കാള്‍ സെന്റര്‍: ചാക്കിട്ട് പിടുത്തം വേണ്ട
ദില്ലി: കാള്‍ സെന്റര്‍ ജോലിയില്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാന്‍ കമ്പനികള്‍ പല വഴികളും തേടുകയാണ്. കൂടുതല്‍ ആകര്‍ഷകമായ വാഗ്ദാനം ലഭിയ്ക്കുമ്പോള്‍ ജീവനക്കാര്‍ ഒരു കാള്‍ സെന്ററില്‍ നിന്നും അടുത്ത കാള്‍ സെന്ററിലേക്ക് ചാടുകയാണ്.
ഇതോടെ പരിശീലനത്തിനായി ഓരോ ജീവനക്കാരനും വേണ്ടി ചെലവഴിയ്ക്കുന്ന വന്‍തുകയാണ് സ്ഥാപനത്തിന് നഷ്ടപ്പെടുക. ഇതിന്റെ ഭാഗമായി ജോലിയില്‍ നിന്നും വിരമിച്ച അധ്യാപികമാരെയും അതുപോലെ വീട്ടമ്മമാരെയും ജോലിയ്ക്കെടുക്കാന്‍ ചില കാള്‍ സെന്റര്‍ കമ്പനികള്‍ തീരുമാനിച്ചിരുന്നു. ഇവര്‍ ഒരിടത്ത് തൊഴ ില്‍ ലഭിച്ചാല്‍ പിന്നീട് അവിടം വിട്ട് പോകില്ലെന്നതിനാലാണിത്.
ജീവനക്കാരെ പരസ്പരം ചാക്കിട്ടുപിടിക്കുന്നത് ഒഴിവാക്കാനും കാള്‍ സെന്ററുകള്‍ തമ്മില്‍ ധാരണയിലെത്തിയിരിക്കുകയാണ്. ഏതാനും പ്രമുഖ കാള്‍ സെന്റുകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്.
വിപ്രോയുടെ കാള്‍ സെന്റര്‍ വിഭാഗമായ വിപ്രോ സ്പെക്ട്രാമൈന്‍ഡില്‍ ഓരോ മൂന്നുമാസത്തിലും 12 ശതമാനം മുതല്‍ 13 ശതമാനം വരെ തൊഴിലാളികള്‍ കൊഴിഞ്ഞുപോകുന്നുണ്ട്. ഒരു കമ്പനിയിലെ ജീവനക്കാരനെ മറ്റൊരു കമ്പനി ജോലിയ്ക്കെടുക്കില്ലെന്ന ധാരണയുണ്ടായാലേ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിയൂ എന്ന് വിപ്രോ സ്പെക്ട്രാമൈന്‍ഡ് ചെയര്‍മാന്‍ രമണ്‍ റോയ് പറഞ്ഞു. ഇക്കാര്യത്തില്‍ ദക്ഷ്, അമെക്സ്, ഡെല്‍, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എന്നീ കമ്പനികളുമായി വിപ്രോ സ്പെക്ട്രാമൈന്‍ഡ് ധാരണയിലെത്തിയിരിക്കുകയാണ്.
ബിപിഒ ഒരു വലിയ തൊഴില്‍ മേഖലയായി വികസിച്ചിരിക്കുകയാണ്. പക്ഷെ ഈ തൊഴില്‍ മേഖലയ്ക്ക് ആവശ്യമായ ജീവനക്കാര്‍ ഇപ്പോള്‍ ലഭ്യമല്ലെന്നതാണ് പ്രശ്നം. ഇതുമൂലം ഉള്ള ജീവനക്കാരെ തന്നെ വിവിധ കമ്പനികള്‍ വേട്ടയാടാനുള്ള ശ്രമത്തിലാണ്. ഇത് അവസാനിപ്പിക്കാതെ നിവൃത്തിയില്ലെന്ന് ഇഎക്സ്എല്‍ എന്ന കമ്പനിയുടെ എച്ച്ആര്‍ വൈസ് പ്രസിഡന്റ് ദീപക് ധവാന്‍ പറഞ്ഞു. ഇഎക്സ്എല്‍ എന്ന കമ്പനി ദക്ഷ്, എച്ച്സിഎല്‍ ഇ-സെര്‍വ് എന്നീ കമ്പനികളുമായി ജീവനക്കാരെ വേട്ടയാടരുതെന്ന കരാറില്‍ ഒപ്പിട്ടിട്ടുണ്ട്.
പക്ഷെ ഈ കരാര്‍ എത്രമാത്രം പാലിയ്ക്കപ്പെടുമെന്ന് ഉറപ്പില്ല. പക്ഷെ എച്ച്ആര്‍ വിഭാഗങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയാല്‍ അത് ലംഘിയ്ക്കപ്പെടില്ലെന്നാണ് ഈ മേഖലയിലുള്ളവര്‍ വിശ്വസിയ്ക്കുന്നത്.
ഇതോടെ കാള്‍ സെന്ററുകള്‍ക്ക് അവരുടെ ജീവനക്കാരെ നിലനിര്‍ത്താന്‍ ഒരു പരിധിവരെ കഴിഞ്ഞേയ്ക്കും. കഴിവുള്ള ജീവനക്കാരുടെ കമ്പനി മാറുന്നതിനുള്ള പ്രവണതയ്ക്ക് തടയിടാനും കഴിയുമെന്ന് കാള്‍ സെന്ററുകള്‍ കരുതുന്നു.












Click it and Unblock the Notifications