മസ്കറ്റ് പഞ്ചനക്ഷത്രപദവിയിലേക്ക്
പഞ്ചനക്ഷത്രസൗകര്യങ്ങളോടെ നവീകരിച്ച മസ്കറ്റ് ഹോട്ടല്‍ ജൂലൈ 15 വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി എ. കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
പൊതുമേഖലാരംഗത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര സൗകര്യമുളള ആദ്യത്തെ ഹോട്ടലായിരിക്കും തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടല്‍. ഹോട്ടലിന്റെ പുതുതായി പണിത ബ്ലോക്കില്‍ 36 ഡീലക്സ് മുറികളും 11 എക്സിക്യൂട്ടീവ് മുറികളും രണ്ട് സ്യൂട്ടുകളും ഉള്‍പ്പെടെ 49 മുറികളാണുള്ളത്. ഇതിന് പുറമെ പഴയ മസ്കറ്റ് ഹോട്ടലിലെ 15 മുറികള്‍ കൂടിയുണ്ട്.
നവീകരിച്ച ഹോട്ടലില്‍ നാല് കോണ്‍ഫറന്‍സ് ഹാളുകളും ബോര്‍ഡ് യോഗത്തിനായി ബോര്‍ഡ് ഹാളുമുണ്ട്. സിംഫണി, ഹാര്‍മണി, മെലഡി, സൊണാറ്റ എന്നിങ്ങനെയാണ് കോണ്‍ഫറന്‍സ് ഹാളുകള്‍ക്ക് പേരിട്ടിരിക്കുന്നത്. ബോര്‍ഡ് റൂമിന് സോപാനം എന്നാണ് പേര്.
ബാറിന് റുബയ്യാത്ത് എന്നും കോഫി ഷോപ്പിന് സുരഭി എന്നും പ്രധാന റസ്റോറന്റിന് ലാവണ്യ എന്നും പേര് നല്‍കിയിരിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നിലവാരത്തില്‍ നീന്തല്‍ക്കുളവും ഹെല്‍ത്ത് ക്ലബും ബ്യൂട്ടി പാര്‍ലറുകളുമുണ്ട്. നീന്തല്‍ക്കുളത്തിന് കളിപ്പൊയ്ക എന്നും ഹെല്‍ത്ത് ക്ലബിന് കായകല്പം എന്നും പുരുഷന്‍മാര്‍ക്കുള്ള ബ്യൂട്ടിപാര്‍ലറിന് സൗന്ദര്യ എന്നും സ്ത്രീകള്‍ക്കുള്ള ബ്യൂട്ടി പാര്‍ലറിന് ലാവണ്യ എന്നുമാണ് പേരിട്ടിട്ടുള്ളത്. കവി ഒ. എന്‍. വി. കുറുപ്പാണ് ഈ പേരുകള്‍ നിര്‍ദേശിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച മസ്കറ്റ് ഹോട്ടലിന്റെ പ്രൗഢി തെല്ലും കുറയാതെയാണ് പുനര്‍നിര്‍മിച്ചിരിക്കുന്നതെന്ന് ടൂറിസം മന്ത്രി പി. ശങ്കരന്‍ പറഞ്ഞു. ടൂറിസം സെക്രട്ടറി ടി. ബാലകൃഷ്ണന്‍, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ എം. എന്‍. ഗുണവര്‍ധനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications