Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റില്‍ ഇന്ത്യ-ആസ്ത്രേല്യ ക്ലൈമാക്സ്

ലോകമെങ്ങുമുള്ള ക്രിക്കറ്റിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമെത്തി. ഇന്ത്യയും ആസ്ത്രേല്യയും തമ്മിലുള്ള ഫൈനല്‍. ഇതിന് മുമ്പ് ഇന്ത്യയ്ക്കെതിരെ നടന്ന ഫൈനലുകളിലെല്ലാം വിജയം ആസ്ത്രേല്യയുടെ പക്ഷത്തായിരുന്നെങ്കില്‍, ഇക്കുറി ഗാംഗുലി പറയുന്നു: കഴിഞ്ഞതൊന്നും കാര്യമാക്കേണ്ടതില്ല.

ആസ്ത്രേല്യയ്ക്കെതിരായ ഫൈനലിന് എല്ലാ വിധത്തിലും ഒരുങ്ങാനാണ് ടീമംഗങ്ങളോട് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ആഹ്വാനം. അതെ, ക്രിക്കറ്റിലെ ഒരു വീറുറ്റ പോരാട്ടത്തിന് ഫിബ്രവരി ആറ് വെള്ളിയാഴ്ച മെല്‍ബണിലെ സ്റേഡിയം സാക്ഷ്യം വഹിയ്ക്കുമെന്ന് കരുതാം.

ആസ്ത്രേല്യയില്‍ ഒരിയ്ക്കലും ഇന്ത്യ നല്ല പ്രകടനം കാഴ്ചവച്ചിട്ടില്ല. പക്ഷെ ഇക്കുറി പ്രത്യേകപരിശ്രമത്തിലൂടെ ഞങ്ങള്‍ അത് തിരുത്തിക്കൊണ്ടിരിക്കുകയാണ്. - ഗാംഗലി പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി ഞങ്ങള്‍ നല്ല ഫോമിലാണ്. ഈ ഫൈനല്‍ കൂടി നന്നായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് അഭിമാനത്തോടെ നാട്ടിലേക്ക് മടങ്ങാം.- ഗാംഗുലി ശുഭാപ്തി വിശ്വാസത്തോടെ പറയുന്നു.

കുംബ്ലെ കളിയ്ക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം ബാക്കിനില്ക്കുന്നുണ്ട്. ഇന്ന് കുംബ്ലെ പന്തെറിയാനും നെറ്റില്‍ പ്രാക്ടീസ് ചെയ്യാനും ശ്രമിച്ചെങ്കിലും കുംബ്ലെയുടെ ദീര്‍ഘകാലഭാവി നോക്കിയാല്‍ വിശ്രമിയ്ക്കുന്നതാവും ഭംഗിയെന്നാണ് പൊതുവായ അഭിപ്രായം.

ബാറ്റിംഗ്നിര തന്നെയാണ് ഇന്ത്യയെ പേടിപ്പെടുത്തുന്ന ഘടകം. പെര്‍ത്തിലെ ബൗണ്‍സുള്ള പിച്ചില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ആസ്ത്രേല്യയ്ക്കെതിരായ കഴിഞ്ഞ കളിയില്‍ തകര്‍ന്നടിയുകയായിരുന്നു. അല്പം ബൗണ്‍സ് കൂടിയ പിച്ചില്‍ ബാറ്റു ചെയ്യുമ്പോള്‍ ഇപ്പോഴും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പതറുന്നു. വിക്കറ്റിനിടയില്‍ ഓടുന്ന കാര്യത്തിലും ഫീല്‍ഡിങ്ങിലും ഇന്ത്യ നന്നേ പിറകിലാണ്. ഓപ്പണര്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും പരിക്കിന് ശേഷം മടങ്ങിയെത്തിയെങ്കിലും ഇരുവരും ഫോമിലല്ല. ഇവര്‍ ഇരുവരും വേഗം പുറത്തായാല്‍ പിന്നെ ഇന്ത്യയുടെ തകര്‍ച്ച മാത്രമേ പ്രതീക്ഷിയ്ക്കാനാവൂ. ഇത് ടീമിനെ കുഴക്കുന്നുണ്ട്. രാഹുല്‍ ദ്രാവിഡും ഗാംഗുലിയും ലക്ഷ്മണും തന്നെയാണ് ബാറ്റിംഗ് നിരയില്‍ ഇപ്പോള്‍ ഇന്ത്യയുടെ തുരുപ്പ് ചീട്ടുകള്‍. ബാറ്റിംഗിന് കരുത്ത് പകരാന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേലിനെ ഒഴിവാക്കി ഹേമംഗ് ബദാനിയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ലക്ഷ്മണ്‍ ആണ് ആസ്ത്രേല്യയുടെ ഇപ്പോഴത്തെ പേടിസ്വപ്നം. ആസ്ത്രേല്യയില്‍ ഈ ടൂറില്‍ ഇത്വരെ ലക്ഷ്മണ്‍ 908 റണ്‍സ് സ്കോര്‍ ചെയ്തുകഴിഞ്ഞു. കഴിഞ്ഞ ഒന്ന് രണ്ട് കളിയില്‍ യുവരാജ് സിംഗ് തിളങ്ങിയെങ്കിലും ഈ ബാറ്റ്സ്മാനില്‍ വിശ്വാസ്യതയര്‍പ്പിക്കാന്‍ കഴിയില്ല.

ബൗളര്‍മാരോട് നല്ലതുപോലെ പ്രാക്ടീസ് ചെയ്യാനാണ് ഗാംഗുലിയുടെ ഉപദേശം. ഇര്‍ഫാന്‍ പഠാനും ബാലാജിയും ഇപ്പോള്‍ നല്ല ഫോമിലാണ്. പഠാനെ ആസ്ത്രേല്യയിലെ മുന്‍ക്രിക്കറ്റര്‍മാര്‍ വാനോളം പുകഴ്ത്തുകയാണ്. ഫൈനലില്‍ പഠാന്‍ ഇന്ത്യയുടെ ആക്രമണത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് മുന്‍ ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ കിം ഹ്യൂസ് പറയുന്നത്. പന്തിലുള്ള കയ്യടക്കവും ഇരുവശത്തേയ്ക്കും പന്ത് സ്വിങ് ചെയ്യാനുള്ള പഠാന്റെ കഴിവും അപാരമാണെന്നും കിം ഹ്യൂസ് പറയുന്നു.

ആസ്ത്രേല്യ ഇപ്പോള്‍ മികച്ച ഫോമിലാണ്. ബ്രെറ്റ്ലീ ബൗളിംഗിന്റെ താളം കണ്ടെത്തിക്കഴിഞ്ഞു. പെര്‍ത്തില്‍ ഇന്ത്യയ്ക്ക് നാശം വിതച്ചത് ബ്രെറ്റ്ലീയുടെ തീതുപ്പുന്ന പന്തുകളാണ്. ഗില്ലസ്പി ഇപ്പോഴും പരിക്കില്‍ നിന്ന് വിമോചിതനല്ലാത്തതിനാല്‍ പഴയ ഫോമില്‍ പന്തെറിയുന്നില്ല. വില്ല്യംസും ആന്‍ഡ്രൂ സൈമണ്ട്സും ഒട്ടും മോശമല്ലാതെ പന്തെറിയുന്നുണ്ട്.

ബാറ്റിംഗിലാണെങ്കില്‍ ആദം ഗില്‍ക്രിസ്റ് അപാരഫോമിലാണ്. കഴിഞ്ഞ കളിയിലെ വിശ്രമത്തിന് ശേഷം റിക്കി പോണ്ടിംഗ് ടീമില്‍ മടങ്ങിയെത്തും. ആന്‍ഡ്രൂ സൈമണ്ട്സ് ആസ്ത്രല്യന്‍ ടീമിന്റെ നെടുംതൂണായി നില്ക്കുന്നു. ഡാമിയന്‍ മാര്‍ട്ടിനും മൈക്കേല്‍ ക്ലാര്‍ക്കും മോശമല്ലാതെ ബാറ്റ് ചെയ്യുന്നുണ്ട്. ആന്‍ഡി ബിച്ചെലിനെ ഒഴിവാക്കി കൂടുതല്‍ പരിചയസമ്പന്നനായ മൈക്കേല്‍ കാസ്പറോവിക്സിനെക്കൂടി ഉള്‍പ്പെടുത്തിയതോടെ ആസ്ത്രേല്യ ദൗര്‍ബല്യങ്ങളില്ലാത്ത ടീമായി മാറിയിരിക്കുന്നു.

മെല്‍ബണിലെ പിച്ച് പെര്‍ത്തിലേതുപോലെയല്ല. പിച്ചില്‍ പുല്ലുണ്ട്. പെര്‍ത്തിലെ ഭയാനകമായി ബൗണ്‍സ് ചെയ്യുന്ന പിച്ചായിരുന്നു കഴിഞ്ഞ കളിയില്‍ ഇന്ത്യയെ വീഴ്ത്തിയത്. പക്ഷെ പിന്നീട് സിംബാബ്വേയെ ഇതേ പിച്ചില്‍ ഇന്ത്യ തോല്പിക്കുകയും ചെയ്തു. മെല്‍ബണിലെ പിച്ചില്‍ ഇന്ത്യക്കാര്‍ക്ക് ആത്മവിശ്വാസമുണ്ട്.

മൂന്ന് ഫൈനലുകളാണ് ഉള്ളത്. പക്ഷെ ആദ്യരണ്ട് ഫൈനലുകളില്‍ ഒരേ ടീം ജയിച്ചാല്‍ മൂന്നാം ഫൈനല്‍ ഉണ്ടാകില്ല.

ഇന്ത്യന്‍ ടീം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിംഗ്, രോഹന്‍ ഗവാസ്കര്‍, ഹേമംഗ് ബദാനി, വിവിഎസ്. ലക്ഷ്മണ്‍, അജിത് അഗാര്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍, ലക്ഷ്മീപതി ബാലാജി, ആശിശ് നെഹ്റ.

ആസ്ത്രേല്യന്‍ ടീം: മാത്യു ഹെയ്ഡന്‍, ആദം ഗില്‍ക്രിസ്റ്, റിക്കി പോണ്ടിംഗ്, ഡാമിയന്‍ മാര്‍ട്ടിന്‍, ആന്‍ഡ്രൂ സൈമണ്ട്സ്, മൈക്കേല്‍ ക്ലാര്‍ക്ക്, മൈക്ക ഹസ്സി, മൈക്കേല്‍ കാസ്പറോവിക്സ്, ബ്രെറ്റ് ലീ, ജേസണ്‍ ഗില്ലസ്പി, ബ്രാഡ് ഹോഗ്, ബ്രാഡ് വില്ല്യംസ്, ഇയാന്‍ ഹാര്‍വി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+