Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ വീഴ്ത്താന്‍ മിയാന്‍ദാദ്

കളിയിലെ കൗശലത്തിലെ മികവ് കാരണം മിയാന്‍ദാദ് പണ്ടേ പാകിസ്ഥാന്റെ കുറുക്കനായാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായ ഇദ്ദേഹം ഇന്ത്യയ്ക്കെതിരെ വന്‍കെണികള്‍ ഒരുക്കുന്ന തിരക്കിലാണ്.

ഇന്ത്യയെ ദയനീയമായി തോല്പിച്ച് നാണംകെടുത്തി വിടുക എന്നതില്‍ കവിഞ്ഞ് മറ്റൊരു അജണ്ടയും മിയാന്‍ദാദിന്റെ മുന്നിലില്ല. ഇതിന് അദ്ദേഹം ഉപയോഗിക്കുന്നത് ലാപ് ടോപിലെ കണക്കുകളെയോ വിശകലനങ്ങളെയോ അല്ല, സ്വന്തം ഉള്‍ക്കാഴ്ചയും അനുഭവപരിചയവുമാണ്.

ഇന്ത്യയെ വീഴ്ത്താന്‍ പ്രത്യേക കെണികള്‍ തന്റെ കയ്യിലുണ്ടെന്ന് പാകിസ്ഥാന്‍ കോച്ച് ജാവേദ് മിയാന്‍ദാദ് അവകാശപ്പെടുന്നു. ഓരോ ഇന്ത്യന്‍ ബാറ്റ്സ്മാനെ വീഴ്ത്താനും പ്രത്യേകം പ്രത്യേകം പദ്ധതികളുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യാ-പാക് മത്സരമെന്നാല്‍ സമ്മര്‍ദ്ദമാണ്. ആ സമ്മര്‍ദ്ദം ഞാന്‍ ഇപ്പോള്‍ അനുഭവിയ്ക്കുന്നുണ്ട്. ആതിഥേയരുടെ കാണികള്‍ക്ക് ടീമില്‍ വന്‍പ്രതീക്ഷയാണുള്ളത്. അതിനാല്‍ കളിക്കാരുടെ ചുമലില്‍ ആ പ്രതീക്ഷ നിറവേറ്റേണ്ട ഭാരമുണ്ട്. ഈ പ്രതീക്ഷകളെ സംരക്ഷിയ്ക്കാനുള്ള ബാധ്യത എനിയ്ക്കുമുണ്ട്. - മിയാന്‍ദാദ് പറയുന്നു.

ഇന്ത്യയുടെ മികച്ച ബാറ്റിംഗ് നിരയെ തകര്‍ക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ബൗളിംഗ് ആക്രമണത്തിലെ സവിശേഷത കാരണം പാകിസ്ഥാന് ടെസ്റ് മത്സരങ്ങളില്‍ കൂടുതല്‍ വിജയസാധ്യതയുണ്ടെന്നും മിയാന്‍ദാദ് കണക്കുകൂട്ടുന്നു.

കോച്ച് എന്ന നിലയില്‍ തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടത് എന്റെ കടമയാണ്. ഇന്ത്യയുടേത് മികച്ച ബാറ്റിംഗ് നിരയാണെന്നതിനാല്‍ ഓരോ ബാറ്റ്സ്മാന്‍മാര്‍ക്കും പ്രത്യേകം തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടിവന്നു.- മിയാന്‍ദാദ് വിശദീകരിയ്ക്കുന്നു.

കളിക്കാരനായിരുന്നപ്പോള്‍ ഞാന്‍ ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും അടിപ്പെട്ടിരുന്നില്ല. പക്ഷെ ഇപ്പോള്‍ ക്രിക്കറ്റ് ഏറെ മാറി. കോച്ച് എന്ന നിലയില്‍ ടീമിന്റെ വിജയം ഉറപ്പാക്കേണ്ടതുണ്ട്. - മിയാന്‍ദാദ് പറഞ്ഞു.

46 കാരനായ മിയാന്‍ദാദ് പാകിസ്ഥാന് വേണ്ടി ഏറ്റവുമധികം ടെസ്റുകള്‍ കളിച്ചിട്ടുള്ളയാളാണ്. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് തന്റെ കാലത്ത് മിയാന്‍ദാദ് കാഴ്ചവച്ചത്. 1978-79 കാലത്ത് ഷാര്‍ജില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ അവസാന പന്തില്‍ സിക്സര്‍ നേടിക്കൊണ്ട് മിയാന്‍ദാദ് പാകിസ്ഥാന് നേടിക്കൊടുത്ത വിജയം ആരും മറക്കാനിടയില്ല.

124 ടെസ്റുകളിലാണ് മിയാന്‍ദാദ് കളിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ റണ്‍ ശരാശരി 52.57ആണ്. ആകെ 23 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 8,832 റണ്‍സ് നേടി. ഇന്ത്യയ്ക്കെതിരെ ഇദ്ദേഹം 28 മത്സരങ്ങളില്‍ നിന്ന് 2,228 റണ്‍സും 67.51 റണ്‍സ് ശരാശരിയും നേടി.

ഇന്ത്യയ്ക്കെതിരെ ഒരു വിജയം എന്നത് പ്രധാനമായതിനാല്‍ ഞങ്ങള്‍ വളരെ ഗൗരവത്തോടെയാണ് മത്സരത്തെ കാണുന്നത്. ഞങ്ങളുടെ ബൗളിംഗ് ആക്രമണം ഇന്ത്യയുടേതിനേക്കാള്‍ മെച്ചമാണ്. ടെസ്റില്‍ 20 വിക്കറ്റുകള്‍ എടുക്കാന്‍ ഇന്ത്യയേക്കാള്‍ ഞങ്ങള്‍ക്ക് എളുപ്പമാണ്. അത് തന്നെയായിരിക്കും പാകിസ്ഥാന് ഈ മത്സരത്തിലുള്ള മുന്‍തൂക്കം. - മിയാന്‍ദാദ് പറയുന്നു.

റാവല്‍പിണ്ടി എക്സ്പ്രസ് എന്ന് അറിയപ്പെടുന്ന പേസ് ബൗളര്‍ ശുഹൈബ് അക്തര്‍ തന്നെയായിരിക്കും ഇന്ത്യയ്ക്കെതിരായ വിജയത്തിന് പാകിസ്ഥാന്റെ താക്കോല്‍. വളരെ അപകടകാരിയും ആക്രണോത്സുകനുമായ ബൗളറാണ് അക്തര്‍. അതുകൊണ്ട് അദ്ദേഹം ഈ മത്സരത്തില്‍ പ്രധാനിയാണ്. പക്ഷെ അക്തറിനെ മാത്രം ആശ്രയിക്കുമെന്ന് അതിനര്‍ത്ഥമില്ല. - മിയാന്‍ദാദ് പറയുന്നു.

മുഹമ്മദ് സാമി, ഷബീര്‍ അഹമ്മദ്, ഉമര്‍ ഗുല്‍ തുടങ്ങി ഒട്ടേറെ പുതിയ പ്രതിഭകള്‍ ഞങ്ങള്‍ക്കുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇവര്‍ ഏറെ പക്വത നേടിക്കഴിഞ്ഞു. - മിയാന്‍ദാദ് വിശദീകരിയ്ക്കുന്നു.

ഇന്ത്യയുടെ ബാറ്റിംഗ് നട്ടെല്ല് സച്ചിനാണെന്ന കാര്യം സമ്മതിയ്ക്കാന്‍ മിയാന്‍ദാദ് തയ്യാറല്ല. സച്ചിന്‍ മികച്ച ബാറ്റ്സ്മാനാണെന്നതില്‍ സംശയമില്ല. ഇപ്പോള്‍ രാഹുല്‍ ദ്രാവിഡ്, വിവിഎസ്. ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരെയും പേടിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ കളിക്കാര്‍ സുരക്ഷാഭീഷണി ഉയര്‍ത്തിയതുകൊണ്ട് പാകിസ്ഥാന് മാനസികമായ മേധാവിത്വം ഉണ്ടെന്നും മിയാന്‍ദാദ് സമ്മതിയ്ക്കാന്‍ തയ്യാറല്ല. ഇവിടെയെത്തി രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ കളിയ്ക്കാര്‍ സാഹചര്യവുമായി പൊരുത്തപ്പെട്ടുകൊള്ളും എന്നാണ് മിയാന്‍ദാദ് പറയുന്നത്.

ഇന്ത്യ-പാക് മത്സരം മാര്‍ച്ച് 13ന് കറാച്ചിയിലാണ് തുടങ്ങുക. ഇതിനായി പാക് കളിക്കാരുടെ ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+