കണ്ണൂരിന്റെ പുതിയ ലഹരി: ബില്യാഡ്സ്
കണ്ണൂര്‍: യുവാക്കളുടെ താത്പര്യങ്ങളിലും ആഭിമുഖ്യങ്ങളിലും വേഗമേറിയ മാറ്റത്തിന്റെ കാറ്റാണ് വീശുന്നത്. കളികളോടുള്ള താത്പര്യങ്ങളിലുമുണ്ട് ഈ മാറ്റം. ക്രിക്കറ്റിന് പകരം ബില്യാഡ്സ് യുവാക്കളുടെ വിനോദത്തിന്റെ സായാഹ്നങ്ങളില്‍ ഇടംപിടിച്ചുതുടങ്ങിയിരിക്കുന്നു. രാഷ്ട്രീയത്തിനായി രക്തസാക്ഷികളാവുന്ന പഴയ പ്രവണതകളില്‍ നിന്നും യുവാക്കള്‍ വഴിമാറി നടക്കാന്‍ തുടങ്ങുകയാണ്.
കണ്ണൂര്‍ നഗരത്തില്‍ ഒരു ഡസനോളം ബില്യാഡ് പാര്‍ലറുകളുണ്ട് ഇപ്പോള്‍ . ബില്യാഡ് പാര്‍ലറുകള്‍ ബില്ല്യാഡ്സ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുക വരെ ചെയ്യുന്നുണ്ട്. ബില്യാഡ്സ് യുവാക്കളുടെ കായിക സ്വപ്നങ്ങളില്‍ അത്രത്തോളം ഇടംപിടിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം കളര്‍ പോയിന്റ് എന്ന ബില്യാഡ് പാര്‍ലര്‍ ജില്ലാതല ടൂര്‍ണമെന്റാണ് സംഘടിപ്പിച്ചത്.
എസ്എന്‍ പാര്‍ക്ക് റോഡിലുള്ള സൈക്ലോണ്‍ എന്ന ബില്യാഡ് പാര്‍ലറില്‍ വന്‍ തിരക്കാണ്. ബോയ്സ് ട്രാക്ക് എന്ന ബില്യാഡ് പാര്‍ലറിലും ഒരു മണിക്കൂര്‍ സമയം ലഭിയ്ക്കാന്‍ മണിക്കൂറുകള്‍ ക്യൂനില്ക്കണം. ഇവിടെ ബില്യാഡ്സ് എങ്ങിനെ കളിയ്ക്കണമെന്ന് പഠിപ്പിയ്ക്കുന്നുമുണ്ട്.
ബില്യാഡ്സ് ടേബിളില്‍ ഒരു മണിക്കൂര്‍ പന്തുരുട്ടി രസിക്കാന്‍ 60 രൂപ നല്‍കുന്നതിന് യുവാക്കള്‍ക്ക് യാതൊരു മടിയുമില്ല. മണിക്കൂറിന് 60 രൂപയാണ് കണ്ണൂരിലെ ബില്യാഡ്സ് പാര്‍ലറുകളിലെ നിരക്ക്.
പുതിയ ട്രെന്‍ഡിനൊപ്പം നീങ്ങാനാണ് താന്‍ ബില്യാഡ്സ് കളിയ്ക്കുന്നതെന്നാണ് ഡോ. എം.എസ്. സലിം പറയുന്നത്. ഇനി നാളെ ബൗളിംഗ് വന്നാല്‍ അത് കളിയ്ക്കാനും ഞാന്‍ പോകും. - മേലേ ചൊവയില്‍ പ്രാക്ടീസ് ചെയ്യുന്ന ഈ ഡോക്ടര്‍ പറയുന്നു.
ബില്യാഡ്സ് പാര്‍ലറുകളിലെത്തുന്നവര്‍ മിക്കവരും വിദ്യാര്‍ഥികളും ജോലിക്കാരായ യുവാക്കളുമാണ്. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വരെ ഈ പാര്‍ലറുകളില്‍ എത്തുന്നുണ്ട്. മിക്കവരും സമയം കൊല്ലാനുള്ള വിനോദോപാധി എന്ന നിലയില്‍ മാത്രമാണ് ബില്യാഡ്സിനെ കാണുന്നത്. ഒരു ഗീത് സേഥിയോ പങ്കജ് അദ്വാനിയോ ആവണമെന്ന സ്വപ്നമൊന്നും അവര്‍ കൊണ്ടുനടക്കുന്നില്ല.












Click it and Unblock the Notifications