Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോ: വമ്പന്മാരില്ലാത്ത സെമിഫൈനല്‍

പോര്‍ച്ചുഗല്‍: യൂറോകപ്പിന്റെ സെമിഫൈനല്‍ പോരാട്ടത്തിനുള്ള ടീം നിരയായി- ചെക്കോസ്ലോവാക്യ, പോര്‍ച്ചുഗല്‍, നെതര്‍ലാന്റ്, ഗ്രീസ്. ടീമുകളുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഇത് യൂറോ കപ്പിന്റെ സെമിഫൈനലോ എന്ന് ഫുട്ബാള്‍ കമ്പക്കാര്‍ അതിശയിക്കും.

കാരണം യൂറോകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വമ്പന്‍ടീം നിരയില്ലാതെ ഒരു സെമി ഫൈനല്‍ അരങ്ങേറുന്നത്. ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്പെയിന്‍, ഇറ്റലി.... പോരാട്ടത്തിന്റെ വഴികളില്‍ തകര്‍ന്നുവീണത് വമ്പന്‍സിംഹങ്ങളാണ്.

പക്ഷെ അതുകൊണ്ട് യൂറോകപ്പ് സെമിയുടെ മാറ്റ് കുറയുന്നില്ല. ഇതിനകം തന്നെ ഗ്രീസിന്റെയും പോര്‍ച്ചുഗലിന്റെയും നെതര്‍ലാന്റ്സിന്റെയും ചെക്കോസ്ലോവാക്യയുടെയും താരങ്ങള്‍ ജനങ്ങളുടെ ആരാധനാപാത്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. അവരുടെ പോരാട്ടവീര്യം ലോകമെങ്ങും അംഗീകരിച്ചു കഴിഞ്ഞു.

സെമിനിരയില്‍ പോര്‍ച്ചുഗല്‍, ചെക്കോസ്ലോവാക്യ, നെതര്‍ലാന്റ്സ് എന്നീ ടീമുകള്‍ ഒന്നാം നിരയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ടീമുകളാണ്. എന്നാല്‍ ഗ്രീസ്- ഈ ടീമാണ് അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകളഞ്ഞത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തിക്കൊണ്ടുള്ള ഗ്രീസിന്റെ വരവ് ഗംഭീരമായിരുന്നു. കളിയ്ക്ക് തൊട്ടുമുമ്പ് 500ല്‍ ഒന്ന് മാത്രമായിരുന്നു വിദഗ്ധര്‍ ഗ്രീസിന് കല്പിച്ച സാധ്യത.

ഇപ്പോഴത്തെ നാല് സെമിഫൈനല്‍ ടീമുകളില്‍ ഫിഫ റാങ്കിംഗ് പ്രകാരം ഒന്നാംസ്ഥാനത്ത് നില്ക്കുന്നത് നെതര്‍ലാന്റ്സ് ആണ്. അതുകൊണ്ട് നെതര്‍ലാന്റ്സിനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്പിയ്ക്കുന്നത്. പക്ഷെ ചെക്കോസ്ലോവാക്യയുടെ പോരാട്ട വീര്യം തള്ളിക്കളയാനാവില്ല. ഗ്രീസിന്റെ അട്ടിമറിദാഹവും. പോര്‍ച്ചുഗല്‍ ഇതിനകം തന്നെ ലോകത്തെ ഏത് ടീമിനെയും വെല്ലുവിളിയ്ക്കാനുള്ള കരുത്ത് നേടിക്കഴിഞ്ഞു.

ബെക്കാമിനെയും സിനെദിന്‍ സിദാനെയും ജനം മറന്നുകഴിഞ്ഞു. ചെക്കോസ്ലോവാക്യയുടെ മിലാന്‍ ബാരോസ്, പോര്‍ച്ചുഗലിന്റെ ക്യാപ്റ്റന്‍ ലൂയി ഫിഗോയും ഫോര്‍വേഡ് റൊണാള്‍ഡോയും, നെതര്‍ലാന്റിന്റെ റുഡ് വാന്‍ നിസ്റെല്‍റൂയി, ഗ്രീസിന്റെ ഏഞ്ചലോസ് ഹരിസ്റിയസ്.....ഇനി യൂറോപ്യന്‍ ക്ലബുകളുടെ ഏറ്റവും വിലകൂടിയ താരങ്ങളായി ഇവര്‍ മാറിയാലും അതിശയിക്കേണ്ട.

ചെക് ടീമിന്റെ പടക്കുതിരയാണ് മിലാന്‍ ബാരോസ്. വ്യക്തിഗതമായ നേട്ടത്തില്‍ മിലാന്‍ ബാരോസിന് വിശ്വാസമില്ല. ടീമിന്റെ വിജയം അതാണ്് ലക്ഷ്യം. അതിന് വേണ്ടി വേണമെങ്കില്‍ സ്വയം ഗോളടിയ്ക്കും. യൂറോകപ്പില്‍ അഞ്ച് ഗോളടിച്ച് മുന്നില്‍ നില്ക്കുന്ന മിലാന്‍ ബാരോസ് ഇപ്പോള്‍ മാത്രമാണ് താനാണ് ഗോള്‍നിരയില്‍ മുന്നിലാണെന്ന് അറിയുന്നത്. ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ കഥ കഴിച്ചത് മിലാന്‍ ബാരോസിന്റെ രണ്ട് ഗോളുകളാണ്.

ലൂയി ഫിഗോ ഇതിനകം അന്താരാഷ്ട്രക്ലബുകള്‍ക്ക് പ്രിയപ്പെട്ട താരമാണ്. ബാഴ്സലോണയ്ക്കും റയല്‍ മാഡ്രിഡിനും വേണ്ടി ഫിഗോ കളിച്ചിട്ടുണ്ട്. 2000ലെ മികച്ച യൂറോപ്യന്‍ ഫുട്ബാള്‍ കളിക്കാരനായിരുന്നു. പന്തുകൊണ്ട് ഫിഗോയ്ക്ക് ചെയ്യാന്‍ അറിയാത്തതായി യാതൊന്നുമില്ല. പന്തുമായി വേഗത്തിലോടാന്‍, ഡ്രിബിള്‍ ചെയ്യാന്‍, പാസ് ചെയ്യാന്‍, ശക്തമായി പായിക്കാന്‍... എല്ലാം ഫിഗോയ്ക്ക് കഴിയും. എതിരാളികളുടെ ദൗര്‍ബല്യങ്ങള്‍ അറിഞ്ഞ് ഗോള്‍ തന്ത്രങ്ങള്‍ ആവിഷ്കരിയ്ക്കാനും ഫിഗോ മിടുക്കനാണ്. പോര്‍ച്ചുഗല്‍ ടീമിന്റെ നട്ടെല്ലാണ് ഫിഗോ.

വെറും 19 വയസ്സേ ആയിട്ടുള്ളൂ റൊണാള്‍ഡോയ്ക്ക്. യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്റെ വിജയത്തിന് വേണ്ടി മികച്ച പ്രകടനമാണ് റൊണാള്‍ഡോ നടത്തിയത്. ഇതിനകം തന്നെ ബ്രസീലിന്റെ റൊണാള്‍ഡോയോളം ഹരമായിരിക്കുകയാണ് പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോയും.

മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ താരമായ റുഡ് വാന്‍ നിസ്റല്‍ റൂയി ലോകം ശ്രദ്ധിയ്ക്കുന്ന ഫുട്ബാള്‍ താരമാണ്. ഗോളടിയ്ക്കാനുള്ള ആര്‍ത്തിയാണ് നിസ്റല്‍ റൂയിയെ വ്യത്യസ്തനാക്കുന്നത്. ചെറിയ അവസരങ്ങള്‍ പോലും ഗോളാക്കി മാറ്റാന്‍ കഴിയുമെന്നതിനാല്‍ ശത്രുക്കള്‍ റൂയിയെ ഭയപ്പെടുന്നു. പെനാല്‍റ്റി ബോക്സിനുള്ളില്‍ കടന്നാല്‍ എതിരാളിയുടെ ചെറിയ പിഴവ് പോലും റൂയി ഗോളാക്കി മാറ്റും. എത്ര അകലെ നിന്നും വെടിക്കെട്ടുപോലെ ഷൂട്ട് പായിക്കാന്‍ റൂയിയ്ക്ക് കഴിയുന്നു.

ഗ്രീസിന്റെ ഏഞ്ചലോസ് ഹരിസ്റിയസ് അപകടകാരിയാണ്. എതിരാളിയുടെ വല കുലുക്കുക എന്നതാണ് ഹരിസ്റിയസിന്റെ ഒരേ ലക്ഷ്യം. തനിയ്ക്ക് അതിന് കഴിഞ്ഞില്ലെങ്കില്‍ അതിന് കഴിയുന്നവന് പന്തെത്തിയ്ക്കുന്നതില്‍ ഹരിസ്റിയസ് മികവ് കാട്ടുന്നു. ഫ്രാന്‍സിനെ ഞെട്ടിച്ചുകൊണ്ട് 65ാം മിനിറ്റില്‍ ഗോള്‍ നേടിയത് ഹരിസ്റിയസിന്റെ അപകടകരമായ ഹെഡറായിരുന്നു. വിജയം ഒരിയ്ക്കുലും ചുളുവില്‍ നേടുന്നതല്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ടീമായ ഫ്രാന്‍സിനെ അട്ടിമറിച്ചത് കഠിനാധ്വാനത്തിലൂടെയാണെന്നും ഹരിസ്റിയസ് പറയുന്നു.

കോച്ചുമാരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് പോര്‍ച്ചുഗലിന്റെ കോച്ച് സ്കൊളാരിയാണ്. 2002ല്‍ ലോകകപ്പ് ചാമ്പ്യന്മാരായ ബ്രസീലിന്റെ കോച്ചായിരുന്നു സ്കൊളാരി. വന്‍തുക നല്കിയാണ് പോര്‍ച്ചുഗല്‍ സ്കൊളാരിയെ വാങ്ങിയത്. 2006ലേക്കുള്ള പോര്‍ച്ചുഗലിന്റെ ലോകകപ്പ് ടീമിനെ ഒരുക്കാനുള്ള ജോലിയും പോര്‍ച്ചുഗല്‍ സ്കൊളാരിയെ ഏല്പിച്ചിരിക്കുകയാണ്. ടീമിലാണ് സ്കൊളാരിയുടെ ശ്രദ്ധ. വ്യക്തിയിലല്ല. എത്ര വലിയ താരമായാലും അല്പം പതറുന്നുവെന്ന് തോന്നിയാല്‍ സ്കൊളാരി കളിക്കളത്തില്‍ നിന്നും അയാളെ മടക്കിവിളിയ്ക്കും. അങ്ങിനെ പോര്‍ച്ചുഗല്‍ ടീം ക്യാപ്റ്റന്‍ ലൂയി ഫിഗോയെ യൂറോ കപ്പില്‍ രണ്ട് തവണയാണ് സ്കൊളാരി മടക്കിവിളിച്ചത്. ഇത് പോര്‍ച്ചുഗലില്‍ വലിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. പക്ഷെ കളികള്‍ ജയിച്ച് പോര്‍ച്ചുഗല്‍ മുന്നേറുന്നതിനാല്‍ ആരും സ്കൊളാരിയ്ക്കെതിരെ വിരല്‍ ചൂണ്ടാന്‍ തയ്യാറല്ല.

ഇതിനകം അഞ്ച് ഗോള്‍ നേടിയ മിലാന്‍ ബാരോസാണ് ഗോള്‍ നിരയില്‍ മുന്നില്‍. തൊട്ടുപിന്നില്‍ നാല് ഗോള്‍ വീതം നേടിയ രണ്ട് പേരുണ്ട്- ഇംഗ്ലണ്ടിന്റെ റൂണിയും നെതര്‍ലാന്റ്സിന്റെ റൂഡ് വാന്‍ നിസ്റെല്‍റൂയിയും.

സെമിയില്‍ പോര്‍ച്ചുഗല്‍ നെതര്‍ലാന്റ്സിനെയും ഗ്രീസ് ചെക്കോസ്ലോവാക്യയെയും നേരിടും. ജൂണ്‍ 30 ബുധനാഴ്ചയാണ് പോര്‍ച്ചുഗല്‍-നെതര്‍ലാന്റ്സ് സെമിഫൈനല്‍ മത്സരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+