ഇന്‍ഫോസിസിന് കളങ്കമായി മറ്റേ മൂര്‍ത്തി
1999 ഒക്ടോബറിനും 2000 ഡിസംബറിനും ഇടയിലാണ് ഫനീഷ് മൂര്‍ത്തി ബള്‍ഗേറിയയില്‍ വേരുകളുള്ള 30 കാരിയായ രേഖ മാക്സിമോവിച്ചിനെ ലൈംഗികവേഴ്ചയ്ക്കായി പ്രേരിപ്പിക്കുന്നത്. ജോലി നഷ്ടപ്പെടുമെന്ന് ഭയന്നതിനാലും മറ്റെവിടെയും ജോലികിട്ടാന്‍ സാധ്യതയില്ലാത്തതിനാലും ഒരു തവണ ഫനീഷ് മൂര്‍ത്തിയുമായി നിരാശാജനകമായ ലൈംഗികവേഴ്ചയുണ്ടായി - ഓക്ലാന്റില്‍ താമസിക്കുന്ന രേഖ മാക്സിമോവിച്ചിന്റെ എട്ട് പേജുള്ള പരാതിയില്‍ ഇങ്ങിനെ പറയുന്നു.
പിന്നീട് ഫനീഷ് മൂര്‍ത്തിയുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദം സഹിക്കവയ്യാതായപ്പോള്‍ ഒരു മാസത്തോളം അദ്ദേഹവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു- രേഖ മാക്സിമോവിച്ച് പറയുന്നു.
പിന്നീട് ഫനീഷ് മൂര്‍ത്തിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതുമൂലം 2000 ഡിസംബറില്‍ രേഖയെ അദ്ദേഹം ഇന്‍ഫോസിസില്‍ നിന്നും പിരിച്ചുവിട്ടു. എന്നാല്‍ കഥ അവിടെ തീര്‍ന്നില്ല. ഒരു വെന്‍ച്വര്‍ കാപിറ്റല്‍ കമ്പനിയിലെ സിഇഒയുടെ എക്സിക്യൂട്ടീവ് അസിസ്റന്റായി ജോലിക്കു ചേര്‍ന്ന രേഖ മാക്സിമോവിച്ചിനെ പിന്നീടും ഫനീഷ് മൂര്‍ത്തി പിന്തുടര്‍ന്നതായും രേഖ പരാതിയില്‍ ആരോപിക്കുന്നു. പിന്നീടും ഫനീഷ് മൂര്‍ത്തി തന്നെ ലൈംഗികവേഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും ആത്മനിയന്ത്രണം പാലിച്ചതായും രേഖ പറയുന്നു.
തുടര്‍ന്ന് 2001 ഡിസംബര്‍ 17നാണ് രേഖ മാക്സിമോവിച്ച് ഓക്ലാന്റിലെ അലമേഡ കോടതിയില്‍ ഫനീഷ് മൂര്‍ത്തിക്കെതിരെ കേസ് നല്കുന്നത്. ലൈംഗികപീഡനത്തിനും ഗോപ്യമായി തന്നെ പിന്നീടും പിന്തുടര്‍ന്നതിനും വൈകാരികമായ പീഡിപ്പിച്ചതിനും അനാവശ്യമായി തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനും ആണ് രേഖ പരാതി നല്കിയിരിക്കുന്നത്. വലിയ ഒരു തുക രേഖ മാക്സിമോവിച്ച് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളതായും പറയുന്നു.
എന്നാല്‍ ഈ തുക എത്രയാണെന്ന് കൃത്യമായി വെളിപ്പെടുത്താന്‍ രേഖയോ ഇന്‍ഫോസിസ് അധികൃതരോ തയ്യാറല്ല. ഇത് ഏതാണ്ട് പത്ത് ലക്ഷത്തില്‍ പരം യുഎസ് ഡോളര്‍ വരുമെന്ന് പറയപ്പെടുന്നു. മാക്സിമോവിച്ചിന്റെ അഭിഭാഷകന്‍ ഈയിടെ അവരുടെ പരാതിയുടെ കോപ്പി പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇന്‍ഫോസിസ് ഇക്കാര്യത്തെ നിഷേധിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. രേഖ മാക്സിമോവിച്ചിന്റെ പരാതിയ്ക്ക് ഇന്‍ഫോസിസ് മറുപടി നല്കേണ്ടിയിരുന്നത് ആഗസ്തിലാണെന്ന് അറിയുന്നു. കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടികളെല്ലാം മറുപടി നല്കിയ ശേഷമാണ് കോടതി വിചാരണ തുടങ്ങാനുള്ള തീയതി നിശ്ചയിക്കുക. എന്തായാലും കോടതിയ്ക്കു പുറത്തുവച്ച് പ്രശ്നം ഒത്തുതീര്‍ക്കാന്‍ ഇന്‍ഫോസിസ് ശ്രമിക്കുന്നതായി അറിയുന്നു.












Click it and Unblock the Notifications