ചിക്കന്‍ഗുനിയ മാറി, ആലപ്പുഴയില്‍ വീണ്ടും സഞ്ചാരികള്‍
ചിക്കന്‍ഗുനിയ ഭീതി വിട്ടകന്നതോടെ ആലപ്പുഴയിലേയ്ക്ക് വീണ്ടും വിനോദ സഞ്ചാരികളുടെ പ്രവാഹം. ഉള്‍നാടന്‍ ജലഗതാഗതത്തിനും കെട്ടുവള്ളങ്ങള്‍ക്കും പേരുകേട്ട ആലപ്പുഴയില്‍ രണ്ടു മാസമായി വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ കുറവനുഭവപ്പെട്ടിരുന്നു.
പകര്‍ച്ചപ്പനിയായ ചിക്കന്‍ ഗുനിയ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പിഞ്ചുകുട്ടികളടക്കം നിരവധിപേര്‍ അസുഖം ബാധിച്ച് മരിക്കുകയും ചെയ്തതോടെയാണ് സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത്.
എന്നാല്‍ ജില്ലയില്‍ നിന്നും രോഗം തുടച്ചുനീക്കിയതോടെ വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങിയതായി ടൂറിസം അധികൃതര്‍ അറിയിച്ചു. നഗരത്തിലുള്ള ഹോട്ടലുകള്‍ മിക്കവാറും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. കെട്ടുവള്ളങ്ങള്‍ക്കും നല്ല തിരക്കാണ്.
ചിക്കന്‍ഗുനിയ നിയന്ത്രണവിധേയമായ ശേഷം ടൂറിസം വികസന കോര്‍പ്പറേഷന്‍ ആലപ്പുഴക്കുവേണ്ടി പ്രത്യേകമായി ആഗോള തലത്തിലുള്ള മാധ്യമങ്ങള്‍ വഴിയും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയും പ്രചാരണം നടത്തിയിരുന്നു.
ആലപ്പുഴയില്‍ രോഗം നിയന്ത്രണവിധേയമാണെന്ന് കാണിച്ചുകൊണ്ടായിരുന്ന പ്രധാനമായും പ്രചാരണം നടത്തിയത്. നഗരത്തിലെ ഹോട്ടലുകളില്‍ ഒരു മുറി പോലും കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോഴെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി വിനുകുമാര്‍ പറഞ്ഞു.
സഞ്ചാരികളില്‍ ഇനിയും 25 മുതല്‍ 35 ശതമാനംവരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ നിലയില്‍ സീസണ്‍ ആരംഭിക്കുന്നത് ഒക്ടോബറിലാണ്. മാര്‍ച്ച് , ഏപ്രില്‍ മാസത്തോടെ അവസാനിക്കുകയുംചെയ്യും. എന്നാല്‍ ഇത്തവണ മെയ് കഴിഞ്ഞാലും സീസണ്‍ തുടരുമെന്നാണ് ഇപ്പോഴത്തെ ജനപ്രവാഹം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ കാലത്തും സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് കേരളത്തിലെ ടൂറിസം മേഖല പദ്ധതികള്‍ ഉണ്ടാക്കുന്നത്. സാധാരണ സഞ്ചാരികള്‍ കുറയുന്ന മഴക്കാലത്തും ടൂറിസം സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി രൂപം നല്‍കിയ മണ്‍സൂണ്‍ ടൂറിസം വന്‍ വിജയമായിരുന്നു.
ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ രണ്ടാഴ്ചകളില്‍ മാത്രം പതിനായിരത്തോളം സഞ്ചാരികളാണ് കെട്ടുവള്ളങ്ങളില്‍ ആകൃഷ്ടരായി ജില്ലയില്‍ എത്തിയത്. ചിക്കന്‍ ഗുനിയ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദിനം പ്രതിദിനേം 30, 35 പേരെങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രകള്‍ റദ്ദാക്കുന്ന അവസ്ഥയുണ്ടായുരുന്നു. എന്നാല്‍ ഇപ്പോള്‍ ജനങ്ങളിലെ ഭീതി പൂര്‍ണമായും മാറിയിരിക്കുകയാണ്. വിദേശ സഞ്ചാരികള്‍ക്കു പുറമെ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ സഞ്ചാരികള്‍ ആലപ്പുഴയില്‍ എത്തുന്നുണ്ട്.
24 മണിക്കൂര്‍ നേരത്തേയ്ക്ക് 3500നും 7000നും ഇടയിലാണ് മിക്ക കെട്ടുവള്ളങ്ങളും ഈടാക്കുന്നത്. ആഡംബര വള്ളങ്ങളാണെങ്കില്‍ 15,000 വരെയാകും വാടക. വിവിധ തരത്തിലുള്ള ഭക്ഷണങ്ങളടക്കമുള്ളതാണ് മിക്കകെട്ടുവള്ളങ്ങളുടെയും 24 മണിക്കൂര്‍ പാക്കേജ്.
2005നെ അപേക്ഷിച്ച് 2006ല്‍ ആലപ്പുഴയിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 20 ശതമാനവും സ്വദേശികളായ സഞ്ചാരികളുടെ എണ്ണത്തില്‍ ഏഴ് ശതമാനവും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും വിദേശ സഞ്ചാരികള്‍ എത്തുന്നത്.












Click it and Unblock the Notifications