Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാംഗുലിയുടെ തൊപ്പിയിളകുമോ?

ലണ്ടന്‍: ഇന്ത്യയുടെ സിരകളില്‍ ആത്മവീര്യത്തിന്റെ വെടിമരുന്ന് നിറച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയ്ക്കെതിരെ വിമര്‍ശനം ഉയരുകയാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ഗാംഗുലി മാത്രമല്ല കാരണക്കാരനെങ്കിലും, ഇപ്പോള്‍ ഗാംഗുലിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തിനെതിരെയും ചോദ്യങ്ങള്‍ ഉയരുന്നു.

ശ്രീലങ്കയില്‍ നടന്ന ഏഷ്യാകപ്പില്‍ ഇന്ത്യയുടെ പ്രകടനം തീരെ മോശമായിരുന്നു. പാകിസ്ഥാനോട് പോലും തോറ്റ ഇന്ത്യ ബോണസ് പോയിന്റിന്റെ ആനുകൂല്യത്തില്‍ ഫൈനലില്‍ കടന്നുകൂടുകയായിരുന്നു. ഒടുവില്‍ ഫൈനലില്‍ ശ്രീലങ്കയോട് പരാജയം.

ത്രിരാഷ്ടകപ്പില്‍ ഫൈനലില്‍ പോലും എത്താന്‍ ഇന്ത്യയ്ക്കായില്ല. പാകിസ്ഥാനോടും ആസ്ത്രേല്യയോടും ഇന്ത്യ തോറ്റു. ഇപ്പോഴിതാ തുടര്‍ച്ചയായ രണ്ട് ജയങ്ങളിലൂടെ നാറ്റ്വെസ്റ് ട്രോഫി ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുന്നു. ഗാംഗുലിയ്ക്കും കൂട്ടര്‍ക്കും ശിരസ്സുയര്‍ത്താനാവാത്ത സ്ഥിതി. ഇന്ത്യയുടെ ആത്മവിശ്വാസം തീരെ തകര്‍ന്നിരിയ്ക്കുന്നു. ഈയവസരത്തില്‍ ക്യാപ്റ്റന്‍ മാറുകയല്ലാതെ മറ്റെന്തു പോംവഴി? ഈ ചിന്തയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ആക്കം കൂടിയിരിക്കുന്നു.

ചാമ്പ്യന്‍സ് ട്രോഫി തുടങ്ങാന്‍ ഇനി ഒരാഴ്ചയേ ബാക്കിയുള്ളൂ. അതിനിടയിലാണ് ഇന്ത്യയുടെ ഈ നാണക്കേട്. പരിക്ക് മൂലം വിശ്രമിയ്ക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യന്‍ ടീമില്‍ കളിയ്ക്കുന്നില്ല. ശ്രീലങ്കയില്‍ ഏഷ്യാകപ്പില്‍ സച്ചിന്‍ കളിച്ചിരുന്നു. പിന്നീട് പരിക്കേറ്റ സച്ചിന്‍ ത്രിരാഷ്ട്രക്കപ്പിലോ നാറ്റ്വെസ്റ് ട്രോഫിയിലോ കളിച്ചിരുന്നില്ല. പക്ഷെ സച്ചിനെ ആശ്രയിച്ചിരുന്ന ടീമെന്ന നിലയില്‍ നിന്നും ഏറെ മുന്നോട്ട് പോയതായിരുന്നു ഇന്ത്യ. ഇപ്പോള്‍ വീണ്ടും എന്താണ് ഇന്ത്യയെ ബാധിച്ചിരിക്കുന്ന രോഗം? സെവാഗ്, ദ്രാവിഡ്, ലക്ഷ്മണ്‍, ഗാംഗുലി...ആരും ബാറ്റ്സ്മാന്‍മാര്‍ എന്ന നിലയില്‍ ഫോമിലല്ല. ബൗളര്‍മാര്‍ക്കും ഏറെ ശോഭിയ്ക്കാന്‍ കഴിയുന്നില്ല. ബാലാജിയും അഗാര്‍ക്കറും തീരെ മോശപ്പെട്ട നിലയിലാണ്. നെഹ്റയും ഇര്‍ഫാനും മികച്ച ഫോമിലൊന്നുമല്ല.

നാറ്റ്വെസ്റ് ട്രോഫിയില്‍ ഇന്ത്യയുടെ കടശ്ശിക്കളി സപ്തംബര്‍ അഞ്ച് ഞായറാഴ്ചയാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ലോഡ്സില്‍ നടക്കുന്ന ഈ കളിയ്ക്ക് വലിയ പ്രാധാന്യമില്ല. കാരണം ആദ്യ രണ്ട് കളികള്‍ ജയിച്ച് അവര്‍ നാറ്റ്വെസ്റ് ട്രോഫി നേടിക്കഴിഞ്ഞു. പക്ഷെ ഇന്ത്യയ്ക്ക് ഈ കളി പ്രധാനമാണ്. പൊയ്പോയ ആത്മവിശ്വാസം തിരിച്ചുപിടിയ്ക്കാനെങ്കിലും ഗാംഗുലിയ്ക്കും കൂട്ടര്‍ക്കും ഈ കളി ജയിച്ചേ തീരൂ. കാരണം ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഇനി ഒരാഴ്ച മാത്രമേ ബാക്കിയുള്ളൂ. ആസ്ത്രേല്യയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാമന്‍മാര്‍ എന്ന സ്ഥാനമല്ല, ക്രിക്കറ്റില്‍ തരക്കേടില്ലാത്ത ഒരു ശരാശരി ടീമെന്ന ഇമേജ് തിരിച്ചുപിടിയ്ക്കാനുള്ള കരുത്ത് നേടാനെങ്കിലും ഗാംഗുലിയ്ക്കും കൂട്ടര്‍ക്കും ഞായറാഴ്ച ജയിച്ചേതീരൂ. പ്രത്യേകിച്ചും ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് തനിയ്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ വായടപ്പിയ്ക്കാന്‍ ഗാംഗുലിയ്ക്കും ഈ കളി ജയിച്ചേ തീരൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+