ബാങ്കുകള്‍ ഭയപ്പാടില്‍
തിരുവനന്തപുരം: കേരളത്തിലെ ബാങ്കുകളും ബാങ്ക് ജീവനക്കാരും ഭയപ്പാടിന്റെ മുള്‍മുനയില്‍. രജനി എസ്. ആനന്ദ് എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയാണ് ജനരോഷം ബാങ്കുകള്‍ക്കെതിരെ തിരിച്ചുവിട്ടിരിയ്ക്കുന്നത്. അടൂര്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥിനി രജനി എസ്. ആനന്ദ് തന്റെ ഉപരി പഠനത്തിന് ബാങ്ക് വായ്പ ലഭിയ്ക്കാത്തതിനാലാണ് ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജിലെ അമിതഫീസ് നിരക്കിനെതിരെ സമരം ചെയ്യുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും രോഷം ബാങ്കുകള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാണ് രജനിയ്ക്ക് വായ്പ നിഷേധിച്ചത്. വേണ്ടത്ര ഈട് നല്കിയില്ല എന്ന കാരണം പറഞ്ഞാണ് ബാങ്ക് അധികൃതര്‍ രജനിയ്ക്ക് വായ്പ നിഷേധിച്ചത്. പക്ഷെ ഇപ്പോള്‍ ഐഒബിയ്ക്ക് നേരെ മാത്രമല്ല, എല്ലാ ബാങ്കുകള്‍ക്ക് നേരെയും പ്രകടനക്കാര്‍ ആക്രമണം അഴിച്ചുവിടുകയാണ്.
കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തകഴിയിലെ ഫെഡറല്‍ ബാങ്ക് ശാഖയ്ക്ക് നേരെ ആക്രമണം നടത്തി. പ്രകടനമായെത്തിയ പത്തോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. തകഴിയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ കടന്നുകയറിയ ഇവര്‍ മൂന്ന് കമ്പ്യൂട്ടറുകള്‍ തകര്‍ത്തു. ഫയലുകള്‍ കീറിക്കളയുകയും ചെയ്തു. അക്രമത്തില്‍ ബാങ്കിലെ ചില ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും പരിക്കേറ്റതായും പറയുന്നു.
അമ്പലപ്പുഴയിലെ എസ്ബിടി ശാഖയ്ക്ക്നേരെയും ആക്രമണമുണ്ടായി. ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഈ അക്രമത്തിനും പിന്നില്‍. നഴ്സിംഗ് പഠനത്തിന് പോകാന്‍ വിദ്യാര്‍ത്ഥിനിയ്ക്ക് എസ്ബിടി വായ്പ നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത നഴ്സിംഗ് കോളെജില്‍ പ്രവേശനം തേടുന്നതിനാലാണ് വായ്പ നിഷേധിച്ചതെന്ന് ബാങ്കധികൃതര്‍ പറയുന്നു. എന്നാല്‍ പ്രകടനക്കാരുടെ ആക്രമണത്തില്‍ ബാങ്ക് ഉദ്യോഗസ്ഥയ്ക്കും സെക്യൂരിറ്റി ജീവനക്കാരനും പരിക്കേറ്റു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യുവമോര്‍ച്ച പ്രകടനക്കാര്‍ ഫെഡറല്‍ ബാങ്കിന്റെയും എസ്ബിഐയുടെയും എടിഎം കൗണ്ടറുകള്‍ക്ക് നേരെ കല്ലേറു നടത്തി. കൊല്ലത്ത് ചിന്നക്കടയില്‍ ഐഒബി ശാഖയ്ക്ക് നേരെ എസ്എഫ്ഐ-ഡിവൈഎഫ്ൈ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പത്തനംതിട്ടയില്‍ ലീഡ് ബാങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ അതിക്രമിച്ച്കയറി അക്രമമുണ്ടാക്കി.
ഈരാറ്റുപേട്ടയില്‍ എസ്ബിഐയില്‍ ഇരച്ചുകയറിയ പ്രകടനക്കാര്‍ ജനല്‍ചില്ലുകള്‍ തകര്‍ത്തു. ഉപകരണങ്ങള്‍ കേടുവരുത്തി. ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും ഉള്ളിലാക്കി ഷട്ടറിട്ടു. മൂവാറ്റുപുഴയില്‍ എസ്ബിഐയുടെ എടിഎം കൗണ്ടറിലേക്ക് കരിഓയില്‍ ഒഴിച്ചത് സംഘര്‍ഷത്തിനിടയാക്കി.
ബാങ്കുകളുടെ ധര്‍മ്മസങ്കടം
നാല് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസവായ്പയ്ക്ക് ഈട് ആവശ്യമില്ലെന്നതാണ് റിസര്‍വ് ബാങ്ക് നയം. അത് വച്ച് ഈടില്ലാതെ വായ്പ നല്കിയാല്‍ കുടുങ്ങുക ബാങ്ക് ഉദ്യോഗസ്ഥന്‍ തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം. വായ്പയും വാങ്ങി പൊടിയും തട്ടിപ്പോകുന്നയാള്‍ അത് തിരിച്ചടച്ചില്ലെങ്കില്‍ വായ്പ നല്കിയ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും വായ്പാത്തുക പിടിച്ചെടുക്കാനാണ് ബാങ്കിന്റെ നയം.
വായ്പ മുടങ്ങിയാല്‍ ആദ്യം പരിശോധിയ്ക്കുന്നത് വായ്പ നല്കിയ സമയത്ത് ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധന ശരിയാണോ എന്ന കാര്യമാണ്. വായ്പയുടെ പലിശ കിട്ടിയില്ലെങ്കിലും മുതലെങ്കിലും തിരിച്ചുപിടിക്കണം എന്നതാണ് ബാങ്കിന്റെ നയം. മുതല്‍ തിരിച്ചുപിടിയ്ക്കാന്‍ വിദ്യാര്‍ത്ഥി നല്കുന്ന ഈട് പോരെങ്കില്‍ ബാക്കി തുക വായ്പ നല്കിയ ഉദ്യോഗസ്ഥന്‍ തന്നെ നല്കണം. വിദ്യാഭ്യാസവായ്പയ്ക്ക് ഈടില്ല എന്ന കാരണത്താല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ബാങ്കുകള്‍ക്കാവില്ല. പക്ഷെ തിരിച്ചടക്കാത്ത വായ്പകളുടെ കൂട്ടത്തില്‍ വിദ്യാഭ്യാസവായ്പയും ഉള്‍പെടുമെന്നതിനാല്‍ ഉദ്യോഗസ്ഥന് എളുപ്പം കൈകഴുകാനാവില്ല.
ഒരു ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയ്ക്ക് മാസം 800 രൂപയാണ്പലിശ. അഞ്ച് ലക്ഷം വായ്പയെടുത്ത ഒരു കുട്ടി പ്രതിമാസം 4,000 രൂപ പലിശ ഇനത്തില്‍ മാത്രം നല്കണം. ഈ ഘട്ടത്തിലാണ് ബാങ്കുകള്‍ കുട്ടിയുടെ കുടുംബത്തിന് പലിശ തിരിച്ചടയ്ക്കാന്‍ കഴിവുണ്ടോ എന്ന കാര്യം പരിശോധിയ്ക്കുന്നത്.
ബാങ്ക് വിരുദ്ധമനോഭാവം...
കേരളത്തിലെ ബാങ്കുകള്‍ക്കെതിരെ പൊതുവായ ഒരു ജനവികാരം നിലനില്ക്കുന്നുണ്ട്. ഒരു സാഹചര്യം വന്നപ്പോള്‍ ഈ ബാങ്ക്വിരുദ്ധ മനോഭാവം അലയടിക്കുന്നുവെന്നേയുള്ളൂ.
പ്രകടനക്കാര്‍ ഇപ്പോള്‍ ബാങ്കിന്റെ പേര് നോക്കിയല്ല ആക്രമണം നടത്തുന്നത്. ബാങ്കാണോ എങ്കില്‍ ആക്രമിക്കാം എന്നതാണ് യുവജന-വിദ്യാര്‍ത്ഥി സംഘടനകളുടെ ലൈന്‍.
കേരളത്തില്‍ പൊതുവേ ബാങ്കിന് എതിരായ വികാരം വ്യാപകമാണ്. കേരളത്തിലെ പണം വടക്കേയിന്ത്യയിലെ മാര്‍വാഡി വ്യവസായികള്‍ക്ക് നല്കുന്ന ഇടനിലക്കാര്‍ മാത്രമായി ബാങ്കുകള്‍ പ്രവര്‍ത്തിയ്ക്കുന്നു എന്ന പരാതി കുറെക്കാലമായുണ്ട്. ബാങ്കുകള്‍ക്ക് എന്നും കേരളം പറുദീസയായിരുന്നു. ഗള്‍ഫിലേക്കുള്ള മലയാളികളടെ കുടിയേറ്റം തുടങ്ങിയ അന്നു മുതല്‍ കേരളത്തിലെ ബാങ്കുകളും തടിച്ചുകൊഴുക്കാന്‍ തുടങ്ങി. കുടിയേറ്റക്കാരില്‍ നിന്നും ലഭിക്കുന്ന വരുമാനം ബജറ്റ് സഹായമെന്ന നിലയില്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുകയുടെ ഏഴിരട്ടിയാണ് . ഇത് കശുവണ്ടിയുടെ കയറ്റുമതിയില്‍ നിന്ന് കേരളത്തിന് ലഭിയ്ക്കുന്ന തുകയുടെ 5 ഇരട്ടിയും സമുദ്രോത്പന്ന കയറ്റുമതിയില്‍ നിന്നും ലഭിയ്ക്കുന്ന തുകയുടെ 19 ഇരട്ടിയും വരും. ഇതില്‍ 50 ശതമാനത്തിലേറെ തുക ബാങ്കുകളിലേക്കാണ് പോകുന്നത്.
പക്ഷെ ബാങ്കുകള്‍ ഈ പണത്തില്‍ ഒരു ചില്ലിക്കാശ് കേരളത്തിന്റെ വികസനത്തിന് വേണ്ടി ചെലവഴിയ്ക്കുന്നില്ല എന്ന പരാതി രാഷ്ടീയക്കാര്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കാറുള്ള പതിവ്പല്ലവിയാണ്.
കടം കൊടുത്താല്‍ മലയാളി തിരിച്ചടക്കില്ല എന്നതാണ് ബാങ്കുകള്‍ ഇതിന് പറയുന്ന സമാധാനം. കേരളത്തിലാണെങ്കിലോ വ്യവസായ സംരംഭങ്ങള്‍ കുറവുമാണ്. ഉത്തരേന്ത്യയിലെ ബിസിനസ്സുകാര്‍ വായ്പയെടുത്താല്‍ തിരിച്ചടയ്ക്കുന്നതില്‍ കണിശക്കാരാണന്നും ബാങ്കുകള്‍ പറയുന്നു. മലയാളിക്ക് വായ്പ നല്കാത്തതില്‍ ബാങ്കുകളെ കുറ്റം പറയാനുമാവില്ല.
എന്തായാലും മലയാളികള്‍ക്കിടയില്‍ ബാങ്കുകള്‍ക്കെതിരായുള്ള വികാരമാണ് ഇപ്പോള്‍ സമരത്തിലൂടെ പ്രതിഫലിയ്ക്കുന്നതെന്നതില്‍ തര്‍ക്കമില്ല.












Click it and Unblock the Notifications