വയനാട് ആത്മഹത്യാകേന്ദ്രമല്ല
കല്പറ്റ: കൃഷിനാശം മൂലം കര്‍ഷകരുടെആത്മഹത്യ പെരുകിവരുന്നത് ഈ വര്‍ഷത്തെ സവിശേഷ പ്രതിഭാസമായാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതെങ്കിലും വയനാട്ടില്‍ ഇത് നിത്യസംഭവമാണെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. വയനാട് ജില്ലയില്‍ കര്‍ഷകര്‍ക്കിടയില്‍ ആത്മഹത്യ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കൂടിവരികയാണെന്നാണ് ജില്ലാ കുറ്റകൃത്യ റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ 10 വര്‍ഷമായി ഏതാണ്ട് മുന്നൂറോളം പേരാണ് വയനാട്ടില്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം മുന്നൂറിന് മുകളിലാണ്. 1999ല്‍ 387 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2000ല്‍ 367 പേരും 2001ല്‍ 311 പേരും 2002ല്‍ 320 പേരും 2003ല്‍ 367 പേരും ആത്മഹത്യ ചെയ്തു.
ഈ വര്‍ഷത്തെ കടുത്ത കൃഷിനാശവും വരള്‍ച്ചയും മൂലം കര്‍ഷകര്‍ കൂടുതലായി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന ധാരണ ശരിയല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെയും ആദ്യ മൂന്ന് മാസങ്ങളിലെ ആത്മഹത്യകളുടെ എണ്ണം ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസമുണ്ടായ ആത്മഹത്യകളേക്കാള്‍ കുറവാണെന്ന് കാണാം. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസം 79 പേരാണ് മരിച്ചത്. 2003ല്‍ ജനവരി-മാര്‍ച്ച് കാലയളവില്‍ 89 പേരും 2002ല്‍ 96 പേരുമാണ് മരിച്ചത്.
വയനാട്ടിലെ പ്രധാന കാര്‍ഷിക വിളയായ കുരുമുളകിന്റെ വില ക്വിന്റലിന് 25,000 രൂപയായി ഉയര്‍ന്ന സുവര്‍ണവര്‍ഷമായിരുന്ന 1999-2000ല്‍ ആണ് വയനാട്ടില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തത്. കാര്‍ഷികരംഗത്തെ പ്രതിസന്ധിയാണ് വയനാട്ടിലെ കര്‍ഷകരുടെ ആത്മഹത്യയ്ക്ക് കാരണമെന്ന നിഗമനം ശരിയല്ലെന്ന് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ് ഇവിടുത്തെ ആത്മഹത്യയുടെ പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്ന ഘടകമെന്നും വിലയിരുത്തപ്പെടുന്നു. വയനാട് ജില്ലയില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരാണ്. വിദ്യാഭ്യാസത്തില്‍ പിന്നിലായതിനാല്‍, ജീവിതത്തില്‍ പ്രതിസന്ധി നേരിടുമ്പോള്‍ അവര്‍ എളുപ്പത്തില്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം ആത്മഹത്യചെയ്ത 1,752 പേരെ എടുത്താല്‍ ഇതില്‍ നാല് ബിരുദാനന്തര ബിരുദക്കാരും 12 ബിരുദധാരികളുമേ ഉള്ളൂ.
ആത്മഹത്യ ചെയ്തവരില്‍ 50 ശതമാനവും പേരും ഏഴാം ക്ലാസ് കടക്കാത്തവരാണ്. ഇതില്‍ 30 ശതമാനം പേര്‍ എസ്എസ്എല്‍സി തോറ്റവരാണ്. ഭൂരിഭാഗം പേരും 30നും 55നും ഇടയില്‍ പ്രായമായവരാണ്. കര്‍ഷകരോ കാര്‍ഷികമേഖലയില്‍ ജോലി നോക്കുന്നവരോ ആണ് മരിച്ചവരെല്ലാം.
അതേ സമയം മറ്റ് കാര്‍ഷിക ജില്ലകളായ ഇടുക്കിയുമായും പാലക്കാടുമായും താരതമ്യം ചെയ്യുമ്പോള്‍ വയനാട്ടിലെ ആത്മഹത്യാനിരക്ക് കുറവാണ്. 1995ല്‍ ഇടുക്കിയില്‍ 553 പേരും പാലക്കാട്ട് 812 പേരുമാണ് ആത്മഹത്യ ചെയ്തത്. വയനാട്ടില്‍ ഈ വര്‍ഷം 315 പേര്‍ മാത്രമാണ് ജീവനൊടുക്കിയത്. 2002ല്‍ പാലക്കാട്ട് 871 പേരും ഇടുക്കിയില്‍ 565 പേരും ആത്മഹത്യ ചെയ്തപ്പോള്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തത് 320 പേര്‍ മാത്രമാണ്.
ദേശീയ കുറ്റകൃത്യകണക്കെടുപ്പ് ബ്യൂറോ(നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ)യുടെ കണക്ക് പ്രകാരം കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ നിരക്കിന്റെ മൂന്നിരട്ടി വരും. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തില്‍ 2002ല്‍ 11,000 പേര്‍ ആത്മഹത്യ ചെയ്തു. കാര്‍ഷികമേഖലയിലെ ആത്മഹത്യാകേന്ദ്രമായി കണക്കാക്കുന്ന ആന്ധ്രയില്‍ ഈ വര്‍ഷം 9,433 പേര്‍ മാത്രമാണ് ജീവനൊടുക്കിയത്.












Click it and Unblock the Notifications