കര്‍ക്കിടകം: സുഖചികിത്സയുടെ മാസം
ജീവിതത്തില്‍ പിരിമുറുക്കവും ഉല്ക്കണ്ഠകളും വര്‍ധിച്ചതോടെ സുഖചികിത്സയ്ക്ക് പണ്ടത്തേതിനേക്കാള്‍ തിരക്ക് കൂടുകയാണിപ്പോള്‍. വിദേശികള്‍ക്കിടയിലും അകാല വാര്‍ധക്യം തടയാന്‍ ഉപകരിയ്ക്കുന്ന സുഖചികിത്സയോട് കമ്പം കൂടിവരുന്നുണ്ട്. സുഖചികിത്സയുടെ വാണിജ്യസാധ്യതകള്‍ കണ്ടറിഞ്ഞ് ഇപ്പോള്‍ നാട്ടിലും മറുനാട്ടിലും സുഖചികിത്സാ കേന്ദ്രങ്ങള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നുമുണ്ട്. ഈ സ്ഥാപനങ്ങളോടെ വിശ്വസ്തത ഉറപ്പാക്കിയതിന് ശേഷമേ ശരിയായ കേന്ദ്രം തിരഞ്ഞെടുക്കാവൂ. പലയിടങ്ങളിലും കൂടുതല്‍ ലാഭമുണ്ടാക്കാനായി ഒരു രോഗിയുടെ ശരീരത്തില്‍ ഉപയോഗിച്ച അതേ എണ്ണയും ഞവരയുമെല്ലാം വീണ്ടും വീണ്ടും ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ രോഗിയും അല്പം ശ്രദ്ധ പുലര്‍ത്തുന്നത് നന്ന്.
അകാല വാര്‍ധക്യത്തില്‍ നിന്ന് രക്ഷ
ഓരോ ഋതുക്കള്‍ മാറുമ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മനുഷ്യന്റെ ശരീരത്തിലും മാറ്റങ്ങളുണ്ടാക്കുമെന്ന് ആയുര്‍വേദം പറയുന്നു. ഇതിനാല്‍ ഓരോ ഋതുക്കളിലും പ്രത്യേകം പ്രത്യേകം ചര്യകളും ആയുര്‍വേദം കല്പിച്ചിരിക്കുന്നു. ഉഷ്ണത്തില്‍ നിന്നും പെട്ടെന്ന് തണുപ്പിലേക്കുള്ള മാറ്റമാണ് കര്‍ക്കിടകത്തില്‍ സംഭവിയ്ക്കുന്നത്. ഇത് ശരീരത്തെ ബലഹീനമാക്കും. വേണ്ട പ്രതിരോധം എടുത്തില്ലെങ്കില്‍ ഫലം അകാലത്തിലെ വാര്‍ധക്യമാണ്.
സുഖചികിത്സയെന്നാല്‍ ശരീരവും മനസ്സും സുഖമായിരിക്കുന്നതിനുള്ള ചികിത്സ എന്നേ അര്‍ത്ഥമുള്ളൂ. കര്‍ക്കിടകത്തില്‍ തുള്ളിക്കൊരുകുടമെന്ന മട്ടില്‍ മഴ കോരിച്ചൊരിയുമ്പോള്‍ എണ്ണതേച്ചുകുളിയും ചില ആഹാരച്ചിട്ടകളുമായി ഏതാനും നാളുകള്‍ സ്വസ്ഥമായിരിക്കുന്നതിനേയാണ് സുഖ ചികിത്സ എന്ന് പറയുന്നത്.
ആയുര്‍വേദവിധി പ്രകാരം ശരീരത്തിന് മൂന്ന് ദോഷങ്ങളാണ് ഉള്ളത്- കഫം, വാതം, പിത്തം എന്നിവ. ഈ ദോഷങ്ങള്‍ മഴക്കാലത്ത് വര്‍ധിയ്ക്കുമെന്നതിനാലാണ് ആയുര്‍വേദം ശരീരത്തിന് സുഖചികിത്സ വിധിച്ചത്. ശരീരത്തോടൊപ്പം മനസ്സും ശുദ്ധമാവുകയാണ് സുഖചികിത്സയുടെ ഫലം. കാലാകാലങ്ങളില്‍ യന്ത്രങ്ങളെ ഓയിലിട്ടുമിനുക്കുന്നതുപോലെ ശരീരത്തിനും മനസ്സിനുമുള്ള ഒരു മിനുക്കുപണിയെന്നേ സുഖചികിത്സയെ കരുതേണ്ടൂ.
സുഖചികിത്സയ്ക്ക് പ്രായപരിധിയില്ല. ഇളം പ്രായക്കാര്‍ക്കും വാര്‍ധക്യത്തിലെത്തിയവര്‍ക്കും ഒരു പോലെ ഈ ചികിത്സ തേടാം. സുഖചികിത്സയുടെ ഫലമായി ശരീരത്തിന്റെ രക്തചംക്രമണം സാധാരണ നിലയിലാകുന്നതോടൊപ്പം ദഹനപ്രക്രിയ നേരെയാകുകയും ചെയ്യുന്നു. ശരീരത്തിലെ പല രോഗങ്ങളും രക്തചംക്രമണത്തിലെ താളംതെറ്റലും ദഹനക്കേടും കൂടി സമ്മാനിയ്ക്കുന്നതാണെന്നറിയുക.
1












Click it and Unblock the Notifications