കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാര്‍ഥനകള്‍ക്കും ഔട്ട്സോഴ്സിംഗ്

  • By Staff
Google Oneindia Malayalam News

കൊച്ചി: ബിസിനസ് പ്രോസസിംഗ് ഔട്ട്സോഴ്സിംഗിന് യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ആശ്രയിക്കുന്ന രാജ്യങ്ങളില്‍ പ്രമുഖമാണ് ഇന്ത്യ. ബിസിനസ് പ്രോസസിംഗ് മാത്രമല്ല തീര്‍ത്തും വ്യക്തിഗതമായ പ്രാര്‍ഥനകളും യൂറോപ്പില്‍ നിന്നും യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഐടി രംഗത്ത് പ്രഗത്ഭരായ പ്രൊഫഷണലുകള്‍ വേണ്ടത്രയില്ലാത്തതും ചെലവ് ഏറെ കുറയ്ക്കാമെന്നതും പരിഗണിച്ചാണ് യുഎസ്-യൂറോപ്യന്‍ കമ്പനികള്‍ ബിസിനസ് പ്രോസസിംഗ് ഔട്ട്സോഴ്സിംഗിന് മുതിരുന്നതെങ്കില്‍ ഏതാണ്ട് സമാനമായ കാരണങ്ങള്‍ തന്നെയാണ് പ്രാര്‍ഥനകളുടെ ഔട്ട്സോഴ്സിംഗിനും ഈ രാജ്യങ്ങളിലുള്ളവരെ പ്രേരിപ്പിക്കുന്നത്.

യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലും ക്രൈസ്തവ പുരോഹിതര്‍ വേണ്ടത്രയില്ല. ഇതുമൂലം വ്യക്തിഗതമായ പ്രാര്‍ഥനകള്‍ നടത്തുന്നതിന് ഇന്ത്യയിലെ പുരോഹിതരുടെ സേവനം തേടുന്നത് പതിവായിട്ടുണ്ട്. കൂടുതലായും കേരളത്തിലെ ക്രൈസ്തവ വികാരിമാരാണ് പാശ്ചാത്യ നാടുകളില്‍ നിന്നുള്ളവര്‍ക്ക് പ്രാര്‍ഥനാ ചടങ്ങ് നടത്തിക്കൊടുക്കുന്നത്.

മിഖായേല്‍ ഷൂമാക്കര്‍ ആസ്ട്രേലിയന്‍ ഗ്രാന്റ് പ്രിക്സില്‍ വിജയം നേടിയപ്പോള്‍ അദ്ദേഹത്തിന്റെ ഒരു ജര്‍മന്‍ ആരാധകന്‍ നന്ദിസൂചകമായ പ്രാര്‍ഥന നടത്തിയത് കേരളത്തിലാണ്. നന്ദിസൂചകമായ പ്രാര്‍ഥനകളും മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന പ്രാര്‍ഥനകളും നടത്താന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അഭ്യര്‍ഥനകള്‍ കേരളത്തിലെ ക്രൈസ്തവ വികാരികള്‍ക്ക് ലഭിക്കുന്നത് പതിവായിട്ടുണ്ട്.

അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇത്തരം അഭ്യര്‍ഥനകള്‍ അയയ്ക്കുന്നവര്‍ മൂന്ന് പൗണ്ടും നാലു പൗണ്ടുമാണ് നല്‍കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഫലം നല്‍കുന്നത് കുറയും.

ഇ-മെയില്‍ വഴിയും തപാല്‍ വഴിയുമാണ് മിക്ക അഭ്യര്‍ഥനകളും ലഭിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ക്രൈസ്തവ പുരോഹിതര്‍ക്ക് നേരിട്ടുള്ള ബന്ധങ്ങള്‍ അവിടങ്ങളിലുണ്ടാവാമെന്നത് ഇത്തരംഅഭ്യര്‍ഥനകള്‍ കൂടിവരാന്‍ കാരണമാവുന്നു.

പാരിസില്‍ ഏതാനും വര്‍ഷങ്ങള്‍ താമസിച്ചിട്ടുള്ള ഫാദര്‍ ബെന്‍സണ്‍ കുണ്ടളം ഈയിടെ പാരിസിലെ ഒരാള്‍ക്ക് തന്റെ മരിച്ച പിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി പ്രാര്‍ഥന നടത്തി. ആളുകള്‍ എവിടെ നിന്നുള്ളവരാണെന്നത് നോക്കാതെയാണ് തങ്ങള്‍ ഇത്തരം ചടങ്ങുകള്‍ നടത്താറുള്ളതെന്ന് ഫാദര്‍ ബെന്‍സണ്‍ കുണ്ടളം പറഞ്ഞു. പ്രതിഫലമെത്രയാണെന്നത് ഇക്കാര്യത്തില്‍ നോക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാദര്‍ ബെന്‍സണ്‍ കുണ്ടളത്തിന്റെ സഹപ്രവര്‍ത്തകനായ ഫാ. ടോണി പോളും ഇത്തരം അഭ്യര്‍ഥനകളുടെ അടിസ്ഥാനത്തില്‍ പ്രാര്‍ഥനകള്‍ നടത്താറുണ്ട്.

അതേ സമയം പ്രാര്‍ഥനകള്‍ ദശകങ്ങളായി ഔട്ട്സോഴ്സ് ചെയ്യുന്ന പതിവുണ്ടെന്നും ഇപ്പോള്‍ ഇത് ശ്രദ്ധാവിഷയമായത് കോര്‍പ്പറേറ്റ് ഔട്ട്സോഴ്സിംഗിന്റെ പശ്ചാത്തലത്തിലാണെന്നും സഭാ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

വിവര സാങ്കേതിക വിദ്യയുടെ രംഗത്ത് പുറം ജോലി നടപ്പാക്കുന്നതിനെതിരെ യു. എസില്‍ വലിയ പ്രക്ഷോഭം തന്നെ നടക്കുന്നുണ്ട്. ബ്രിട്ടനിലും തൊഴിലാളികള്‍ ജോലി ഇന്ത്യയിലേയ്ക്കും ചൈനയിലേയ്ക്കും പോകുന്നതിനെതിരെ ബഹളം വയ്ക്കുന്നുണ്ട്. ഇതേ വഴി തന്നെ സ്വീകരിയ്ക്കുകയാണ് യു എസിലെ പുരോഹിതരും.

അതിനിടെ യുഎസില്‍ പ്രാര്‍ഥനകള്‍ ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നതിനെതിരെ അവിടുത്തെ പുരോഹിതന്‍മാരില്‍ നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. യു. കെ. യിലെ അമിക്കസ് എന്ന പുരോഹിത സംഘടനയും ഇക്കാര്യത്തില്‍ ആശങ്കാകുലരാണ്. മറ്റ് പല ജോലികളും പുറം നാട്ടിലേയ്ക്ക് പോകുന്നത് കേട്ടിട്ടുണ്ട്. അത് രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് ആഘാതം ഏല്‍പ്പിയ്ക്കുന്നുമുണ്ട്. പക്ഷേ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പുറം നാട്ടില്‍ പ്രാര്‍ത്ഥനനടത്തുക എന്നത് ഞെട്ടിപ്പിയ്ക്കുന്ന വസ്തുതയാണ്. അമിക്കസിന്റെ ബ്രിട്ടനിലെ സെക്രട്ടറിയുടെ പ്രതികരണമാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X