ഐടി കമ്പനികള്‍ കേരളത്തോട് അകലുന്നു
കേരളത്തെ ഐടി രംഗത്തെ മികച്ച സംസ്ഥാനമാക്കാന്‍ ഇറങ്ങിത്തിരിച്ച ആന്റണി സര്‍ക്കാരിന് തിരിച്ചടി. ഇന്ത്യയിലെ മികച്ച ഐടി പാര്‍ക്കുകളിലൊന്നായ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലെ അന്തരീക്ഷത്തോട് ഇവിടെ പ്രവര്‍ത്തിയ്ക്കുന്ന ചില ഐടി കമ്പനികള്‍ അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു. ട്രേഡ് യൂണിയന്‍ പ്രതിഷേധം മൂലമുള്ള അരക്ഷിതാവസ്ഥ, സ്ഥലത്തിനുള്ള വിലക്കയറ്റം എന്നിവയാണ് രണ്ട് പ്രധാന പരാതികളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്.
കേരളത്തിന്റെ ഐടി വളര്‍ച്ചയെ ഇത് ബാധിയ്ക്കുമോ? കേരളമെന്നാല്‍ മോശപ്പെട്ട ട്രേഡ് യൂണിയന്‍ സംസ്കാരത്തിന്റെ നാടാണെന്ന് ഐടി കമ്പനികള്‍ക്കിടയില്‍ അഭിപ്രായം പരന്നുകൊണ്ടിരിയ്ക്കുകയാണ്. വലിയ ഐടി കമ്പനികളുടെ നിക്ഷേപം കാത്തിരിയ്ക്കുന്ന കേരളത്തിന് ഇനി അത് നേടാന്‍ കഴിയുമോ?
ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന നാല് പ്രമുഖ ഐടി കമ്പനികള്‍ കഴിഞ്ഞ ദിവസമാണ് ടെക്നോപാര്‍ക്കിലെ ഇപ്പോഴത്തെ സ്ഥിതിഗതികളിലുള്ള അതൃപ്തി സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചത്.
നാല് കമ്പനികള്‍ സംയുക്തമായി വ്യവസായ-വിവരസാങ്കേതികവിദ്യാ മന്ത്രിയ്ക്ക് അയച്ച കത്തില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ആവശ്യപ്പെട്ടു.
തങ്ങളുടെ നിക്ഷേപത്തിന് പകരമായി ഇപ്പോള്‍ ലഭിക്കുന്നത് പ്രതിഷേധവും അരക്ഷിതാവസ്ഥയുമാണെന്ന് കത്തില്‍ ഒപ്പുവച്ച ഐവിഎല്‍ ഇന്ത്യയുടെ തലവന്‍ സുനില്‍ ഗുപ്ത പറഞ്ഞു. കാര്യങ്ങള്‍ മോശത്തില്‍ നിന്നും അങ്ങേയറ്റം കുഴപ്പങ്ങളിലേക്ക് നീങ്ങുകയാണ്. പരാതിയുമായി ചെല്ലാന്‍ ഞങ്ങള്‍ക്ക് വേറെ സ്ഥലമില്ല. അതുകൊണ്ടാണ് കത്തെഴുതാന്‍ തീരുമാനിച്ചത്. - ഗുപ്ത ചൂണ്ടിക്കാട്ടി. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യകമ്പനികളിലൊന്നാണ് ഐവിഎല്‍ ഇന്ത്യ. 1996ലാണ് ഈ കമ്പനി ടെക്നോപാര്‍ക്കില്‍ ഓഫീസ് സ്ഥാപിച്ചത്. അന്ന് ഐടി കമ്പനികള്‍ക്ക് സാധ്യതകള്‍ ധാരാളമായിരുന്നു. അതുകൊണ്ട് കമ്പനികളും കൂടുതലായി ഐടി പാര്‍ക്കിലേക്ക് എത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രേഡ് യൂണിയനുകളും രാഷ്ട്രീയപാര്‍ട്ടികളും ഐടി പാര്‍ക്കിന്റെ വളര്‍ച്ചയെ തടയുകയാണെന്ന് ഗുപ്ത പറയുന്നു.
ടെക്നോപാര്‍ക്കില്‍ സ്ഥലം വാങ്ങുന്നതിനുള്ള വില കൂടിയിരിക്കുകയാണെന്നും ഗുപ്ത പരാതിപ്പെടുന്നു. 1996ല്‍ ചതുരശ്രഅടിക്ക് എട്ട് രൂപയായിരുന്നത് 21 രൂപയായി ഉയര്‍ന്നു. തങ്ങള്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് ജനങ്ങള്‍ക്കിടയിലെ ധാരണ. എന്നാല്‍ ഉയര്‍ന്ന നികുതിയാണ് തങ്ങള്‍ സര്‍ക്കാരിന് നല്‍കുന്നത്. 55 കമ്പനികളിലായി ആറായിരം തൊഴില്‍ അവസരങ്ങളാണ് തങ്ങള്‍ ഉണ്ടാക്കിയത്.
സ്വീഡിഷ് ഹാര്‍ഡ്വേര്‍ കമ്പനിയായ ടെറോയ്ഡില്‍ അനിശ്ചിതകാല സമരം നടന്നുവരികയാണ്. നാല്പതോളം ജീവനക്കാരാണ് സിപിഎമ്മിന്റെ പിന്തുണയോടെ കമ്പനിയ്ക്കെതിരെ സമരം നടത്തിവരുന്നത്. സമരം ഒത്തുതീര്‍പ്പിലാക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചില്ല.
സമരം അവസാനിപ്പിക്കാനായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്നും പിരിച്ചുവിട്ട ജീവനക്കാരെ കമ്പനി തിരിച്ചെടുക്കാന്‍ തയ്യാറല്ലെന്നും ടെറോയ്ഡ് മാനേജിംഗ് ഡയറക്ടര്‍ ശൈലജ ശ്രീകുമാര്‍ പറഞ്ഞു.
വ്യവസായ ട്രിബ്യൂണല്‍ പ്രശ്നം പരിഗണിക്കുമെന്നും സമരം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ടെക്നോപാര്‍ക്കിന് മുന്നിലെ ജോലിയില്‍ സൗഹൃദം എന്ന ബോര്‍ഡാണ് ടെക്നോപാര്‍ക്കിലെത്തുന്ന ഏവരും ആദ്യം കാണുക. എന്നാല്‍ പിന്നീട് കാണുന്നത് മുദ്രാവാക്യം മുഴക്കുന്ന സമരക്കാരെയാണ്- സര്‍ക്കാരിനുള്ള കത്തില്‍ ഒപ്പുവച്ച മറ്റൊരു കമ്പനിയായ ടൂണ്‍സ് അനിമേഷനിലെ കെ. ജയകുമാര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നത് ഞങ്ങളെ ആശങ്കാകുലരാക്കിയിരിക്കുകയാണ്. ചൊവാഴ്ച ഞങ്ങള്‍ക്കുണ്ടായിരുന്ന വിദേശ സന്ദര്‍ശകര്‍ ആദ്യം കണ്ടത് ടെക്നോപാര്‍ക്ക് വിപുലീകരിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഉണ്ടാക്കിയ റോഡിലെ തടസമാണ്.്- ജയകുമാര്‍ പറഞ്ഞു.
ടെക്നോപാര്‍ക്കിനെ പണിമുടക്ക് വിമുക്ത മേഖലായായി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications