പ്ലാസ്റിക്കിന് ബദലായി കവുങ്ങിന്‍ പാള ഉല്‍പ്പന്നങ്ങള്‍
ചിറ്റൂര്‍: മലയാളിയായ കര്‍ഷകന്‍ കവുങ്ങിന്‍ പാള കൊണ്ട് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാരിന്റെ അംഗീകാരം. പ്ലാസ്റിക്കിന് ബദല്‍ എന്ന നിലയില്‍ കവുങ്ങിന്‍ പോള ഉല്‍പ്പന്നങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ കണ്ടാണ് തമിഴ്നാട് സര്‍ക്കാരിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഫുഡ് ടെക്നോളജി ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കവുങ്ങിന്‍ പാള കൊണ്ട് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന യന്ത്രത്തിനും ഡിപ്പാര്‍ട്ട്മെന്റ് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
മലയയാളിയായ തങ്കവേലു എന്ന കര്‍ഷകനാണ് കവുങ്ങിന്‍ പോള കൊണ്ട് പ്ലാസ്റിക്കിന് ബദലായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് തമിഴ്നാട്ടില്‍ ശ്രദ്ധ പിടിച്ചു പറ്റിയത്. തങ്കവേലു തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയറായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ചതിനു ശേഷമാണ് കവുങ്ങിന്‍ പോള കൊണ്ട് പ്ലേറ്റ്, ഗ്ലാസ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. യന്ത്രങ്ങളുടെ സഹായമൊന്നുമില്ലാതെയാണ് ഇവ നിര്‍മ്മിച്ചു വന്നത്. കവുങ്ങിന്‍ പാളകള്‍ വെള്ളത്തിലിട്ട് കുതിര്‍ത്തി ഈര്‍പ്പം വറ്റിയതിനു ശേഷം തല്ലിപാകപ്പെടുത്തിയാണ് പ്ലെയ്റ്റുകളും മറ്റും രൂപപ്പെടുത്തിയത്. മീനാക്ഷിപുരത്തിനടുത്തുള്ള സുബയ്യ കൗണ്ടന്‍ പുതൂരിലെ സ്വന്തം പറമ്പില്‍ താല്‍ക്കാലിക ഷെഡ് കെട്ടിയാണ് കവുങ്ങിന്‍ പോള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത്.
ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഈ ഉല്‍പ്പന്നങ്ങള്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി, കവുങ്ങിന്‍ പാള ഉല്‍പ്പന്നങ്ങളെ കുറിച്ച് അറിയാനിടയായ തമിഴ്നാട് സെന്‍ട്രല്‍ ഫുഡ് ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ തങ്കവേലുവിന്റെ സ്ഥാപനം സന്ദര്‍ശിച്ച് ഉല്‍പ്പന്നങ്ങള്‍ വിലയിരുത്തുകയായിരുന്നു. പ്ലാസ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന ദോഷ വശങ്ങളില്ലാത്ത ഉല്‍പ്പന്നമെന്ന നിലയ്ക്ക് കവുങ്ങിന്‍ പാള ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിപണന സാധ്യതയുണ്ടെന്ന് വിലയിരുത്തിയ ഉദ്യോഗസ്ഥ സംഘം ഇത് വ്യാപിപ്പിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു.
ഇതേ തുടര്‍ന്ന് കവുങ്ങിന്‍ പാളകൊണ്ട് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന യന്ത്രം ഡിപ്പാര്‍ട്ട്മെന്റ് രൂപകല്‍പ്പന ചെയ്ത് വിപണിയിലിറക്കി. 30,000 രൂപ വിലവരുന്ന ഈ യന്ത്രം ഉപയോഗിച്ചാല്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെയധികം കവുങ്ങിന്‍ പാള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും. തങ്കവേലു ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് നാല് യന്ത്രങ്ങള്‍ വാങ്ങി തന്റെ വ്യവസായ ശാല വികസിപ്പിച്ചിരിക്കുകയാണിപ്പോള്‍. ഡിപ്പാര്‍ട്ട്മെന്റ് യന്ത്രം പുറത്തിറക്കിയതോടെ മറ്റു പലരും ഈ രംഗത്തേക്ക് കടന്നു വന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പൊള്ളാച്ചി താലൂക്കില്‍ മാത്രം കവുങ്ങിന്‍ പാള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന നിരവധി യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
പ്രാദേശികമായ വില്‍പ്പനയ്ക്ക് പുറമെ ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കും ഈ ഉല്‍പ്പന്നങ്ങള്‍ കൊണ്ടു പോകുന്നുണ്ട്. അടുത്ത കാലത്തായി വിദേശ വിപണിയിലേക്കും ഇവ കയറ്റി അയയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഉപയോഗ ശൂന്യമായ കവുങ്ങിന്‍ പാള ചുരുങ്ങിയ നിരക്കില്‍ ലഭിക്കുമെന്നതിനാല്‍ പ്ലാസ്റിക്ക് ഉല്‍പ്പന്നങ്ങളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കാന്‍ കഴിയുന്നുണ്ട്. പ്ലാസ്റിക്കിനുള്ള ദൂഷ്യവശങ്ങള്‍ ഇവയ്ക്കില്ലാതാനും. ഉപയോഗിച്ചു കഴിഞ്ഞ വലിച്ചെറിയാവുന്ന കവുങ്ങിന്‍ പാള ഉല്‍പ്പന്നങ്ങള്‍ മണ്ണിനോട് അലിഞ്ഞു ചേരുകയും ചെയ്യും. അതു കൊണ്ടു തന്നെ കവുങ്ങിന്‍ പാള ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം വര്‍ധിച്ചിരിക്കുകയാണ്.
തമിഴ് അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇപ്പോള്‍ വിവാഹ സല്‍കാരങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും കവുങ്ങിന്‍ പോളയുടെ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications