കേരളം തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് 40 ദിവസം കൂടി ബാക്കിനില്ക്കെ കേരളത്തില്‍ തിരഞ്ഞെടുപ്പ് ചൂടേറിത്തുടങ്ങി. തണുത്തുകിടക്കുന്ന ജനത്തിനെ ഉണര്‍ത്താന്‍ ബൂത്ത് തല യോഗങ്ങള്‍ തുടങ്ങിയതോടെ തിരഞ്ഞെടുപ്പ് രംഗത്ത് വീറും വാശിയും ഏറുന്നു.
ഒരു മാസം മുമ്പേ 20 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ചിട്ടയൊത്തപ്രവര്‍ത്തനങ്ങളുമായി ഒരു പടി മുന്നിലാണെന്ന് പറയാം. കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കം കാരണം കോണ്‍ഗ്രസിനവകാശപ്പെട്ട 17 സീറ്റുകളില്‍ 12 സ്ഥാനാര്‍ത്ഥികളെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ.
അതേ സമയം എഐസിസി ലിസ്റില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും പ്രചാരണരംഗത്തുണ്ട്. ഈ ലിസ്റില്‍ മാറ്റം വരില്ലെന്ന വിശ്വാസത്താലാണ് ഇവര്‍ പ്രവര്‍ത്തനരംഗത്തിറങ്ങിയിട്ടുള്ളത്.
ഇത്തവണയും യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പ്രധാനപോരാട്ടം. ബിജെപി കൂടിയുള്‍പ്പെട്ട എന്‍ഡിഎ ചിലയിടങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കുന്നു.
ബൂത്ത് തലപ്രചാരണത്തിനുള്ള പ്രവര്‍ത്തകരെ സംഘടിപ്പിയ്ക്കാനായി താഴേത്തട്ടിലുള്ള പ്രവര്‍ത്തകകണ്‍വെന്‍ഷനുകളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇത് കഴിയുന്നതോടെ തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ സജീവമാകും.
യുഡിഎഫും എല്‍ഡിഎഫും അവരുടെ സിറ്റിംഗ് എംപിമാരില്‍ ഭൂരിഭാഗം പേര്‍ക്കും സീറ്റ് നല്കിയിട്ടുണ്ട്. എന്‍ഡിഎയ്ക്ക് വേണ്ടി രണ്ട് കേന്ദ്രമന്ത്രിമാരാണ് മത്സരരംഗത്തുള്ളത്. ഒ. രാജഗോപാല്‍ തിരുവനന്തപുരത്തും പി.സി. തോമസ് മൂവാറ്റുപുഴയിലും ഭാഗ്യം തേടുന്നു.
മത്സരരംഗത്തുള്ള മറ്റുപ്രമുഖര്‍ ഇവരാണ്: ജനതാദള്‍ സംസ്ഥാനപ്രസിഡന്റായ എം.പി. വീരേന്ദ്രകുമാര്‍(കോഴിക്കോട്), മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പി.കെ. വാസുദേവന്‍നായര്‍(തിരുവനന്തപുരം), എഐസിസി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല(മാവേലിക്കര), മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ്(പൊന്നാനി).
കോണ്‍ഗ്രസിലെ സിറ്റിംഗ് എംപിമാരില്‍ വി.എസ്. ശിവകുമാര്‍(തിരുവനന്തപുരം), കൊടിക്കുന്നില്‍ സുരേഷ്(അടൂര്‍), വി.എം. സുധീരന്‍(ആലപ്പുഴ), എ.സി. ജോസ്(തൃശൂര്‍) എന്നിവരും മത്സരരംഗത്തുണ്ട്.
എഐസിസിയുടെ പച്ചക്കൊടി കാത്ത് കഴിയുന്നവരില്‍ പ്രധാനി കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലാണ്. മുകുന്ദപുരത്താണ് ഇവര്‍ മത്സരിക്കാന്‍ പോകുന്നത്.
1999ല്‍ നടന്ന കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 സീറ്റുകളില്‍ യുഡിഎഫ് 11 സീറ്റുകള്‍ നേടി. എല്‍ഡിഎഫ് ഒമ്പതും. പക്ഷെ യുഡിഎഫിന് വേണ്ടി മത്സരിച്ച പി.സി. തോമസ് എന്‍ഡിഎയിലേക്ക് കൂറുമാറുകയും എറണാകുളത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്യന്‍ പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്പിക്കുകയും ചെയ്തതോടെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.
ആകെ 2,07,18283 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍. പുരുഷവോട്ടര്‍മാരെ അപേക്ഷിച്ച് ഇവരുടെ സംഖ്യ 82,1485ഓളം കൂടുതല്‍ വരും.












Click it and Unblock the Notifications