Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ്: വെടിനിര്‍ത്തലിന് അപ്പുറം

86 വയസ്സായിട്ടും കരുണാകരന്‍ എന്ന യുദ്ധക്കുതിര വിശ്രമിക്കാന്‍ തയ്യാറല്ല. ഇപ്പോള്‍ ഒരു അവിശ്വാസപ്രമേയത്തിന്റെ മണമാണ് ദില്ലിയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ആന്റണിയെ വീഴ്ത്താന്‍ ഇടതുപക്ഷം വഴി നിയമസഭയില്‍ ഒരു അവിശ്വാസം കൊണ്ടുവരിക. ഇതിനായി ഇടതുമുന്നണിയും കരുണാകരന്റെ പക്ഷവും തമ്മില്‍ രഹസ്യകൂടിക്കാഴ്ച നടക്കുന്നതായും പറഞ്ഞു കേള്‍ക്കുന്നു. പക്ഷെ ഇതെത്രമാത്രം വിജയിക്കും എന്നറിയില്ല.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആന്റണി വിജയിച്ചതില്‍ കരുണാകരന് പരിഭവമില്ല. പക്ഷെ പണവും മദ്യരാജാക്കന്മാരുടെ സ്വാധീനവും ഉപയോഗിച്ച് തന്റെ ഗ്രൂപ്പില്‍ നിന്ന് ചിലരെ അടര്‍ത്തിയെടുത്തത് കരുണാകരന് പൊറുക്കാനാവില്ല. ഈ രോഷമാണ് കരുണാകരന്‍ ഒരു ആവശ്യമായി സോണിയാ ഗാന്ധിയുടെ മുന്നില്‍ അവതരിപ്പിച്ചത്. കേരളത്തില്‍ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ആന്റണിയെ മാറ്റണം. പകരം കോണ്‍ഗ്രസിലെ ആര് മുഖ്യമന്ത്രിയായാലും കരുണാകരന് വിരോധമില്ല. പക്ഷെ ആന്റണി ഭക്തയായ സോണിയ ഈ ആവശ്യത്തിന് വഴങ്ങിയില്ല.

ദില്ലിയില്‍ സോണിയാ ഗാന്ധിയെ കാണാന്‍ പോകുന്നതിന് മുമ്പ് കരുണാകരന്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയനിരീക്ഷകര്‍ വലിയ പ്രാധാന്യം നല്കുന്നു. പക്ഷെ ഇത് തികച്ചും വ്യക്തിപരമായ ക്ഷേമാന്വേഷണം മാത്രമായിരുന്നുവെന്നാണ് രാമചന്ദ്രന്‍പിള്ളയുടെ വിലയിരുത്തല്‍. പക്ഷെ രാജ്യസഭാ തിരഞ്ഞെടുപ്പിന് പണവും അബ്കാരി സ്വാധീനവും എതിരാളികള്‍ ഉപയോഗിച്ചതില്‍ കരുണാകരന്‍ ക്ഷുഭിതനാണ്. കോണ്‍ഗ്രസിലെ ആഭ്യന്തര സംഭവവികാസങ്ങളില്‍ തീര്‍ച്ചയായും സിപിഎമ്മിന് താല്പര്യമുണ്ട്.- രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

അതെ സിപിഎമ്മും ആന്റണിയെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ മുന്‍മന്ത്രി ടി. ശിവദാസമേനോനെ ഒന്നു കാണാന്‍ പോലും ആന്റണി എത്തിയില്ല. മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഇടതുമുന്നണി ആവശ്യത്തെ ആന്റണി പുച്ഛിച്ച് തള്ളി. ഇതിനെല്ലാം അപ്പുറം സിപിഎം സെക്രട്ടറി പിണറായി വിജയനെതിരെ കേസെടുക്കാന്‍ പോലും ആന്റണി തയ്യാറായി. സിപിഎമ്മിന്റെ അമര്‍ഷങ്ങള്‍ ഒരുപാടുണ്ട്.

അങ്ങിനെ അമര്‍ഷങ്ങളുള്ള രണ്ട് പേര്‍ തമ്മില്‍ ആന്റണിയ്ക്കെതിരെ കൈകോര്‍ക്കുമോ? ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുക എന്ന കെ. കരുണാകരന്റെ ഏക അജണ്ട തങ്ങളുടെ പിന്തുണയോടെ നടപ്പാക്കുക എന്നതാണ് ഇടതുമുന്നണി ലക്ഷ്യം.

കരുണാകരന്റെ വിശ്വസ്തര്‍ പലരും സിപിഎമ്മുമായി ഇക്കാര്യത്തില്‍ രഹസ്യചര്‍ച്ച നടത്തുന്നുണ്ട്. ആന്റണിയെ പുറത്താക്കുക എന്ന തന്റെ ആവശ്യത്തില്‍ കരുണാകരന്‍ ഉറച്ചുനില്ക്കുകയാണെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ട് വരുന്നതില്‍ വിരോധമില്ലെന്ന നിലപാടിലാണ് ഇടതുമുന്നണി.

കോണ്‍ഗ്രസിലെ സംഭവവികാസങ്ങള്‍ ഗൗരവപൂര്‍വം നിരീക്ഷിക്കുകയാണെന്നാണ് സിപിഎം സെക്രട്ടറി പിണറായി വിജയന്‍ പറയുന്നത്. കേരളത്തില്‍ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മലക്കംമറിച്ചിലുകള്‍ ഭാവിയില്‍ ഉണ്ടായേക്കുമെന്ന് പക്ഷെ പലരും കരുതുന്നു.

കരുണാകരന്റെ സ്വഭാവത്തെക്കുറിച്ച് സിപിഎമ്മിന് നന്നായറിയാം. താല്ക്കാലികമായി ചില വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ ഉണ്ടായാലും ആന്റണിയുടെ തലയാണ് കരുണാകരന്‍ മോഹിക്കുന്നത്. ഈ സാഹചര്യത്തില്‍ സിപിഎം രണ്ട് വഴികള്‍ ആലോചിക്കുന്നു. ഒന്നുകില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ആന്റണിയ്ക്കെതിരെ അവിശ്വാസം കൊണ്ട് വരിക. അതല്ലെങ്കില്‍ കരുണാകരന്റെ പ്രതികാരനടപടികളിലൂടെ ആന്റണി തന്നെ സ്വയം വിശ്വാസം തേടുന്നതുവരെ കാത്തിരിക്കുക.

അവിശ്വാസപ്രമേയം കൊണ്ടുവരണമെങ്കില്‍ സഭയില്‍ മൂന്ന് ദിവസം മുമ്പ് നിയമസഭാ സെക്രട്ടറിയ്ക്ക് നോട്ടീസ് കൊടുക്കണം. പക്ഷെ ഇങ്ങിനെ മുന്‍കൂട്ടി നോട്ടീസ് നല്കിയാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ മുഴുവന്‍ കൂടെ നിര്‍ത്താന്‍ ആന്റണിയ്ക്ക് സമയം ലഭിയ്ക്കും. അത് കൊണ്ട് ഈ വഴി തേടേണ്ടെന്ന് സിപിഎമ്മില്‍ ഒരു വിഭാഗം വാദിക്കുന്നു.

മറ്റൊരു വഴി കരുണാകരന്റെ ഭാവിനീക്കങ്ങള്‍ കാത്തിരിക്കുക എന്നതാണ്. ഹൈക്കമാന്റിന്റെ പ്രതികാര നടപടികളില്‍ പ്രതിഷേധിച്ച് കരുണാകരന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നാല്‍ യുഡിഎഫില്‍ നിന്ന് ചില ഘടകക്ഷികള്‍ കരുണാകരന്റെ കൂടെ വരുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. പക്ഷെ ഹൈക്കമാന്റ് കരുണാകരനുമായി ഇനി ഒരു യുദ്ധത്തിന് ഒരുങ്ങുമോ? ഹൈക്കമാന്റിന്റെ നടപടി എത്രയാണോ അത്രയ്ക്കോ അതിലധികമോ ആയിരിക്കും തങ്ങളുടെ പ്രതികാരനടപടി- ഇതാണ് ഒരു ഐ ഗ്രൂപ്പ് നേതാവിന്റെ പ്രതികരണം.

ഒരു മണിക്കൂര്‍ നേരത്തെ കരുണാകരന്‍-സോണിയ കൂടിക്കാഴ്ച വലിയ പ്രയോജനം ചെയ്തില്ലെന്നാണ് അറിയുന്നത്. ഇപ്പോള്‍ ദില്ലിയിലുള്ള ആന്റണിയെക്കൂടി കണ്ട ശേഷം ഹൈക്കമാന്റ് അവരുടെ തീരുമാനം പ്രഖ്യാപിക്കും. തല്ക്കാലം എല്ലാ കണ്ണുകളും ദില്ലിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+