ ഇംഗ്ലീഷ്മീഡിയം സ്കൂളില്‍ ചേര്‍ത്തു. നല്ല നിലയിലാക്കി. മോനെ അബ്ദുല്ലക്കുട്ടീ നേതാക്കന്മാരെ അങ്ങിനെയങ്ങ് അനുകരിക്കാമോ? നിനക്കറിഞ്ഞുകൂടേ ശിവരാമന്റെ കഥ.

കൊട്ടും കുരവയുമിട്ട് ഇതുപോലെ പണ്ട് പാലക്കാട്ടുകാര്‍ തിരഞ്ഞെടുത്ത എംപിയായ ശിവരാമനും അന്ന് പ്രായം കൊണ്ട് കുട്ടിയായിരുന്നു. പുള്ളി പോയ വഴി പോലും ഇന്നാര്‍ക്കും അറിയില്ല. ഒരു വമ്പനെ ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് ഒറ്റപ്പാലത്തു വച്ച് തോല്‍പിച്ചുള്ള ആ വരവ് ഒരു വരവായിരുന്നു. പക്ഷേ, ശിവരാമനെ പാര്‍ട്ടി പുല്ലുപോലെ വലിച്ചെറിഞ്ഞു. ശിവരാമനും രോഗം പാര്‍ലമെന്ററിവ്യാമോഹമായിരുന്നുവെന്ന് പാര്‍ട്ടി പറയുന്നു.

സമ്പത്തിനെ സാക്ഷാല്‍ നായനാര്‍ തെരുവില്‍ തെറിപറഞ്ഞാണ് പിരിച്ചു വിട്ടത്. പോരെങ്കില്‍ യോഗ്യത കുറവാണെന്ന് അന്ന് അച്യുതാനന്ദന്‍ കണ്ടുപിടിക്കുകയും ചെയ്തു. ആഞ്ചലോസിനെ മീന്‍പെറുക്കിച്ചെക്കന്‍ എന്നു വിളിക്കാനുളള ഭാഗ്യമുണ്ടായതും പുന്നപ്ര വീരനു തന്നെ.

പുതുതായി ഓരോ യുവവീരന്മാരെ അവതരിപ്പിക്കുമ്പോള്‍ പാര്‍ട്ടി പത്രം ചാര്‍ത്തുന്ന യോഗ്യതവായിച്ചാല്‍ ഒരുമാതിരിപ്പെട്ടവരൊക്കെ വിപ്ലവം നടത്തുക തന്നെ ചെയ്യും. എന്തായാലും അബ്ദുള്ളക്കുട്ടീ, തല്ക്കാലം നീ അനുഭവങ്ങളില്‍ നിന്ന് പഠിക്കുക. നിന്റെ അനുജന്മാര്‍ക്കെങ്കിലും നിന്റെ കഥ പറഞ്ഞുകൊടുക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X