ഒടുവില്‍ തോക്കിന്‍മുന ജ്യോത്സ്യന് നേരെ
കേരളത്തിലെയും തമിഴ്നാട്ടിലെയും ഡിജിപിമാരാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുള്ളതിനാല്‍ പണിക്കര്‍ക്ക് ഇസെഡ് പ്ലസ് വിഭാഗത്തിലുള്ള സുരക്ഷ നല്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് 24 മണിക്കൂര്‍ നേരവും പൊലീസുദ്യോഗസ്ഥരുടെ സംരക്ഷണമുണ്ടായിരിക്കും. പണിക്കര്‍ ഇന്ത്യയ്ക്കകത്ത് നടത്തുന്ന എല്ലാ യാത്രകളിലും സുരക്ഷാഉദ്യോഗസ്ഥരായ പൊലീസുകാരും അദ്ദേഹത്തെ അനുഗമിക്കും.
ജയലളിതയുമായുള്ള അടുത്തബന്ധം ഉപയോഗിച്ച് മദനിയെ കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ പണിക്കര്‍ കൂട്ടുനില്ക്കാത്തതിനാലാണ് പിഡിപി ഇദ്ദേഹത്തിനെതിരെ വധഭീഷണി ഉയര്‍ത്തിയിട്ടുള്ളത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന മദനിയെ മോചിപ്പിക്കാന്‍ ജയലളിതയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് പലകുറി പണിക്കരെ പിഡിപിക്കാര്‍ ഫോണില്‍ വിളിച്ച് നിര്‍ബന്ധംചെലുത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പണിക്കര്‍ക്കെതിരെ പല ഭാഗങ്ങളില്‍ നിന്നും ഫോണിലൂടെ വധഭീഷണി വരുന്നതായി പൊലീസ് പറയുന്നു. കുറെ നാളുകളായി തനിക്ക് കത്തുവഴിയും ഫോണ്‍വഴിയും തമിഴിലും മലയാളത്തിലും വധഭീഷണികള്‍ വരുന്നുണ്ടെന്ന് ഔദ്യോഗികാവശ്യത്തിന് തഞ്ചാവൂരില്‍ എത്തിയ പണിക്കര്‍ പറഞ്ഞു. കൂടുതലൊന്നും ഞാന്‍ പറയില്ല. പൊലീസ് എന്നോട് ഇതേക്കുറിച്ച് യാതൊന്നും പറയരുതെന്ന് വിലക്കിയിട്ടുണ്ട്.
ജയയുടെ ജ്യോത്സ്യന്‍
ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗ, തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത, കര്‍ണ്ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ തുടങ്ങിയ പ്രമുഖരുടെയും മറ്റ്ചില ബിസിനസ്സുകാരുടെയും ജ്യോത്സ്യനായതോടെയാണ് പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നത്. ജയലളിത വന്‍ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് ജയിച്ചുവരുമെന്നും വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ഉള്ള പണിക്കരുടെ പ്രവചനമാണ് അദ്ദേഹത്തെ ജയലളിതയുടെ സ്നേഹപാത്രമാക്കിയത്. അതിനു ശേഷം പണിക്കരുടെ ഉപദേശപ്രകാരം ജയലളിത ഗുരുവായൂരില്‍ ആനയെ നടയിരുത്തിയതും കണ്ണൂര്‍ തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ സ്വര്‍ണ്ണമൊന്ത സമ്മാനിച്ചതും തിരൂര്‍ ആലത്തിയൂര്‍ ഹനുമാന്‍ക്ഷേത്രം സന്ദര്‍ശിച്ചതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ആലത്തിയൂര്‍ ക്ഷേത്രം പുതുക്കിപ്പണിയാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഒരു കോടിയാണ് നല്കുന്നത്. ഇതിനായി തമിഴ്നാട്ടില്‍ നിന്ന് ഒരു സംഘം അടുത്തയാഴ്ച തിരൂരിലെത്തും.
കന്നട നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍, രാജ്കുമാറിന്റെ കുടുംബം പണിക്കരുടെ സഹായം തേടിയിരുന്നു. വീരപ്പന്‍ കന്നടനടന്‍ രാജ്കുമാറിനെ മോചിപ്പിക്കുന്ന ദിവസം പണിക്കര്‍ കൃത്യമായി പ്രവചിക്കുകയും ചെയ്തിരുന്നു. ഈ പ്രവചനം ശരിയായതോടെ ഇദ്ദേഹം കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണയുമായും കൂടുതല്‍ അടുത്തിരിക്കുന്നു.
തമിഴ്പുലികളുടെ ശത്രു...
ചന്ദ്രികാ കുമാരതുംഗെയ്ക്ക് പണിക്കര്‍ നല്കിയ ഉപദേശമാണത്രെ അദ്ദേഹത്തെ തമിഴ്പുലികളുടെ ശത്രുവാക്കിയത്. ശ്രീലങ്കയില്‍ ജീര്‍ണ്ണിച്ചുകിടക്കുന്ന ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായാല്‍ അവിടത്തെ ആഭ്യന്തരയുദ്ധം അവസാനിക്കുമെന്ന് പണിക്കര്‍ ഉപദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അടിയന്തരമായി ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിന്റെ പണി പുരോഗമിക്കും തോറും ലങ്കയില്‍ സമാധാനത്തിന്റെ കാറ്റുവീശാന്‍ തുടങ്ങിയിട്ടുണ്ട്.
ഈ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണസമിതിയില്‍ പണിക്കര്‍ സെക്രട്ടറിയാണ്. ശ്രീലങ്കന്‍ സര്‍ക്കാര്‍ തന്നെയാണ് പണിക്കര്‍ക്ക് ഈ സ്ഥാനം നല്കിയിരിക്കുന്നത്. ഇതാണ് പണിക്കരെ പുലികളുടെ ശത്രുവാക്കിയത്. മരുമലര്‍ച്ചി നേതാവ് വൈകോയെ ജയലളിത അറസ്റ് ചെയ്തതും അഷ്ടമംഗല്യപ്രശ്നപ്രകാരം പണിക്കര്‍ നല്കിയ ഉപദേശപ്രകാരമാണെന്നും പ്രചാരണമുണ്ട്. ഇതും വൈകോയുമായി മാനസികമായി അടുപ്പമുള്ള എല്‍ടിടിഇയുടെ പ്രകോപനത്തിന് കാരണമായി.












Click it and Unblock the Notifications