വെള്ളത്തിന് വേണ്ടി യുദ്ധം...
അടുത്ത നൂറ്റാണ്ടിലെ യുദ്ധം വെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന പരിസ്ഥിതി വിദഗ്ധരുടെ പ്രവചനം യാഥാര്‍ത്ഥ്യമാവുകയാണ്. കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിയമസഭയില്‍ പാസാക്കാന്‍ എടുത്ത ജലബില്‍ ഇതിന്റെ വ്യക്തമായ സൂചനയാണ്.
ഇതില്‍ പഞ്ചാബും അയല്‍ സംസ്ഥാനങ്ങളായ ഹര്യാനയും രാജസ്ഥാനും തമ്മിലാണ് യുദ്ധം. ഇതേ യുദ്ധം കര്‍ണ്ണാടകവും തമിഴ്നാടും തമ്മിലും കേരളവും തമിഴ്നാടും തമ്മിലും നടക്കുന്നു. ജലത്തിന് വേണ്ടി ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള യുദ്ധം അധികം വൈകില്ല. ഇന്ത്യയില്‍ അതിഗൗരവമായ ഭരണാഘടനാപ്രതിസന്ധിയ്ക്ക് കൂടി ഈ യുദ്ധം വഴിവയ്ക്കും.
അതിന്റെ തുടക്കമാണ് പഞ്ചാബില്‍ കണ്ടത്. നാല് അയല്‍സംസ്ഥാനങ്ങളുമായുള്ള എല്ലാ നദീജലകരാറുകളും റദ്ദാക്കിക്കൊണ്ടുള്ള ജലബില്ലാണ് പാസാക്കാനായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിയമസഭയില്‍ അവതരിപ്പിച്ചത്.
അമരീന്ദര്‍ സിംഗിന്റെ നടപടിയെച്ചൊല്ലി കഴിഞ്ഞ ദിവസം പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ ദില്ലിയ്ക്ക് വിളിപ്പിച്ചിരിയ്ക്കുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ അമരീന്ദര്‍ സിംഗിന്റെ നടപടി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന ഒന്നായിപ്പോയെന്ന പരാതി വ്യാപകമായിരിക്കുകയാണ്. അമരീന്ദര്‍ സിംഗിന്റെ നടപടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഒരുപോലെ രോഷാകുലരാണ്. തങ്ങളുടെ നിലപാട് മയമില്ലാത്ത ഭാഷയില്‍ തന്നെ ഇരുവരും അമരീന്ദര്‍സിംഗിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സുപ്രീംകോടതി സത്ലേജ് യമുന ലിങ്ക് കനാല്‍ കേസില്‍ നടത്തിയ വിധിയുടെ നഗ്നമായ ലംഘനമായിരുന്നു പഞ്ചാബ് നിയമസഭയില്‍ കഴിഞ്ഞ ദിവസം പാസാക്കിയ ജലബില്‍. പഞ്ചാബിലെ രവി, ബിയാസ് നദികളിലെ വെള്ളം അയല്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന് സംബന്ധിച്ചുള്ള കരാറാണ് പഞ്ചാബ് ജലബില്ലിലൂടെ റദ്ദാക്കിയത്. മാത്രമല്ല ഈ ബില്ലിന് ഗവര്‍ണറുടെ അനുമതി ലഭിയ്ക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി രജീന്ദര്‍ കൗര്‍ ഭട്ടലും അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലും ഒന്നിച്ച് ഗവര്‍ണറെ കണ്ടിരുന്നു.
രവി, ബിയാസ് നദികളിലെ വെള്ളം ഹര്യാനയിലെത്തിക്കുന്നതിനുള്ള സത്ലജ് യമുന ലിങ്ക് കനാലിന്റെ പണി ജൂലായ് 15ന് ആരംഭിയ്ക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ സുപ്രീംകോടതി വിധിയെ ലംഘിയ്ക്കുന്നതായിരുന്നു പഞ്ചാബ് നിയമസഭ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ജലബില്‍. നദീജലക്കരാര്‍ കാലഹരണപ്പെട്ടതാണെന്നും മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാന്‍ പഞ്ചാബില്‍ അധികജലമില്ലെന്നും കഴിഞ്ഞ ദിവസം അമരീന്ദര്‍സിംഗ് നിയമസഭയില്‍ പ്രസംഗിച്ചിരുന്നു. സുപ്രീംകോടതി വിധിയ്ക്കെതിരെ പഞ്ചാബിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒറ്റക്കെട്ടായി നീങ്ങുകയാണ്. എല്ലാവരും അമരീന്ദര്‍സിംഗിനെ പിന്തുണയ്ക്കുകയാണ്.
1981 ഡിസംബര്‍ 31നാണ് പഞ്ചാബ്, ഹര്യാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നദീജലക്കരാര്‍ ഒപ്പിട്ടത്. കരാറനുസരിച്ച് രവി, ബിയാസ് നദികളിലെ മിച്ചജലം ഹരിയാനയ്ക്കും രാജസ്ഥാനും നല്കാന്‍ പഞ്ചാബ് തയ്യാറാകണം. വെള്ളമെത്തിയ്ക്കാന്‍ സത്ലജ്-യമുന ലിങ്ക് കനാല്‍ പണിയണം. -ഇത്രയുമായിരുന്നു കരാറിലെ വ്യവസ്ഥ. എന്നാല്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കരാര്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. ജൂണ്‍ നാലിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് പഞ്ചാബിന് തിരിച്ചടിയായത്. കനാല്‍ നിര്‍മ്മാണച്ചുമതല ജൂലായ് 15ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെ ഏല്പിയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയ പഞ്ചാബ് മുഖ്യമന്ത്രിയുടെ നടപടി കണ്ടിട്ട് പ്രധാനമന്ത്രി ഉറക്കംതൂങ്ങുകയാണോ എന്നാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയില്‍ ചോദിച്ചത്. ഇതിന് കോണ്‍ഗ്രസ് ഭാഗത്ത് നിന്നും കൃത്യമായ മറുപടി നല്കാന്‍ കഴിഞ്ഞില്ല. പ്രശ്നം ഒതുക്കിതീര്‍ക്കാന്‍ ഇപ്പോള്‍ പഞ്ചാബ്, ഹര്യാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരെ ദില്ലിയില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി.
ലോക്സഭയിലെ കനത്ത പരാജയത്തെ തുടര്‍ന്ന് അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ആലോചിച്ചുവരികയായിരുന്നു. അതിനിടയിലാണ് പഞ്ചാബിന്റെ മുഴുവന്‍ താല്പര്യംസംരക്ഷിയ്ക്കാനുള്ള നടപടിയെന്നോണം അമരീന്ദര്‍ സിംഗ് അയല്‍സംസ്ഥാനങ്ങളുമായുള്ള ജലക്കരാറുകള്‍ റദ്ദാക്കുന്ന ജലബില്‍ പാസാക്കിയത്. എന്തായാലും ഈ നീക്കം അമരീന്ദര്‍ സിംഗിന്റെ ആയുസ്സ് നീട്ടിക്കൊടുത്തിരിക്കുകയാണ്.
പഞ്ചാബ് മുഖ്യമന്ത്രിയുടെ ഈ നടപടിയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന ഏത് നീക്കത്തിനും ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, ജസ്വന്ത് സിംഗ് എന്നിവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
മന്‍മോഹന്‍സിംഗ് എടുക്കുന്ന തീരുമാനം ഏതായാലും പഞ്ചാബിലെ ജലം അന്യസംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നതിനെതിരെ പഞ്ചാബിലെ കര്‍ഷകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും രോഷം ആളിക്കത്തുകയാണ്. അതിന് എതിരുനില്ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടും എന്നതാണ് അവസ്ഥ.












Click it and Unblock the Notifications