Get Updates
Get notified of breaking news, exclusive insights, and must-see stories!

അനന്തുവിനും അക്ഷരയ്ക്കും പഠിയ്ക്കാന്‍ ഇടമില്ലേ?

15ാം എയ്ഡ്സ് അന്താരാഷ്ട്ര സമ്മേളനത്തില്‍ ബാങ്കോക്കില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പ്രസംഗിച്ചത് ഇന്നാണ്(2004, ജൂലായ് 16 വെള്ളിയാഴ്ച). പക്ഷെ ഈ വെള്ളിയാഴ്ച തന്നെ തലശ്ശേരിയിലെ കൊട്ടിയൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവന്‍ എയ്ഡ്സ് ബാധിച്ച രണ്ട് കുട്ടികള്‍ക്ക് നേരെ വിദ്യാഭ്യാസത്തിന്റെ വാതില്‍ കൊട്ടിയടയ്ക്കുകയും ചെയ്തു.

പണ്ട് കുഷ്ഠരോഗികള്‍ക്കായിരുന്നു ഈ ദുര്യോഗം. രോഗം പകരുമെന്ന ധാരണയാല്‍ കുഷ്ഠരോഗികളെ ആട്ടിപ്പായിക്കുന്ന സ്ഥിതിവിശേഷത്തില്‍ നിന്ന് നമ്മള്‍ ഉണരാന്‍ എത്രയോ വര്‍ഷമെടുത്തു.

ഇപ്പോഴിതാ പുതിയ നൂറ്റാണ്ട് സമ്മാനിച്ച രോഗത്തോടും നമ്മള്‍ അതേ നയം തുടരുന്നു. എയ്ഡസ്- ചികിത്സാവിധികളില്ലാത്ത ഈ രോഗത്തേക്കാള്‍ രോഗികളെയാണ് നാം കൂടുതല്‍ ഭയപ്പെടുന്നത്. എയ്ഡ്സ് പിടിച്ച് മരിച്ച അച്ഛന്റെ എയ്ഡ്സ് രോഗികളായ രണ്ട് കുട്ടികളുടെ നേരെ സമൂഹം കാട്ടുന്ന അനീതി കഴിഞ്ഞ ദിവസം കണ്ണൂരില്‍ നാം കണ്ടു. കുട്ടികളുടെ അച്ഛന്‍ ഷാജി എയ്ഡ്സ് ബാധിച്ച് കഴിഞ്ഞവര്‍ഷം ജൂണില്‍ മരിച്ചിരുന്നു. ഷാജിയുടെ മൂന്ന് മക്കളില്‍ മൂത്തമകള്‍ ആതിരയ്ക്ക് എച്ച്ഐവി ബാധയില്ല. താഴെയുള്ള മക്കളായ അനന്തുവിനും അക്ഷരയ്ക്കും എച്ച്ഐവി ബാധയുണ്്. അവരുടെ അമ്മയ്ക്കും എച്ച്ഐവി ബാധയുണ്ട്.

എയ്ഡ്സ് രോഗികളായ മക്കളെ-അനന്തുവിനെയും അക്ഷരയെയും- പഠിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ അമ്മ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ്ണ ശ്രദ്ധേയമായിരുന്നു. മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് നല്കിയ പ്രാധാന്യം കാരണമാകാം, മുഖ്യമന്ത്രി ആന്റണി അദ്ദേഹത്തിന്റെ കാബിനില്‍ വിളിച്ചുവരുത്തി അമ്മയ്ക്ക് ഒരു ഉറപ്പുകൊടുത്തു- ഈ കുട്ടികളെ പഠിപ്പിയ്ക്കാന്‍ അവസരമുണ്ടാക്കാം.

കുട്ടികള്‍ക്ക് തൊട്ടടുത്തുള്ള സ്കൂള്‍ തലശ്ശേരിയിലെ കൊട്ടിയൂര്‍ എസ്എന്‍ഡിപി സ്കൂളാണ്. അവിടെ കുട്ടികളെ ചേര്‍ത്താന്‍ വേണ്ട നടപടി കൈക്കൊള്ളാന്‍ ആന്റണി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ശശിധരനെ ചുമതലപ്പെടുത്തി. പിറ്റേന്ന് ശശിധരന്റെ സംരക്ഷണത്തില്‍, മുഖ്യമന്ത്രിയുടെ ഉത്തരവുമായി സ്കൂളില്‍ ചെന്ന കുട്ടികളെ രക്ഷിതാക്കള്‍ സ്കൂള്‍ കവാടത്തില്‍ തടയുകയായിരുന്നു.

സ്കൂള്‍ മാനേജ്മെന്റിന്റെയും പിടിഎയുടെയും എതിര്‍പ്പുമൂലം കുട്ടികള്‍ക്ക് പ്രവേശനം നല്കാനാവില്ലെന്ന് രേഖാമൂലം എഴുതി നല്കിയ ഹെഡ്മിസ്ട്രസ് സി.പി. ഗിരിജയെ സസ്പെന്റ് ചെയ്തു. പിറ്റേന്ന് തലശ്ശേരിയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിനോദ് കുമാര്‍ നേരിട്ട് ഹാജരായി കുട്ടികള്‍ക്ക് രേഖാമൂലം കൊട്ടിയൂര്‍ എസ്എന്‍ഡിപി സ്കൂളില്‍ പ്രവേശനം നല്കി.

ഔദ്യോഗികമായി സ്കൂള്‍ രജിസ്ററില്‍ ഇപ്പോള്‍ അനന്തുവിന്റെയും അക്ഷരയുടെയും പേരുകളുണ്ട്. പക്ഷെ ഇവരെ സ്കൂളില്‍ പ്രവേശിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന പിടിവാശിയിലാണ് രക്ഷിതാക്കള്‍. വേണമെങ്കില്‍ ഈ രണ്ട് കുട്ടികള്‍ക്ക് മാത്രമായി വേറെ ക്ലാസ് മുറിയും പ്രത്യേക ടീച്ചറെയും സര്‍ക്കാര്‍ അനുവദിയ്ക്കട്ടെ എന്ന നിലപാടിലാണ് രക്ഷിതാക്കള്‍. പക്ഷെ ഈ ക്ലാസ് മുറി സ്കൂള്‍ കെട്ടിടത്തിന്റെ 500 മീറ്റര്‍ ചുറ്റളവിന് പുറത്ത് മാത്രമേ സ്ഥാപിയ്ക്കാവൂ എന്നും രക്ഷിതാക്കള്‍ താക്കീത് നല്കുന്നു. ഈ കുട്ടികളെ സ്കൂളില്‍ പരീക്ഷയെഴുതാന്‍ അനുവദിയ്ക്കില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

എച്ച്ഐവി ബാധിതരായ കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശനം നല്കാനാവില്ലെന്ന് പിടിഎ പ്രസിഡന്റ് ദേവസ്യ ഓരത്തേല്‍, സ്കൂള്‍ മാനേജരും പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പി.സി. രാമകൃഷ്ണനും വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ കുട്ടികള്‍ക്ക് സ്കൂളില്‍ ചേരാമെന്നും അവരെ ആരും തടയില്ലെന്നുമാണ് ജില്ലാ വിദ്യാഭ്യാസഓഫീസര്‍ പറയുന്നത്. അവര്‍ക്ക് സൗജന്യമായി വസ്ത്രങ്ങളും ഭക്ഷണവും പുസ്തകവും സര്‍ക്കാര്‍ നല്കുമെന്നും ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ പറയുന്നു.

കുട്ടികള്‍ക്ക് പ്രവേശനം നല്കിയതിനെതിരെ രക്ഷിതാക്കള്‍ പ്രകടനം നടത്തിക്കഴിഞ്ഞു. കുട്ടികള്‍ക്കും അമ്മയ്ക്കും പ്രദേശം ഒറ്റക്കെട്ടായി ഊരുവിലക്കു കല്പിയ്ക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. സ്കൂള്‍ കെട്ടിടത്തിന് രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മറ്റൊരു താഴിട്ടിരിയ്ക്കുകയാണ്.

എന്തായാലും വരുംദിവസങ്ങളില്‍ രക്ഷിതാക്കളും സര്‍ക്കാരും തമ്മിലുള്ള യുദ്ധം രൂക്ഷമായിത്തുടരുമെന്ന് കരുതാം. രക്ഷിതാക്കളുടെ എതിര്‍പ്പിനെ നേരിട്ട് എത്രകാലം കുട്ടികള്‍ക്ക് സ്കൂളില്‍ തുടരാന്‍ കഴിയും?

ചോദ്യം ഇപ്പോഴും അവശേഷിയ്ക്കുന്നു: അനന്തുവിനും അക്ഷരയ്ക്കും പഠിയ്ക്കാന്‍ ഇടമില്ലേ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+