കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീ, ആ വടി ഇവിടെ വേണോ?

  • By Staff
Google Oneindia Malayalam News

മുരളീ, ആ വടി ഇവിടെ വേണോ?

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായ അന്നു മുതല്‍ മുരളീധരന്‍ ആ വടിയുമായി നടക്കുകയാണ്. പക്ഷെ അത് ആരുടെ മേലും പ്രയോഗിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല.

അച്ചടക്കത്തിന്റെ ചൂരലുംവീശി കുറേനാളുകളായി മുരളീധരന്‍ മാഷ് ദില്ലിയ്ക്കും തിരിച്ചും പറന്നുതുടങ്ങിയിട്ട് . രാമചന്ദ്രന്‍മാസ്ററെയും സുധീരനെയും ഷാനവാസിനെയും ഉള്‍പ്പെടെ പലരെയും അടിക്കും തുടപൊട്ടിക്കും എന്നൊക്കെ വാര്‍ത്താസമ്മേളനങ്ങളില്‍ തന്നെ വീരവാദവും മുഴക്കിയിട്ടുണ്ട്. ആ ചൂരല്‍ കൊണ്ടൊരു അടി കിട്ടിയവരായി ഇന്നുവരെ കോണ്‍ഗ്രസില്‍ ആരുമില്ല.

കോണ്‍ഗ്രസില്‍ ആ ചൂരല്‍ വിലപ്പോകില്ലെന്നറിഞ്ഞ് അതിനെ അടുപ്പില്‍ വയ്ക്കുന്നതിനു പകരം വീണ്ടുമിതാ മുരളി ദില്ലിയ്ക്ക് തിരിച്ചിരിക്കുന്നു. ഇക്കുറിയും മുരളിമാസ്ററുടെ ചൂരല്‍ നീളുന്നത് അച്ചടക്കം ലംഘിച്ച രാമചന്ദ്രന്‍ മാസ്റര്‍ എന്ന കല്പറ്റയിലെ കുട്ടിയുടെ നേര്‍ക്കാണ്.

രാമചന്ദ്രന്‍മാസ്റര്‍ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുക്കാതെ വയനാട്ടില്‍ കേന്ദ്രമന്ത്രി രാജഗോപാലിനെ സ്വീകരിക്കാന്‍ പോയി എന്നതാണ് കുറ്റം. കെപിസിസിയില്‍ പങ്കെടുത്തിട്ട് മലമറിക്കാനൊന്നും പോകുന്നില്ലെന്ന് നന്നായറിയാവുന്നതുകൊണ്ടാണ് മാസ്റര്‍ ജനങ്ങള്‍ ഉപകാരപ്പെടുന്ന ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. നിലമ്പൂര്‍-നഞ്ചങ്കോട് റെയില്‍പാത കൊണ്ടുവരുന്ന കാര്യം നടക്കുമോയെന്നറിയാം എന്നുകൂടി കരുതിയാണ് രാമചന്ദ്രന്‍മാസ്റര്‍ കേന്ദ്രമന്ത്രിയെ സ്വീകരിക്കാന്‍ പോയത്. പാതയുടെ പുതിയ സര്‍വേയ്ക്കുവേണ്ടി. ഈ പാത യാഥാര്‍ത്ഥ്യമാക്കാന്‍ കുറെക്കാലമായി മാസ്റര്‍ തെക്കോട്ടും വടക്കോട്ടും നടക്കുകയാണ്. അതിനിടയിലാണ് മുരളീധരന്റെ കമന്റ്: ഈ പാതയ്ക്ക് വേണ്ടി മുന്‍പ് രണ്ടു സര്‍വേ കഴിഞ്ഞതാണ്. ഇനി പുതിയൊരു സര്‍വേകൊണ്ടെന്തു കാര്യം? മുരളിയുടെ ഈ അധിക്ഷേപം കേട്ടപ്പോള്‍ മാസ്ററുടെ മനസ്സ് നൊന്തു.

അപ്പോള്‍ അദ്ദേഹം ചില കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. കേന്ദ്രമന്ത്രി പങ്കെടുത്ത ആ യോഗത്തില്‍ അധ്യക്ഷത വഹിച്ചത് കെ.സി. റോസക്കുട്ടിയാണ്. അവര്‍ ഐഗ്രൂപ്പുകാരിയായതുകൊണ്ടാണോ അവര്‍ക്കെതിരെ മുരളി ശബ്ദിക്കാത്തതെന്നായിരുന്നു മാസ്ററുടെ ആദ്യ ചോദ്യം. അന്ന് നടന്ന കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ പി.പി. തങ്കച്ചനും പങ്കെടുത്തിരുന്നില്ല. തങ്കച്ചന്‍ ഐ ഗ്രൂപ്പുകാരനായതുകൊണ്ടാണോ മുരളി വിമര്‍ശിക്കാതിരുന്നത്?

പിന്നെ തന്നെക്കാള്‍ നാലിരട്ടി വായില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കരുണാകനെതിരെ അച്ചടക്കനടപടിയില്ലാത്തതെന്തുകൊണ്ട്? സര്‍ക്കാരിനെതിരെ തുറന്ന കത്തയച്ച സുധീരനെ അടിക്കാത്തതെന്തേ? മുരളിയുടെ തിരുവനന്തുപരത്തെ വീട്ടിലാണല്ലോ ഐ ഗ്രൂപ്പുകാര്‍ ഇപ്പോഴും യോഗം ചേരുന്നുണ്ടല്ലോ? അച്ഛനും മകനും തമ്മില്‍ യാതൊരു അഭിപ്രായഭിന്നതയുമിില്ലെന്നും മുരളിയുടെ ഇമേജ് ബില്‍ഡിംഗ് എക്സര്‍സൈസാണ് കരുണാകരന്‍ നടത്തുന്നതെന്നും രാമചന്ദ്രന്‍മാസ്റര്‍ തുറന്നടിച്ചു. മുരളി വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെ നടപടിയെടുക്കും എന്നു പറഞ്ഞതുകൊണ്ടാണ് മിതമായ ഭാഷയില്‍ ഞാന്‍ ചില കാര്യങ്ങള്‍ ചോദിച്ചത് എന്നതാണ് ഇതിനുള്ള മാസ്ററുടെ വിശദീകരണം.

എന്നാല്‍ മാസ്ററുടെ വിമര്‍ശനങ്ങള്‍ കുറച്ച് കടുത്തതായിപ്പോയില്ലേ? മുരളീധരന്‍ എംപിയായിരുന്നപ്പോള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിപിഎം കാര്‍ പോലും വിമര്‍ശനമുന്നയിച്ചിരുന്നില്ലത്രെ. എന്നിട്ടാണ് എം പി എന്ന നിലയില്‍ മുരളിയുടെ പ്രവര്‍ത്തനം മോശമായിരുന്നു എന്നു പോലും രാമചന്ദ്രന്‍ മാസ്റര്‍ പറഞ്ഞു. തന്റെ കല്പറ്റ സീറ്റ് തട്ടിയെടുക്കലാണ് മുരളിയുടെ ഗൂഡോദ്ദേശ്യം എന്നും മാസ്റര്‍ തട്ടിവിട്ടിരുന്നു.

എന്തായാലും കരുണാകരനെതിരെ നടപടിയെടുക്കാത്തതിന് മുരളിയ്ക്ക് ന്യായീകരണമുണ്ട്. കാരണം കരുണാകരന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം പാര്‍ട്ടിയോഗങ്ങളില്‍ മാത്രമാണെന്നാണ്.

ഇതൊക്കെ സോണിയയോട് പറഞ്ഞുകൊടുക്കുമെന്ന് ആണയിട്ടുകൊണ്ടാണ് മുരളി ദില്ലിയ്ക്ക് പോയിരിക്കുന്നത്. ചെണ്ട ചെന്ന് മദ്ദളത്തോടെന്നപോലാണത്. അവിടെ ഗ്രൂപ്പുകളുടെ ശല്യം സഹിയ്ക്കവയ്യാതെ ഇരിയ്ക്കുകയാണ് സാക്ഷാല്‍ സോണിയ. അതിനിടയ്ക്കാണ് ഒരു കേരളക്കാരന്റെ വിമര്‍ശനം. നേരത്തെ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ തുറന്ന കത്തയച്ച സുധീരനെതിരെയും കരുണാകരനെ വിമര്‍ശിച്ച വയലാര്‍ രവിയ്ക്കെതിരെയും അച്ചടക്കനടപടിയെടുക്കുമെന്ന് വീമ്പിളക്കിയിട്ട് മുരളിയ്ക്ക് അവരുടെ പൂടയില്‍ പോലും തൊടാന്‍ കഴിഞ്ഞില്ല.

മുരളീധരന്‍ ഈ അച്ചടക്കത്തിന്റെ ചൂരല്‍ വീശിയതുകൊണ്ട് ഇന്നുവരെ കോണ്‍ഗ്രസിലെ പരസ്യവിമര്‍ശനം കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, കൂടിയിട്ടേയുള്ളൂ. കേരളത്തിലെ കോണ്‍ഗ്രസിന്റെ രക്തത്തിലലിഞ്ഞുപോയ സംഗതികളാണ് ഗ്രൂപ്പും പരസ്യവഴക്കുകളും. ആവശ്യമുള്ളപ്പോള്‍ അവര്‍ തമ്മില്‍ തമ്മില്‍ അത് പറഞ്ഞുതീര്‍ക്കുകയും ചെയ്യും. ഇനി മുരളി മീശ പിരിച്ച് ചൂരല്‍ വീശിയതുകൊണ്ടൊന്നും അതില്ലാതാവുകയില്ല. എത്ര ഹൈക്കമാന്റ് ഉത്തരവുകള്‍ വന്നാലും കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X