പെഷവാറില്‍ അഗ്നിപരീക്ഷ
പെഷവാര്‍: മാര്‍ച്ച് 19 വെള്ളിയാഴ്ച പെഷവാറില്‍ നടക്കുന്ന മൂന്നാം ഏകദിന മത്സരത്തിന് ആവേശം കൂടിയിരിക്കുന്നു. രാവിലെ പത്ത് മണിയ്ക്കാണ് മത്സരം തുടങ്ങുക.
ആദ്യരണ്ട് മത്സരത്തില്‍ വിജയം പങ്കുവച്ചതോടെ പെഷവാറിലെ മത്സരത്തിന് പതിന്മടങ്ങ് ആവേശം കൂടിയിരിക്കുന്നു. പെഷവാറിലെ കളി നടക്കുന്ന അര്‍ബാബ് നിയാസ് സ്റേഡിയം കനത്ത സുരക്ഷാകാവലിലാണ്. അഫ്ഗാനിസ്ഥാനോട് ചേര്‍ന്നുകിടക്കുന്ന നഗരമായതിനാല്‍ കളിക്കാരും കര്‍ശനനിയന്ത്രണത്തിലാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏകപ്രതീക്ഷ ബാറ്റ്സ്മാന്‍മാരുടെ പ്രകടനമാണ്. ഇതിലാണ് ഇന്ത്യയുടെ ജയസാധ്യത. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ആരായാലും അവരുടെ ലക്ഷ്യം ഒന്നായിരിക്കും. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് എത്തിച്ചേരാന്‍ കഴിയാത്തത്രയും കൂറ്റന്‍ സ്കോര്‍ അടിച്ചെടുക്കുക. റാവല്‍പിണ്ടിയും കറാച്ചിയും തെളിയിച്ചത് ഏകദിനത്തില്‍ 349 റണ്‍സ് പോലും ഒരു കൂറ്റന്‍സ്കോറല്ലെന്നാണ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിന് തന്നെ വിസ്മയമാവുകയാണ് ഇന്ത്യാ-പാക് മത്സരത്തിലെ റണ്ണൊഴുക്ക്.
ഇന്ത്യയുടെ ബൗളിംഗ് നിര നെഹ്റയുടെ അസാന്നിധ്യത്തില്‍ കൂടുതല്‍ തളരാനാണ് സാധ്യത. ഇത് പാക് ബാറ്റ്സ്മാന്മാര്‍ മുതലാക്കുകയും ചെയ്യുമെന്നുറപ്പാണ്. നെഹ്റയ്ക്ക് പകരം ഇര്‍ഫാന്‍ പത്താനെ ഉള്‍പ്പെടുത്തുമെങ്കിലും അതൊന്നും ഇന്ത്യയെ തുണയ്ക്കാന്‍ പോകുന്നില്ലെന്നാണ് പൊതുവായ ധാരണ.
പാകിസ്ഥാന്‍ എ ടീമിനെതിരായ പ്രദര്‍ശനമത്സരത്തില്‍ ഇര്‍ഫാന്‍ പത്താന്റെ ബൗളിംഗിനെ ഉമര്‍ തൗഫീക്കും കൂട്ടരും അടിച്ചുതകര്‍ത്തിരുന്നു. പരിക്കിന് ശേഷം മടങ്ങിയെത്തിയ സഹീര്‍ഖാന്‍ തീരെ ഫോമിലല്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ വലിയ സ്കോര്‍ വഴങ്ങിയതിനാല്‍ സഹീര്‍ഖാന്‍ ഇന്ത്യയ്ക്ക് ഭാരമായി മാറിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് ഒരു കായിക മനശാസ്ത്രജ്ഞന്റെ ആവശ്യമുണ്ടെന്നാണ് മുന്‍ പേസ് ബൗളര്‍ ജവഗല്‍ ശ്രീനാഥ് പറയുന്നത്. അതിലൂടെ ബൗളര്‍മാരുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചെടുക്കാമെന്ന് ശ്രീനാഥ് പറയുന്നു. പേസ് ബൗളര്‍മാരുടെ സ്റാമിനയെക്കുറിച്ചും മാനസികമായ കരുത്തില്ലായ്മയെക്കുറിച്ചും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് പറഞ്ഞത് ശരിയായി.
റാവല്‍പിണ്ടിയില്‍ കളിച്ച ഓഫ് സ്പിന്നര്‍ രമേഷ് പവാറിനെ പെഷവാര്‍ മത്സരത്തിലും ഉള്‍പ്പെടുത്തിയേക്കും. വിക്കറ്റൊന്നുമെടുത്തില്ലെങ്കിലും അധികം റണ്‍സ് വഴങ്ങിയില്ലെന്നത് രമേഷ് പവാറിനെ ശ്രദ്ധേയനാക്കുന്നു. ബാറ്റിംഗിലും രമേഷ് പവാര്‍ മികവ് പുലര്‍ത്തി. ആശിശ് നെഹ്റയ്ക്ക് പകരം ദില്ലി താരവും മീഡിയം പേസ് ബൗളറുമായ അമിത് ഭണ്ഡാരിയെ ടീമില്‍ എടുത്തിട്ടുണ്ടെങ്കിലും പെഷവാറില്‍ മത്സരിപ്പിയ്ക്കാന്‍ സാധ്യത കുറവാണ്.
എന്തായാലും പാകിസ്ഥാനിലെയും ഇന്ത്യയിലെയും ബൗളര്‍മാര്‍ക്ക് ഈ പരമ്പര പേടിസ്വപ്നമായി മാറിയിരിക്കുന്നു. കറാച്ചിയിലും റാവല്‍പിണ്ടിയിലും നേരിട്ട അതേ വിധി തന്നെയായിരിക്കും ബൗളര്‍മാരെ പെഷവാറിലും കാത്തിരിക്കുന്നത്. ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യാ-പാക് പരമ്പര കൂറ്റന്‍ സ്കോര്‍ കൊണ്ട് ലോകശ്രദ്ധയാകര്‍ഷിക്കുമെന്നുറപ്പ്.
പെഷവാറില്‍ ഇന്ത്യ ജയിക്കുമെന്നാണ് ഗാംഗുലി കഴിഞ്ഞ ദിവസം പ്രവചിച്ചത്. എന്തായാലും ബൗളര്‍മാരേക്കാള്‍ വിജയത്തിന് വേണ്ടി അധ്വാനിയ്ക്കേണ്ട ഭാരം ബാറ്റ്സ്മാന്‍മാര്‍ക്ക് തന്നെ.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ സൂചനവച്ചുനോക്കിയാല്‍ എതിരാളികളെ 275- 300 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ ഒരു ടീമിനും കഴിയുന്നില്ല. ആദ്യം ഫീല്‍ഡ് ചെയ്യുന്ന ടീമിന് എതിരാളികളെ 280 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ കഴിയണം. സ്കോര്‍ 330 കടന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അത്രയും വലിയ സ്കോറില്‍ എത്താന്‍ വിഷമമായിരിക്കും.- ഇതാണ് ഗാംഗുലിയുടെ വിലയിരുത്തല്‍.
പക്ഷെ പാകിസ്ഥാനെ 280 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ? ഒരോ മത്സരം കഴിയുമ്പോഴും നല്ല മാറ്റങ്ങളാണ് പാകിസ്ഥാന്‍ ടീമില്‍ കൊണ്ട് വരുന്നത്. കറാച്ചി മത്സരത്തിന് ശേഷം ഷഹീദ് ആഫ്രിദിയെ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാന്‍ കൊണ്ടുവന്നത് പാകിസ്ഥാന് ശരിയ്ക്കും അനുഗ്രഹമായി. ഇപ്പോഴിതാ ഓപ്പണിംഗ് കൂട്ടുകെട്ടിന് ഉമര്‍ തൗഫീക്കിനെയും പാകിസ്ഥാന്‍ തിരിച്ചുവിളിച്ചിരിക്കുന്നു. പ്രദര്‍ശനമത്സരത്തില്‍ പാക് എ ടീമിന് വേണ്ടി ഇന്ത്യയ്ക്കെതിരെ സെഞ്ച്വറി നേടിയ ബാറ്റ്സ്മാനാണ് ഉമര്‍ തൗഫീക്. പാകിസ്ഥാന്റെ ബാറ്റിംഗ് നിര അനുദിനം ശക്തിപ്പെട്ടുവരികയാണ്. അതുകൊണ്ട് ഗാംഗുലിയുടെ മോഹം നടപ്പിലാവുമോ എന്ന് കണ്ടറിയണം.












Click it and Unblock the Notifications