സ്നേഹത്തിന്റെ അമൃതവര്‍ഷം
അമ്മ പറയുന്നു: ഈ കലിയുഗത്ത് ലോകത്തെല്ലായിടത്തെയും ജനങ്ങള്‍ക്കിടയില്‍ മറ്റുള്ളവരില്‍ നിന്ന് അകന്നുനില്‍ക്കാനുള്ള പ്രവണതയാണ് കാണുന്നത്. ഒറ്റപ്പെട്ട ദ്വീപുകളെ പോലെയാണ് അവര്‍ ജീവിക്കുന്നത്. അത് അപകടകരമാണ്. നമുക്ക് ചുറ്റുമുട്ടിനുള്ള ഇരുട്ടിന്റെ സാന്ദ്രത കൂട്ടാനെ അത് സഹായിക്കൂ. ജനങ്ങള്‍ക്കിടയിലായിക്കോട്ടെ, മനുഷ്യരും പ്രകൃതിയും തമ്മിലായിക്കോട്ടെ സ്നേഹമാണ് ബന്ധങ്ങളുടെ പാലം തീര്‍ക്കുന്നത്. ഏകീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ ലോകത്തിന്റെ ശക്തി. അതുകൊണ്ട് സ്നേഹത്തെ ഈ കാലഘട്ടത്തെ പ്രധാന ധര്‍മങ്ങളിലൊന്നായി കാണണം.
സ്നേഹത്തിന്റെ അമൃതാണ് നാശോന്മുഖവും മരണോന്മുഖവുമായ അവസ്ഥകളെ ജീവിതത്തിലേക്ക് വലിച്ചടുപ്പിക്കുന്നതിനുള്ള മരുന്ന് എന്നതാണ് മാതാ അമൃതാനനന്ദമയിയുടെ ദര്‍ശനം. തന്നെ സന്ദര്‍ശിക്കാനെത്തുന്ന ലോകത്തിന്റെ പല കോണുകളിലുള്ള മനുഷ്യരിലേക്ക് അമ്മ പകരുന്നതും സ്നേഹത്തിന്റെ തെളിനീരാണ്. മനുഷ്യസമൂഹത്തോട് അമ്മക്ക് പറയാനുള്ളതും സ്നേഹത്തിന്റെ സന്ദേശത്തെ കുറിച്ചുമാത്രമാണ്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന അമൃതവര്‍ഷം 50 ആഘോഷത്തിന്റെ സന്ദേശവും മറ്റൊന്നല്ല.
അമ്മയുടെ അമ്പതാം ജന്മാദിനാഘോഷം ആഘോഷ സമൃദ്ധിയോടെ കൊണ്ടാടുമ്പോള്‍ പെയ്യുന്നത് നാനാദേശങ്ങളില്‍ നിന്നും നാനാജാതിയില്‍ നിന്നും വരുന്ന മനുഷ്യരിലേക്കുള്ള സ്നേഹത്തിന്റെ അമൃതവര്‍ഷം, സ്നേഹത്തിന്റെ നാനാര്‍ഥങ്ങളെന്തെന്ന അറിവ്. സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും സ്നേഹത്തിന്റെയും അതീവപ്രസക്തിയിലൂന്നുന്ന നാല് സമ്മേളനങ്ങള്‍ സപ്തംബര്‍ 24ന് തുടങ്ങുന്ന അമൃതവര്‍ഷത്തിലുണ്ടാവും.
വിവിധ ആത്മീയ നേതാക്കള്‍ സമ്മേളിക്കുന്ന ആത്മീയ യോഗമാണ് ആദ്യത്തേത്. വിവിധ മതങ്ങളുടെ നേതാക്കളും ആത്മീയഗുരുക്കളും ആധ്യാത്മിക സമ്മേളനത്തിനെത്തും. സമാധാനത്തിനും സൗഹാര്‍ദത്തിനുമായുള്ള സ്ത്രീകളുടെ സമ്മേളനമാണ് അടുത്തത്. ആധുനിക സമൂഹത്തില്‍ സ്ത്രീകളുടെ ശാക്തീകരണത്തിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നു ഈ സമ്മേളനം.
ബിസിനസ് ലോകത്തെ പ്രമുഖരുടെ സമ്മേളനം അമൃതവര്‍ഷത്തിന്റെ സവിശേഷതകളിലൊന്നാണ്. ഇന്ത്യയിലെ പ്രമുഖ വ്യവസായ തലവന്‍മാരും പ്രമുഖ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരും ഒന്നുചേരുന്ന സമ്മേളനം ഭാവി ഇന്ത്യയുടെ വികസനത്തിന്റെ പുതിയ വഴികളെ കുറിച്ചാണ് അന്വേഷിക്കുന്നത്. രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയുടെ പുരോഗതിയുടെ മാര്‍ഗങ്ങളാണ് ചര്‍ച്ച ചെയ്യുക.
സമാധാനവും സൗഹാര്‍ദവും വളര്‍ത്തുക എന്ന സന്ദേശത്തോടെ ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന യുവജനറാലിയാണ് അവസാനത്തേത്. അമ്മയും രാഷ്രപതിയും സേവനത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന യുവജന റാലിയെ അഭിസംബോധന ചെയ്യും.
സമൂഹവിവാഹം
നാല് ദിവസം നീണ്ടുനില്‍ക്കുന്ന അമൃതവര്‍ഷം അപൂര്‍വമായ വിവിധ സംരംഭങ്ങളാല്‍ സവിശേഷമാണ്. സാധാരണരീതിയിലുള്ള ചടങ്ങുകളോടെ വിവാഹം നടത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് അമ്മ നടത്തിക്കൊടുക്കുന്ന വിവാഹമാണ് അതിലൊന്ന്. 108 ദമ്പതികളാണ് അമ്മയുടെ അനുഗ്രാശിസുകളോടെ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അപേക്ഷകളുടെ അടിസ്ഥാനത്തില്‍ യോഗ്യതയുള്ള 108 ദമ്പതികളെയാണ് തിരഞ്ഞെടുക്കുക. പരമ്പരാഗത രീതിയിലുള്ള വിവാഹത്തിനായി ഈ ദമ്പതികള്‍ക്ക് സ്വര്‍ണാഭരണങ്ങളും വിവാഹസാരിയും പൂമാലയും മറ്റും അമ്മ നല്‍കും.
സൗജന്യ നിയമ സെല്‍
നീതി നിഷേധിക്കപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് സൗജന്യ നിയമ സഹായം നല്‍കാനായി പ്രവര്‍ത്തിക്കുന്ന സൗജന്യ നിയമ സെല്‍ അമൃതവര്‍ഷത്തോട് അനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിക്കും. അമൃത കൃപ നീതി പ്രതിഷ്ഠാന്‍ എന്നാണ് ഈ സെല്ലിന്റെ പേര്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും ജനങ്ങളുടെ നിയമപരമായ അടിസ്ഥാന അവകാശങ്ങളും നേടിക്കൊടുക്കുന്നതിന് ലോക് അദാലത്തുകളെ പോലെയാണ് പ്രതിഷ്ഠാന്‍ പ്രവര്‍ത്തിക്കുക.
നേത്രദാനം
അമ്മയുടെ ജന്മദിനത്തില്‍ പതിനായിരം പേര്‍ മരണശേഷം കണ്ണ് ദാനം ചെയ്യാന്‍ സന്നദ്ധമാണെന്ന പ്രഖ്യാപനം നടത്തും. ഓരോ ദാതാവിനും നേത്രദാന കാര്‍ഡ് നല്‍കും. മാതാ അമൃതാന്ദമയിമഠത്തിലെ യുവജന വിഭാഗമാണ് നേത്രദാനത്തിനായി ആഹ്വാനം ചെയ്തിരിക്കുന്നത്. രക്തദാനത്തിനും ഇതുപോലുള്ള ഒരു പദ്ധതി നടപ്പിലാക്കും.
1












Click it and Unblock the Notifications