തേക്കിനെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം? തേക്കിന്റെ ചരിത്രം, സൗന്ദര്യം, കൃഷിരീതികള്‍, ഉപയോഗം, സാമൂഹ്യ-സാമ്പത്തികപ്രാധാന്യം, തേക്ക് തോട്ടത്തില്‍ പറക്കുന്ന പൂമ്പാറ്റകള്‍- തേക്കിനെപ്പറ്റി എല്ലാമറിയാന്‍ നിലമ്പൂരിലെ തേക്ക് മ്യൂസിയം സന്ദര്‍ശിയ്ക്കൂ. ലോകത്തില്‍ തന്നെ ഇത്തരമൊരു മ്യൂസിയം അപൂര്‍വമാണ്. ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയമാണ് നിലമ്പൂരിലേത്.
കേരള വനംഗവേഷണ ഇന്‍സ്റിറ്റ്യൂട്ടിലെ വളപ്പില്‍ 1995ലാണ് ഈ മ്യൂസിയം സ്ഥാപിച്ചത്. നിലമ്പൂരിന് തേക്കുമായുള്ള ചരിത്രബന്ധമാണ് ഇങ്ങിനെയൊരു മ്യൂസിയം നിലമ്പൂരില്‍ സ്ഥാപിയ്ക്കാന്‍ കാരണമായതെന്ന് മ്യൂസിയം ക്യുറേറ്റര്‍ സാനി ലൂക്കോസ് പറുന്നു. ലോകത്തിലെ ആദ്യ തേക്ക് തോട്ടം ഉണ്ടായത് നിലമ്പൂരിലാണ്. - 1840ല്‍. ബ്രിട്ടീഷുകാര്‍ക്ക് ആവശ്യമായ തേക്ക് തടികള്‍ വളര്‍ത്തിയത് നിലമ്പൂരിലെ ഈ തേക്ക് തോട്ടത്തിലാണ്.
സ്കൂള്‍ വിദ്യാര്‍ത്ഥികളും മറ്റുമായി ആയിരക്കണക്കിന് സന്ദര്‍ശകരെ ഈ മ്യൂസിയം ആകര്‍ഷിയ്ക്കുന്നു. 55 വര്‍ഷം പഴക്കമുള്ള ഒരു തേക്ക് മരത്തിന്റെ വേരുകളോട് കൂടിയ അടിഭാഗം മ്യൂസിയത്തിലെ പ്രവേശനകവാടത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രണ്ട് നിലയുള്ള ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കണ്ണിമാറ തേക്കിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പറമ്പിക്കുളം വന്യജീവി സങ്കേതത്തില്‍ സ്വാഭാവികമായും വളര്‍ന്ന ഏറ്റവും പഴക്കം ചെന്ന തേക്കുകളാണ് കണ്ണിമാറ തേക്ക്. മലയാറ്റൂര്‍ വനമേഖലയില്‍ വളര്‍ന്ന ഏറ്റവും പഴക്കമുള്ള തേക്കിന്റെ തടിയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിലമ്പൂരിലെ കനോലി സായ്പ് 160 വര്‍ഷം മുമ്പ് നട്ട് വളര്‍ത്തിയ ഒരു ഭീമന്‍ തേക്കിന്റെ ചിത്രവും പ്രദര്‍ശനത്തിനുണ്ട്. 160 വര്‍ഷം മുമ്പ് കനോലി സായ്പ് നിലമ്പൂരില്‍ വളര്‍ത്തിയ തേക്ക് തോട്ടത്തിന്റെ സ്ഥിതി പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ സഹായിക്കും.
തേക്ക് തടിയില്‍ തീര്‍ത്ത ഉരുവും പത്തായപ്പുരവും പ്രത്യേക ആകര്‍ഷണങ്ങളാണ്. തേക്ക് തൂണുകളാണ് മറ്റൊരു ആകര്‍ഷണം. തേക്കിലകളും പൂവും കായും തടിയും എല്ലാം പ്രത്യേകമായി ഒരിടത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 480 വര്‍ഷം പഴക്കമുള്ള കോട്ടയത്തെ നഗരംപാറ വനത്തില്‍ നിന്ന് കൊണ്ടുവന്ന തേക്ക് കുറ്റികള്‍ പ്രദര്‍ശനത്തിനുണ്ട്. തേക്ക്ിന്റ എല്ലാ പ്രത്യേകതകളെക്കുറിച്ചും വിശദീകരിയ്ക്കുന്നുണ്ട്. തേക്ക് തൈകള്‍ തരംതിരിയ്ക്കല്‍, തേക്ക് നടുംമുമ്പുള്ള ഭൂമിയൊരുക്കല്‍, വെറും തൈയില്‍ നിന്നും വന്‍മരത്തിലേക്ക് വളരുന്നതിനിടയിലുള്ള മുഴുവന്‍ ദശകളെക്കുറിച്ചും ഒക്കെ മ്യൂസിയം വിശദീകരിയ്ക്കുന്നു. 300ല്‍ പരം ചിത്രശലഭങ്ങളും പ്രദര്‍ശനത്തിനുണ്ട്. തേക്ക് തോട്ടത്തില്‍ നിന്ന് കണ്ടെത്തിയ പൂമ്പാറ്റകളാണിവ. തേക്ക് നഴ്സറികളില്‍ ഉണ്ടാകുന്ന രോഗം, കീടങ്ങളെ തടയല്‍, തേക്ക് തോട്ടം നിര്‍മ്മിയ്ക്കുന്നതെങ്ങിനെ?, തേക്കിനുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയെക്കുറിച്ചും വിശദീകരണമുണ്ട്.
തേക്ക് തടിവെട്ടുന്നതിന്റെ ഒരു ചിത്ര പരമ്പരതന്നെയുണ്ട്. വിവിധ കാലാവസ്ഥകളില്‍ തേക്കിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഫോട്ടോ പരമ്പരയും ഉണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള വിവിധ പ്രായങ്ങളിലുള്ള തേക്ക് തടികളുടെ സാമ്പിളുകളും കാണാം. കേരളത്തില്‍ തേക്ക് തോട്ടങ്ങള്‍ക്ക് പിന്നിലെ ശില്പികളായ എച്ച്.വി. കനോലി, ചാതുമേനോന്‍, ടി.എഫ്. ബോര്‍ദിലന്‍ എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. തേക്കിനെക്കുറിച്ചുള്ള പുസ്തകങ്ങളും ജേണലുകളും ഉള്ള വിശാലമായ ലൈബ്രറിയും മ്യൂസിയത്തില്‍ ഉണ്ട്. തേക്കിനെക്കുറിച്ചുള്ള ശബ്ദ-ദൃശ്യചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ പ്രത്യേക മിനി ഓഡിറ്റോറിയം ഉണ്ട്.