ദിനേഷ്...വിക്കറ്റിന് പിന്നിലേക്ക്...
ഒടുവില്‍ പാര്‍ത്ഥിവ് പട്ടേലിനെ പുറത്താക്കി ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയൊരു താരോദയം- ചെന്നൈയില്‍ നിന്നുള്ള 19 തികയാത്ത ദിനേഷ് കാര്‍ത്തിക്. ഇന്ത്യയുടെ അണ്ടര്‍-19 ടീമിലെ വൈസ് ക്യാപ്റ്റനായ ദിനേഷ് കാര്‍ത്തിക്കാണ് സപ്തംബര്‍ 10 മുതല്‍ 25 വരെ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുക.
ഹോളണ്ടില്‍ ഈ മാസം 21 മുതല്‍ 28 വരെ നടക്കുന്ന വീഡിയോകോണ്‍ കപ്പിലും ഇംഗ്ലണ്ടില്‍ സപ്തംബര്‍ ഒന്ന്, മൂന്ന്, അഞ്ച് തീയതികളില്‍ നടക്കുന്ന നാറ്റ്വെസ്റ് ചലഞ്ചിലും ദിനേഷ് കാര്‍ത്തിക്ക് തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ 12 മാസമായി ദിനേഷ് കാര്‍ത്തിക്കിന്റെയും പാര്‍ത്ഥിവ് പട്ടേലിന്റെയും പ്രകടനങ്ങള്‍ വിലയിരുത്തിയാണ് ഈ തീരുമാനം.
സിംബാബ്വേയില്‍ ഈയിടെ നടന്ന പര്യടനത്തില്‍ വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് ദിനേഷ് കാര്‍ത്തിക് കാഴ്ചവച്ചത്. ബാറ്റിംഗിലും താന്‍ ഒട്ടും മോശമല്ലെന്ന് രണ്ട് അര്‍ധസെഞ്ച്വറികളിലൂടെ ദിനേഷ് തെളിയിക്കുകയും ചെയ്തു. ബംഗ്ലാദേശില്‍ അണ്ടര്‍-19 ലോകകപ്പിലും ദിനേഷ് മിന്നുന്ന ഫോമിലായിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ രണ്ട് തവണ ദിനേഷ് സെഞ്ച്വറി നേടി.
തമിഴ്നാട്ടുകാരനായ ദിനേഷ് ഇപ്പോള്‍ ബിടെക് കറസ്പോണ്ടന്‍സ് കോഴ്സിന് പഠിയ്ക്കുകയാണ്. ഇന്ത്യയുടെ അണ്ടര്‍-19 ടീമിന്റെ കോച്ചായ റോബിന്‍ സിംഗാണ് ദിനേഷിനെ കരുത്തുറ്റ താരമാക്കി വളര്‍ത്തിയത്. ദിനേഷിന്റെ കഠിനധ്വാനവും ക്രിക്കറ്റിനോടുള്ള അകമഴിഞ്ഞ കൂറും അന്നേ റോബിന്‍ സിംഗ് ശ്രദ്ധിച്ചിരുന്നു. ചുട്ടുപൊള്ളുന്ന ചെന്നൈയിലെ വെയിലില്‍ തുടര്‍ച്ചയായി അഞ്ചു ദിവസവും മൈതാനത്ത് നിറഞ്ഞ് കളിയ്ക്കാന്‍ ദിനേഷിന് മടിയില്ല.
അച്ഛന്‍ കൃഷ്ണകുമാറും ദിനേഷിന്റെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ട്. തന്റെ നടക്കാതെ പോയ മോഹമാണ് അദ്ദേഹം മകനിലൂടെ സാക്ഷാല്‍ക്കരിയ്ക്കുന്നത്. ഒരു വലിയ ക്രിക്കറ്ററാകാന്‍ പഠനം തുലച്ചയാളാണ് താനെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
പാര്‍ത്ഥിവ് പട്ടേല്‍ ഈയിടെ ക്രിക്കറ്റ് മറന്നതുപോലെയായിരുന്നു. ക്രിക്കറ്റിലൂടെ കൈവന്ന സൗഭാഗ്യങ്ങളില്‍ ഈ താരം മതിമറക്കുകയായിരുന്നു. മിടുക്കനായ പാര്‍ത്ഥിവ് ക്രിക്കറ്റില്‍ വളര്‍ച്ചയ്ക്ക് പകരം മുരടിയ്ക്കുകയായിരുന്നു. പലപ്പോഴും എളുപ്പമുള്ള സ്റമ്പിംഗ് അവസരങ്ങള്‍ തുലച്ചും കാലിനിടയിലൂടെ പന്ത് വിട്ടും പാര്‍ത്ഥിവ് ഒട്ടേറെ പഴുതുകളുള്ള വിക്കറ്റ് കീപ്പറാണ് താനെന്ന് പാര്‍ത്ഥിവ് തെളിയിച്ചു. എന്തായാലും ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതിലെ വേദന ഈ താരത്തെ വീണ്ടും ഉണര്‍ത്തുമെന്ന് കരുതാം.
ബാറ്റ്സ്മാനായ വിക്കറ്റ്കീപ്പര്‍ എന്ന സ്ഥാനത്തേയ്ക്ക് നല്ല മത്സരമുണ്ടെന്നും ദിനേഷ് കാര്‍ത്തിക് പാര്‍ത്ഥിവ് പട്ടേലിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും ഈയിടെ ഇന്ത്യന്‍ കോച്ച് ജോണ്‍ റൈറ്റ് സൂചിപ്പിച്ചിരുന്നു. ദിനേഷ് കാര്‍ത്തിക്കിന്റെ പ്രകടനത്തെ ഈയിടെ ഗാംഗുലിയും സച്ചിനും മുഖ്യ സെലക്ടര്‍ സയ്യിദ് കിര്‍മാണിയും അഭിനന്ദിച്ചിരുന്നു.
ഇന്ത്യന്‍ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കാര്‍ത്തിക് പറഞ്ഞതിതാണ്: ഞാന്‍ എന്റെ ബാറ്റിംഗിനെയും കീപ്പിംഗിനേയും സ്നേഹിയ്ക്കുന്നു. ഈ സുവര്‍ണ്ണാവസരം ഞാന്‍ പാഴാക്കില്ല.
കാര്‍ത്തിക് പറഞ്ഞതുപോലെ കളിക്കളത്തില്‍ തന്റെ മിടുക്ക് തെളിയിച്ചു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലേക്ക് ഈ താരം കയറുകയാണ്. അതും പാര്‍ത്ഥിവ് പട്ടേല്‍ എന്ന മിടുക്കനെ തട്ടിമാറ്റിക്കൊണ്ട്.
അതെ ഇന്ത്യന്‍ ക്രിക്കറ്റ് മെല്ലെ, കഴിവുകളെ അംഗീകരിച്ച് ഉണര്‍ന്നുതുടങ്ങുകയാണ്.












Click it and Unblock the Notifications