സിപിഎമ്മുമായി വെള്ളാപ്പള്ളിയുടെ യുദ്ധം
വെള്ളാപ്പള്ളി എപ്പോഴും വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്: ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ വാലായി അധ:പതിക്കാനല്ല, പകരം എല്ലാപാര്‍ട്ടികളോടും വിലപേശുന്ന ഒരു വോട്ട് ബാങ്കായി വളരുകയാണ് തന്റെ ലക്ഷ്യം. ഇതിന് വെള്ളാപ്പള്ളി ഉയര്‍ത്തിക്കാട്ടുന്നത് കേരളത്തിലെ ഈഴവരുടെ ജനസംഖ്യയാണ്. ഈ ഈഴവരെ മുഴുവന്‍ എസ്എന്‍ഡിപിയോഗത്തിന് കീഴില്‍ അണിനിരത്താന്‍ കഴിഞ്ഞാല്‍, ആ എസ്എന്‍ഡിപി യോഗത്തിന്റെ അനിഷേധ്യനേതാവാകാന്‍ സ്വയം കഴിഞ്ഞാല്‍, വെള്ളാപ്പള്ളിയ്ക്ക് പിന്നെ ചോദിക്കുന്നതെന്തും ലഭിക്കും. ഈ വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റുന്നതില്‍ വെള്ളാപ്പള്ളി ഒട്ടൊക്കെ വിജയിച്ചുകഴിഞ്ഞു.
ചിതറിക്കിടക്കുന്ന എസ്എന്‍ഡിപിയിലെ ഈഴവരെ ഒന്നിപ്പിക്കുന്നതിലും ഉണര്‍ത്തുന്നതിലും വെള്ളാപ്പള്ളി വിജയിച്ചുകഴിഞ്ഞു. പക്ഷെ അത് പോരാ, എസ്എന്‍ഡിപിയുടെ കീഴിലേക്ക് വരാത്ത വലിയൊരു വിഭാഗം ഈഴവരുണ്ട്. ഇവര്‍ എത്രയോ കാലമായി ചെങ്കൊടിക്ക് കീഴില്‍ അമര്‍ന്നു കഴിഞ്ഞവരാണ്. ഈ വിഭാഗത്തെ കൂടി ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ തന്റെ സാമ്രാജ്യം വിപുലപ്പെടുത്താമെന്ന് വെള്ളാപ്പള്ളി കരുതുന്നു.
എന്നാല്‍ വെള്ളാപ്പള്ളിയുടെ ഈ നീക്കം തുടക്കത്തിലേ മണത്തറിഞ്ഞ സിപിഎം നേതാക്കള്‍ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പൊതുയോഗങ്ങളിലെല്ലാം വെള്ളാപ്പള്ളിയ്ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. വെള്ളാപ്പള്ളിയുടേത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്നും കേരളത്തില്‍ സമുദായശക്തിയായി വളരാന്‍ ശ്രമിച്ചവരെല്ലാം ഇടറിവീണ ചരിത്രമാണുള്ളതെന്നും പിണറായി വെല്ലുവിളിയുടെ സ്വരത്തില്‍ വെള്ളാപ്പള്ളിയ്ക്ക് താക്കീത് നല്കുന്നു.
എന്നാല്‍ അതെല്ലാം വെള്ളാപ്പള്ളിയിലെ യോദ്ധാവിനെ ഉണര്‍ത്തിയിരിക്കുകയാണ്. ഇറക്കത്തില്‍ സൈക്കിളോടിക്കുന്ന ബുദ്ധിശൂന്യതയാണ് പിണറായി നടത്തുന്നതെന്നാണ് വെള്ളാപ്പള്ളി തിരിച്ചടിച്ചത്. ഇരുവരുടെയും വാക്യുദ്ധം ക്രമേണ അണികളിലേക്ക് നീറിപ്പിടിക്കുകയായിരുന്നു.
സിപിഎമ്മിന് ശക്തിയുള്ള മലബാര്‍ മേഖലയിലെല്ലാം അണികള്‍ എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഉദാഹരണമായിരുന്നു ഈയിടെ ശ്രീനാരായണഗുരു ജയന്തി, സമാധി ദിനങ്ങളില്‍ മലബാറില്‍ ചിലയിടങ്ങളില്‍ യോഗം പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണം. ചിലയിടങ്ങളില്‍ ശ്രീനാരായണപ്രതിമകള്‍ തകര്‍ത്തു. സിപിഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് യോഗം നേതാക്കള്‍ ആരോപിക്കുന്നു.
1












Click it and Unblock the Notifications