കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരെ ചേമ്പര്‍ കുരച്ചു ചാടുമ്പോള്‍...

  • By Staff
Google Oneindia Malayalam News

നടന്‍ ദിലീപിനു നേരെയുളള ഈ കുരച്ചു ചാട്ടം കേരളത്തിലെ സാമാന്യ ജനത്തോടും നീതിന്യായ വ്യവസ്ഥയോടുമുളള കുരച്ചു ചാട്ടമാണ്. വണ്ടിച്ചെക്കു നല്‍കുക എന്നത് ക്രിമിനല്‍ കുറ്റമാണ്. ആ കുറ്റം ചെയ്തയാള്‍ക്കു നേരെ കോടതി നടപടിയെടുത്താല്‍ പരാതി നല്‍കിയവനില്‍ നിന്നും 20 ലക്ഷം രൂപ പിഴ ഈടാക്കുമത്രേ. തമ്പുരാക്കന്‍മാര്‍ ഇരുന്നരുളുന്ന കൊട്ടാരത്തിനകത്ത് വിളിച്ചു വരുത്തി മാപ്പു പറയിക്കുമത്രേ.

ആരാണ് ഈ ചേമ്പര്‍ വമ്പന്‍മാര്‍? കേരളത്തിലെ സര്‍ക്കാരും അമേരിക്കയെയും ഐക്യരാഷ്ട്രസഭയെയും വേണ്ടതിനും വേണ്ടാത്തതിനും വിമര്‍ശിക്കുന്ന ട്രേഡ് യൂണിയന്‍ നേതാക്കളുമൊക്കെ എവിടെയാണ്. കേരളത്തില്‍ കുറേ ഭ്രാന്തന്‍മാര്‍ അപകടകരമായ തീരുമാനവുമായി കോടതിയെയും നീതിബോധത്തെയും വെല്ലുവിളിയ്ക്കുന്നത് അവര്‍ കാണുന്നില്ലേ?

കിട്ടാനുളള പ്രതിഫലം വണ്ടിച്ചെക്കായി നല്‍കിയതിനാണ് ദിനേശ് പണിക്കര്‍ക്കെതിരെ ദിലീപിന്റെ സഹോദരന്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷമായി തുടരുന്ന കേസില്‍ സമന്‍സ് കൈപ്പറ്റാതിരുന്നതിനാണ് കോടതി ദിനേശിനെ ജയിലടച്ചത്. കേസ് നല്‍കിയതിനെതിരെയാണു പോലും നടപടി. സംഘടനയുടെ കൈയ്യൂക്കിന്റെ പേരില്‍ ഫിലിം ചേമ്പര്‍ ആവശ്യപ്പെടുന്നത് രണ്ടു കാര്യമാണെന്ന് ഇതില്‍ നിന്നും അനുമാനിക്കാം.

ഒന്ന്) വണ്ടിച്ചെക്കു കിട്ടിയാലും താരങ്ങള്‍ പരാതിപ്പെടാന്‍ പാടില്ല. കിട്ടിയതും വാങ്ങി മിണ്ടാതിരുന്നോളണം.

രണ്ട്) സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ കോടതി അറസ്റു വാറണ്ട് പുറപ്പെടുവിക്കാന്‍ പാടില്ലാത്തതാകുന്നു. അങ്ങനെ ചെയ്താല്‍ പരാതി നല്‍കിയ താരത്തെയോ പാവത്തിന്റെ ബന്ധുക്കളെയോ ശിക്ഷിച്ചു കളയും.

തൊഴിലിനെയും തൊഴിലാളികളുടെ അവകാശങ്ങളെയും കുറിച്ച് അപക്വമായ ധാരണകള്‍ വച്ചു പുലര്‍ത്തുന്ന അസല്‍ മുതലാളിമാരാണ് ചേമ്പന്റെ ഭാരവാഹികള്‍ എന്നത് അവരുടെ ഓരോ പെരുമാറ്റവും വ്യക്തമാക്കുന്നു. സിനിമാ താരങ്ങള്‍ ടിവി അഭിമുഖം നല്‍കാന്‍ പാടില്ലെന്ന് വിലക്കു പ്രഖ്യാപിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ നിഷേധിച്ചത് ദൃശ്യമാദ്ധ്യമ പ്രവര്‍ത്തകരുടെ അവകാശത്തെയാണ്. മറ്റൊരാള്‍ എങ്ങനെ പെരുമാറണമെന്ന് ശഠിയ്ക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത് എന്ന ചോദ്യം അന്നുമുതലേ ഉയര്‍ന്നതുമാണ്.

തങ്ങളുടെ തീരുമാനം അന്തിമമാണ്. അതിനെയൊക്കെ ആരും ചോദ്യം ചെയ്യാതെ അനുസരിച്ചു കൊളളണമെന്ന ധാര്‍ഷ്ട്യം ചേമ്പര്‍കാരുടെ പെരുമാറ്റത്തിലുണ്ട്. അമ്മയുടെ പ്രസിഡന്റ് താരങ്ങള്‍ക്കു വേണ്ടി പ്രതികരിച്ചപ്പോള്‍ അങ്ങനെ പറയാന്‍ ഇന്നസെന്റിനെന്തവകാശം എന്നാണ് ഒരു ചേമ്പര്‍ വങ്കന്‍ ചോദിച്ചത്.

താരങ്ങളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിച്ച മന്ത്രി കെ. ബി. ഗണേഷ് കുമാറിനോടും മാന്യമായല്ല ചേമ്പര്‍ പ്രതികരിച്ചത്. അനന്തമായ അധികാരാവകാശങ്ങളുളള ഏതോ സ്ഥാപനമാണ് കേരള ഫിലിം ചേമ്പര്‍ എന്ന ധാരണയാണ് അതിന്റെ തലപ്പത്തുളളവരെ ഭരിക്കുന്നത്. ഇത് കേരളമാണെന്നും ഇവിടെ ചട്ടമ്പിത്തരങ്ങള്‍ സിനിമയിലേ നടക്കൂ എന്നും അവര്‍ക്ക് ഇനിയും മനസിലായിട്ടില്ല. അങ്ങനെയല്ല കാര്യങ്ങള്‍ എന്ന് അവരെ മനസിലാക്കിക്കൊടുക്കേണ്ട ചുമതല സിനിമ കാണുന്നവര്‍ക്കുളളതാണ്. ആര് അഭിനയിക്കണം എന്ന് ചേമ്പര്‍ തീരുമാനിക്കുമെങ്കില്‍ തീയേറ്ററുകളില്‍ സിനിമ ഓടണോ എന്ന് ജനവും തീരുമാനിക്കട്ടേ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X