എംഎല്‍എമാരുടെ ടൂറും ആന്റണിയുടെ ഭിക്ഷാടനവും...2
വികസനപദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെ കേരളം വീര്‍പ്പുമുട്ടുകയാണ്. ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്ന മട്ടില്‍ വിങ്ങിവീര്‍ത്തുനില്ക്കുന്ന ബലൂണാണ് ഇപ്പോള്‍ കേരളം. സര്‍ക്കാര്‍ ചട്ടപ്രകാരം ഒരു എംഎല്‍എയ്ക്ക് കാര്യങ്ങള്‍ പഠിക്കാനായി മൂന്നു വര്‍ഷത്തിനുള്ളില്‍ നാല് അന്യസംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാമെന്ന വകുപ്പുണ്ട്. സംസ്ഥാന ഖജനാവ് കാലിയായിക്കിടന്നതിനാല്‍ കഴിഞ്ഞവര്‍ഷം എംഎല്‍എമാര്‍ ആരും കേരളം വിട്ട് പോയില്ല. സര്‍ക്കാരിന്റെ 90 ശതമാനം പദ്ധതികളും മുടങ്ങിക്കിടക്കുയാണ്. ഈ പദ്ധതികള്‍ക്കെല്ലാം എന്ന് ജീവന്‍വയ്ക്കുമെന്ന് ഒരു പിടിയുമില്ല. സര്‍ക്കാര്‍ സമിതികള്‍ക്ക് വേണ്ടി കാര്യങ്ങള്‍ പഠിയ്ക്കാനാണ് എന്ന മട്ടിലാണ് എംഎല്‍എമാര്‍ സ്ഥലംവിടുന്നതെങ്കിലും അവരുടെ പട്ടികയില്‍ നിറയെ ടൂറിസ്റുകേന്ദ്രങ്ങളുടെ പേരുകളാണത്രെ.
സിപിഎമ്മിലെ കൊടിയേരി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ടൂറിന്റെ കൊട്ടിക്കലാശം ഉത്തരാഞ്ചലിലെ ഡെറാഡൂണിലാണ്. എസ്റമേറ്റ് കമ്മിറ്റി തലവന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ ചെന്നൈയും കൊല്‍ക്കത്തയും സന്ദര്‍ശിച്ചശേഷം ഡാര്‍ജലിങ്ങില്‍ കുറച്ചുനാള്‍ തങ്ങും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമസമിതിയുടെ ചുമതലയുള്ള സാവിത്രിലക്ഷ്മണന്‍ ദില്ലിയ്ക്കു പുറമെ ഹിമാചല്‍ പ്രദേശും സന്ദര്‍ശിക്കും.
കൂടുതല്‍ പേരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കാണ് വച്ചുപിടിക്കുന്നത്. ഇവിടങ്ങളില്‍ കൂടുതലും റോഡ് മാര്‍ഗ്ഗം സഞ്ചരിക്കാനേ കഴിയൂ എന്നതിനാല്‍ യാത്രാബത്ത ഇനത്തില്‍ കിലോമീറ്ററിന് 2.50 രൂപ വീതം വസൂലാക്കാം. യാത്രാപ്പടി ഇനത്തില്‍ ഖജനാവിലെ നല്ലൊരു തുക പോക്കറ്റിലാക്കാമെന്നതാണ് നേട്ടം. രാഷ്ട്രീയം എന്ന വിദ്യ അത്രമോശമല്ലെന്ന് മനസ്സിലായല്ലോ. പരാതി സമിതിയുടെ തലവന്‍ കേരള കോണ്‍ഗ്രസിലെ മാമ്മന്‍മത്തായി പോകുന്നത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലേക്കാണ്.
ചൈനകണ്ടതിന്റെ ശണ്ഠ
സാമ്പത്തിക ത്തലവേദനകളില്‍ നിന്നും കരകയറാന്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ പക്ഷെ എംഎല്‍എമാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നിലനിര്‍ത്തിയിട്ടുണ്ട്. എംഎല്‍എമാരുടെ മനസ്സിന്റെ ചക്രവാളം കൂടുതല്‍ വിശാലമാക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. അപ്പോള്‍ അവരുടെ ഭാവന വികസിക്കും. അവര്‍ നല്ല നല്ല പദ്ധതികള്‍ നടപ്പിലാക്കും. അങ്ങിനെ നാട് നന്നാവും. എംഎല്‍എമാരുടെ വീടും നന്നാവും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഒരു സംഘം എംഎല്‍എമാരെയും കൊണ്ട് ചൈനയ്ക്ക് വിട്ടത് ഈയിടെയാണ്. മടങ്ങിവന്നതിന് ശേഷം കുരുടന്‍മാര്‍ ആനയെക്കണ്ടതുപോലെ ഇവര്‍തമ്മിലുള്ള ചൈനയെക്കുറിച്ചുള്ള ശണ്ഠ ഇതുവരെ തീര്‍ന്നിട്ടുമില്ല.












Click it and Unblock the Notifications