സമ്പാദ്യമില്ലാതെ....വിദേശമലയാളികള്‍ ....
കോഴിക്കോട്: വിദേശഇന്ത്യക്കാരില്‍ താഴ്ന്ന വരുമാനക്കാരിലും ഇടത്തരം വരുമാനക്കാരിലും രണ്ട് ശതമാനത്തിന് മാത്രമാണ് തങ്ങളുടെ വരുമാനത്തില്‍ നിന്ന് സമ്പാദിയ്ക്കാനാവുന്നതെന്ന് ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.
ഷാര്‍ജയിലെ പ്രവാസി ബന്ധു ക്ഷേമ ട്രസ്റ് നടത്തിയ പഠനത്തിലാണ് ഈ വസ്തുത ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെയും കുടുംബത്തിന്റെയും ജീവിതനിലവാരം മെച്ചപ്പെട്ടുവെന്ന് സര്‍വെയില്‍ പങ്കെടുത്ത 89 ശതമാനം പേരും പറഞ്ഞെങ്കിലും നാട്ടിലേക്ക് മടങ്ങിയാല്‍ സൗകര്യപ്രദമായ ജീവിതം നയിക്കാനാവുമെന്ന ആത്മവിശ്വാസം സര്‍വെയില്‍ പങ്കെടുത്ത അഞ്ച് ശതമാനം പേരില്‍ മാത്രമാണ് കണ്ടതെന്ന് ട്രസ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍ പറഞ്ഞു.
താഴ്ന്ന വരുമാനക്കാരും ഇടത്തരം വരുമാനക്കാരുമായ 10,000ഓളം പേരെയാണ് സര്‍വെയില്‍ പങ്കെടുപ്പിച്ചത്. വിദേശഇന്ത്യക്കാരുടെ പണം കൈകാര്യം ചെയ്യുന്നതിലുള്ള മനോഭാവത്തില്‍ മാറ്റം വരണമെന്നതിലേക്കാണ് പഠനം വെളിച്ചം വീശുന്നത്.
സര്‍വെയില്‍ പങ്കെടുത്ത 34 പേരും തങ്ങള്‍ക്ക് സ്ഥിരമായി പണമയക്കുന്നതിനുള്ള സമ്പാദ്യമില്ലെന്നാണ് പറഞ്ഞത്. അതേ സമയം 31 ശതമാനം പേര്‍ എല്ലാ മാസവും പണമയക്കുന്നുണ്ടെന്ന് പറഞ്ഞു.
വിദേശഇന്ത്യക്കാര്‍ തങ്ങള്‍ ഗള്‍ഫില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ചെലവ് കുറക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും കുടുംബാംഗങ്ങളെ ധരിപ്പിക്കണമെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. എങ്കില്‍ മാത്രമേ നാട്ടില്‍ ആഡംബരജീവിതം നയിക്കുന്നതില്‍ നിന്നും കുടുംബാംഗങ്ങളെ പിന്തിരിപ്പിയ്ക്കാന്‍ കഴിയൂ. -ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ സമ്പാദ്യത്തെ എങ്ങിനെ ലാഭകരമായി നിക്ഷേപിയ്ക്കാന്‍ കഴിയുമെന്ന കാര്യം വിദേശ മലയാളികള്‍ പഠിയ്ക്കേണ്ടതുണ്ട്. എന്‍ആര്‍ഐ നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് താഴ്ന്ന വരുമാനക്കാരായ ആളുകളെ പ്രതികൂലമായി ബാധിക്കും. ഒരു പക്ഷെ ആദായനികുതി സംബന്ധിച്ച വിവരങ്ങള്‍ ഫയല്‍ ചെയ്താല്‍ ഇവരില്‍ പലര്‍ക്കും നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞേക്കാം. പക്ഷെ അതിനുള്ള അറിവ് പോലും പലര്‍ക്കും ഇല്ലെന്നതാണ് വസ്തുത.- ഷംസുദ്ദീന്‍ പറഞ്ഞു.












Click it and Unblock the Notifications