ടെലിഫോണ്‍ ബൂത്തുകള്‍ മരിയ്ക്കുമ്പോള്‍....
രണ്ടുവര്‍ഷമായി പുഷ്പാംഗദനെ ഈ വിഷമം അലട്ടിത്തുടങ്ങിയിട്ട്. കാരണം കേരളത്തില്‍ ഫോണ്‍ വിളികളുടെ ശൈലി പാടെ മാറിയിരിയ്ക്കുന്നു. രണ്ട് വര്‍ഷം മുമ്പ് വരെ ലോക്കലായാലും എസ്ടിഡിയായാലും ഐഎസ്ഡിയായാലും ജനങ്ങള്‍ക്ക് ആശ്രയം പൊതു ടെലിഫോണ്‍ ബൂത്തുകളാണ്.
വില്ലന്‍ മൊബൈല്‍ ഫോണുകള്‍
ഇന്ന് മൊബൈല്‍ ഫോണുകള്‍ സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങുന്ന സ്ഥിതി വന്നതോടെ കാര്യങ്ങള്‍ മാറി. മൊബൈല്‍ ഫോണുകളിലേയ്ക്കുള്ള ഇന്‍കമിംഗ് കാളുകള്‍ സര്‍ക്കാര്‍ സൗജന്യമാക്കിയത് സാധാരണക്കാര്‍ക്കും ഏറെ സൗകര്യപ്രദമായി. റിലയന്‍സും ടാറ്റയും ഈ രംഗത്ത് വന്‍ വിപ്ലവത്തിന് വഴിയൊരുക്കിയതോടെ ജനങ്ങള്‍ ടെലിഫോണ്‍ ബൂത്തുകളെ ആശ്രയിക്കുന്നത് കുറഞ്ഞു. കേരളത്തില്‍ തന്നെ ഇപ്പോള്‍ അഞ്ച് മൊബൈല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു.- ബിപിഎല്‍, എസ്കോടെല്‍, എയര്‍ ടെല്‍, റിലയന്‍സ് എന്നിവര്‍. ഇടത്തരക്കാരേയും ബിസിനസ്സുകാരെയും ജീവനക്കാരെയും എല്ലാം ഇവര്‍ വീതം വച്ചെടുത്തുകഴിഞ്ഞു. ഇതാണ് പുഷ്പാംഗദന്റെ ഉപജീവനമാര്‍ഗ്ഗം തകര്‍ത്തത്.
ഇത് പുഷ്പാംഗദന്റെ മാത്രം ദുഖ:കഥയല്ല, ടെലിഫോണ്‍ ബൂത്തുകളുടെ വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ആയിരക്കണക്കിന് ആളുകള്‍ ഇപ്പോള്‍ വഴിയാധാരമാവുന്നു.
പലരും അവരുടെ ടെലിഫോണ്‍ ബൂത്തുകള്‍ ലാഭകരമല്ലാത്തതിനാല്‍ അടച്ചുപൂട്ടാനുള്ള ശ്രമത്തിലാണ്. ടെലിഫോണ്‍ രംഗത്ത് ബിഎസ്എന്‍എല്ലിന്റെ മേല്‍കൈ പാടെ ഇല്ലാതായി. ചെറുതും വലുതുമായ ഒട്ടേറെ മൊബൈല്‍ കമ്പനികള്‍ രംഗത്തെത്തി. ടെലിഫോണ്‍ ബൂത്ത് നടത്തിക്കൊണ്ടുപോകാനുള്ള ഉത്തരവാദിത്വവുമായി താരതമ്യം ചെയ്യുമ്പോള്‍ അതില്‍ നിന്നുള്ള വരുമാനം തീരെ തുച്ഛവും. ഇത് ഒരു പഴയ യുഗത്തിന്റെ അന്ത്യം കുറിയ്ക്കുകയാണ്.
ഇന്റര്‍നെറ്റ് ടെലിഫോണ്‍- മറ്റൊരു ഭീഷണി
ഇന്റര്‍നെറ്റ് ടെലിഫോണിന്റെ വരവോടെ അന്താരാഷ്ട്രകാളുകള്‍ തീരെ ചെലവ് കുറഞ്ഞതായി. എസ്ടിഡിയ്ക്ക് നിരക്ക് കുറച്ചതോടെ ടെലിഫോണ്‍ ബൂത്തുകള്‍ക്ക് ലഭിച്ചിരുന്ന പ്രധാന വരുമാനം ഇല്ലാതായി. ഒരു കാലത്ത് ഞാന്‍ കുടുംബം പോറ്റിയിരുന്നത് ടെലിഫോണ്‍ ബൂത്ത് കൊണ്ടാണ്. ഇപ്പോള്‍ ബൂത്ത് നടത്തുന്നതിന്റെ ഭാരിച്ച ജോലി കണക്കിലെടുക്കുമ്പോള്‍ കിട്ടുന്ന വരുമാനം തീരെ തുച്ഛമാണ്.- കോഴിക്കോട് സ്വദേശിനിയായ ബൂത്തുടമ രാധ പറയുന്നു.
തിരുവനന്തപുരം ആര്യനാട് സ്വദേശി രാജന്റെ കാര്യമെടുക്കുക. പണ്ട് രാജന് ലോക്കല്‍ കാളുകളില്‍ നിന്ന് മാത്രം ഒരു മാസം ആയിരം രൂപ വരുമാനം ലഭിയ്ക്കുമായിരുന്നു. കാരണം ഒരു മാസം ഏകദേശം 3,000 കാളുകളെങ്കിലും ആളുകള്‍ രാജന്റെ ബൂത്തില്‍ നിന്ന് വിളിയ്ക്കുമായിരുന്നു. പിന്നീട് മത്സരം കൂടി. ടെലിഫോണ്‍ ബൂത്തുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തി. ഇപ്പോള്‍ മൊബൈല്‍ ഫോണുകളുടെ പ്രളയവും ആയി.
ഈയിടെ രാജന്‍ രണ്ടാമതൊരു ബൂത്ത് കൂടി തുടങ്ങിയിരുന്നു. പക്ഷെ യാതൊരു ഗുണവുമുണ്ടായില്ല. കഴിഞ്ഞ മാസം ഒരു ടെലിഫോണ്‍ ബൂത്തില്‍ നിന്ന് ആകെ വിളിച്ച ലോക്കല്‍ കാളുകള്‍ 1,997 എണ്ണം മാത്രം. കമ്മീഷന്‍ വകയില്‍ ആ മാസം ആകെ ലഭിച്ച വരുമാനം 788 രൂപയും. കഴിഞ്ഞ മാസം രാജന്റെ ഒരു ടെലിഫോണ്‍ ബൂത്ത് അധികൃതര്‍ വന്ന് റദ്ദാക്കി. ബില്ലടച്ചില്ലെന്നതാണ് കാരണം.
1












Click it and Unblock the Notifications