കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്: ഈ മുറിവ് പഴുക്കുമോ?...2

  • By Staff
Google Oneindia Malayalam News

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദില്ലി പിടിയ്ക്കാനുള്ള വന്‍ രാഷ്ട്രീയ അജണ്ടയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചുവരാന്‍ ഇക്കുറി കേരളത്തില്‍ നിന്നും ഏതാനും സീറ്റുകള്‍ സംഘടിപ്പിയ്ക്കാന്‍ ബിജെപി സജീവമായി കരുക്കള്‍ നീക്കുകയാണ്. ഇതിന്റെ ഭാഗമാണ് പി.സി. തോമസിന് വച്ചുനീട്ടിയ കേന്ദ്രനിയമസഹമന്ത്രി പദം. വെള്ളാപ്പള്ളി നടേശനുമായുള്ള അതിരുകവിഞ്ഞ സ്നേഹബന്ധവും ഇതിന്റെ ഭാഗം തന്നെ.

ഇത്തരം കൂട്ടുകെട്ടുകളില്‍ ആദര്‍ശത്തിന്റെ തരിമ്പ്പോലുമില്ലെന്നത് വ്യക്തമാണ്. മതത്തിന്റെ പേരിലുള്ള വിഭജനത്തിലൂടെ മാത്രമേ ഈ ശക്തികള്‍ക്ക് കേരളത്തില്‍ കൂടുതല്‍ വേരുറപ്പിക്കാന്‍ കഴിയൂ. അതിനായി പറ്റിയ ഒരവസരമായി ബിജെപിയും കൂട്ടരും മാറാടിന് കാണുന്നുവെന്നത് നേരാണ്. ഇവരുടെ രാഷ്ട്രീയ അജണ്ട മാറാടും കേരളത്തിലും ഇപ്പോള്‍ നടപ്പാകുന്നത് അരയസമാജത്തിലൂടെയും ഹിന്ദുഐക്യവേദി നേതാവ് കുമ്മനം രാജശേഖരനിലൂടെയും ആണ്. മുസ്ലിംലീഗില്‍ ഇ. അഹമ്മദ് കാണിച്ച അപക്വമായ നടപടിയും തെറ്റായിപ്പോയി. കലാപത്തിന്റെ തീ വീണ മണ്ണില്‍ പോയി, സര്‍ക്കാര്‍ ഏറ്റെടുത്ത പള്ളിയില്‍ കളക്ടറെ പോലും ധിക്കരിച്ച് അദ്ദേഹത്തിന് നിസ്കാരം നടത്തേണ്ട കാര്യമുണ്ടായിരുന്നില്ല. ഇതെല്ലാം ഹിന്ദുശക്തികള്‍ക്ക് കൂടുതല്‍ വര്‍ഗ്ഗീയ വിഷം ചീറ്റാന്‍ സാഹചര്യം നല്കി.

സമാധാനം ഇരുട്ടില്‍

മാറാട്ടെ കലാപത്തിന് ശേഷം സമാധാന ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനായി രൂപീകരിക്കപ്പെട്ട മന്ത്രിസഭാ സമിതി ഇരുട്ടില്‍ തപ്പുകയാണ് .

സമിതിയുമായി സഹകരിക്കില്ലെന്ന് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള അരയ സമാജം വ്യക്തമാക്കിയിട്ടുണ്ട്. മാറാട് കലാപം സംബന്ധിച്ച് സംഘ് പരിവാറും മുസ്ലിം ലീഗും രണ്ടു തട്ടിലാണെന്നതും ശാശ്വത സമാധാനം കൈവരുത്താനുള്ള മന്ത്രിസഭാ സമിതിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുന്നു.

ആര്‍എസ്എസ് നേതാക്കളുമായി സമിതി ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ സിബിഐ അന്വേഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് ആര്‍എസ്എസ്. പ്രശ്നം കൂടുതല്‍ ആളിക്കത്തിക്കാന്‍ പറ്റിയ വടിയായാണ് ആര്‍എസ്എസ് സിബിഐ അന്വേഷണത്തെ കാണുന്നത്.

അതേ സമയം കൂട്ടക്കൊലയെ തുടര്‍ന്ന് പലായനം ചെയ്യേണ്ടിവന്ന മുസ്ലിം കുടുംബങ്ങളുടെ പുനരധിവാസം പെട്ടെന്ന് നടത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎഫും രംഗത്തുണ്ട്. മുസ്ലിം ലീഗിനെപ്പോലും മറികടന്ന് കൊണ്ട് കേരളത്തിലെ മുസ്ലിംങ്ങളെ സംഘടിപ്പിയ്ക്കാനുള്ള അവസരമായാണ് എന്‍ഡിഎഫ് മാറാടിനെ കാണുന്നത്. മാത്രമല്ല, എന്‍ഡിഎഫിന് ഇസ്ലാമിക തീവ്രവാദിസംഘടനകളുമായുള്ള ബന്ധവും സംശയാസ്പദമാണ്. കശ്മീരിലും പാകിസ്ഥാനിലുമുള്ള വലിയ തീവ്രവാദി സംഘങ്ങളില്‍ നിന്നും എന്‍ഡിഎഫ് പണവും ആയുധങ്ങളും കൈപ്പറ്റുന്നുണ്ടെന്നും കേന്ദ്രം ആരോപിയ്ക്കുന്നു. ഈ ആരോപണങ്ങളൊന്നും വിലകുറച്ചുകാണാനാവില്ല.

ചുരുക്കത്തില്‍ കൂട്ടക്കൊലയെ തുടര്‍ന്നുള്ള സാഹചര്യം മുതലെടുക്കാനുള്ള തന്ത്രമാണ് എന്‍ഡിഎഫും സംഘ്പരിവാറും നടത്തുന്നത്. ഇത് തീക്കളിയാണ്. കേരളത്തിന്റെ മനസ്സാക്ഷിയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഏല്പിക്കാനുള്ള ഈ ശ്രമങ്ങള്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചെറുക്കാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിയ്ക്കണം. ഇരുസമുദായത്തിലുമുള്ള തീവ്രവാദശക്തികളെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരികശക്തികള്‍ ശ്രമിച്ചേ മതിയാവൂ.

പക്ഷെ നിര്‍ഭാഗ്യവശാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടേതായ സ്വാര്‍ത്ഥങ്ങളില്‍ കുടുങ്ങിനില്ക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിലുള്ളത്. ഭരണത്തിലെ കുറ്റങ്ങളും കുറവുകളും ഏറ്റുപറഞ്ഞ് സ്വന്തം അധികാരപദവികള്‍ സുരക്ഷിതമാക്കാനാണ് കരുണാകരന്‍ ശ്രമിയ്ക്കുന്നത്. ആന്റണി ഭരണത്തിന്റെ തെറ്റുകുറ്റങ്ങള്‍ വിസ്തരിച്ച് ജനപിന്തുണ വളര്‍ത്തുന്നതില്‍ മാത്രം ഇടതുപാര്‍ട്ടികളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

സാമൂഹ്യസംഘടനകളും സാംസ്കാരിക നേതാക്കളും കാര്യമായി മാറാടിന് വേണ്ടി മുന്നോട്ട് വരുന്നില്ല. ഈ സ്ഥിതിവിശേഷം മുതലെടുത്ത് മാറാടിനെ ഒരു വലിയ വ്രണമാക്കി മാറ്റാനുള്ള എന്‍ഡിഎഫിന്റെയും ആര്‍എസ്എസിന്റെയും ശ്രമങ്ങള്‍ വിജയിച്ചാല്‍ കേരളം ഒരിയ്ക്കലും പഴയ കേരളമാവില്ല.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X