കേരളത്തില്‍ എസി വിപ്ലവം
കൊച്ചി: ചൂട് കടുത്തതോടെ എയര്‍കണ്ടീഷണര്‍ വില്പനയില്‍ വന്‍വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 200-250 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം എയര്‍കണ്ടീഷണര്‍ വില്പനയില്‍ ഉണ്ടായത്.
എയര്‍കണ്ടീഷണറുകളുടെ വില കുറഞ്ഞതാണ് വില്പന കൂടാനുള്ള പ്രധാനകാരണം. എയര്‍കണ്ടിഷണര്‍ വാങ്ങാന്‍ പലിശയില്ലാതെ വായ്പ ലഭിക്കുമെന്നിരിക്കെ ഇടത്തരക്കാരും കൂടുതലായി എസി വാങ്ങുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം 25,000 രൂപ വിലയുണ്ടായിരുന്ന പ്രമുഖബ്രാന്റുകളുടെ എസി വില ഈ വര്‍ഷം 17,500ഓളം ആയി കുറച്ചിട്ടുണ്ട്. ഇത്രയും വില കുറഞ്ഞതാണ് ഉപഭോക്താക്കളെ പ്രധാനമായും ആകര്‍ഷിക്കുന്നത്. ചില എസികള്‍ക്ക് 10,000 രൂപ വരെ കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 40 എയര്‍കണ്ടിഷണറുകളാണ് തങ്ങള്‍ വിറ്റതെങ്കില്‍ ഈ മാര്‍ച്ചില്‍ നൂറിലേറെ എസി വിറ്റതായി കൊച്ചിയിലെ ആലപ്പാട്ട് സൂപ്പര്‍ ഷോപ്പ് മാനേജര്‍ സുശില്‍ ജോസഫ് പറഞ്ഞു. എസി വാങ്ങുന്ന മിക്കവരും ഇടത്തരക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 300 എയര്‍കണ്ടിഷണറുകളാണ് വിറ്റതെന്ന് വൈറ്റ് പ്ലാനറ്റ് മാനേജര്‍ ഷിഹാബ് പറഞ്ഞു.
വിന്‍ഡോ എസിയ്ക്കും സ്പ്ലിറ്റ് എസിയ്ക്കും ഒരു പോലെ ആവശ്യക്കാരുണ്ട്.
എല്‍ജിയും കാരിയറുമാണ് ഏറ്റവും കൂടുതല്‍ വിറ്റുപോവുന്ന എയര്‍കണ്ടിഷണര്‍ ബ്രാന്റുകള്‍. സാംസംഗും വേള്‍പൂളും ഹിറ്റാച്ചിയും വില്പനയില്‍ ഇവയുടെ തൊട്ടുപിന്നിലുണ്ട്.
കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷം എസികള്‍ വില്‍ക്കുക എന്നതായിരുന്നു എല്‍ജിയുടെ ലക്ഷ്യമെങ്കില്‍ ഈ വര്‍ഷം നാല് ലക്ഷം എസികള്‍ വില്‍ക്കുകയാണ് ലക്ഷ്യം.
അതേ സമയം വേനല്‍മഴ ലഭിച്ചതോടെ എസിയുടെ വില്പനയില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. പക്ഷേ ചൂട് വീണ്ടും കടുക്കുന്നതോടെ വില്പന കൂടുമെന്ന പ്രതീക്ഷയാണ് എസി വില്പനക്കാര്‍ക്കുള്ളത്.












Click it and Unblock the Notifications