ആണവക്കരാറിലെ നിഴലും വെളിച്ചവും-3
1. കരാറിലൊപ്പിടുന്നതോടെ മറ്റു രാജ്യങ്ങളില്‍ നിന്ന് ആണവ ഇന്ധനം ലഭ്യമാകുമെങ്കിലും യുറേനിയം പോലെ വിലപിടിപ്പുള്ള ഇന്ധനമുപയോഗിച്ച് എത്രത്തോളം ഊര്‍ജ്ജം ഉല്‌പാദിപ്പിയ്‌ക്കാമെന്ന കാര്യത്തില്‍ ആശങ്ക നില നില്‌ക്കുന്നു.
നിലവില്‍ ഇന്ത്യയിലുള്ള ആണവ റിയാക്ടറുകളില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിയ്‌ക്കാന്‍ 8.1 കോടി രൂപയാണ് ചെലവ്. കരാര്‍ പ്രകാരം ലഭിയ്‌ക്കുന്ന ഇറക്കുമതി ചെയ്‌ത റിയാക്ടറുകളില്‍ ഇത് 12.1 കോടിയായി ഉയരും. അതെ സമയം ഒരു താപനിലയിത്തില്‍ ഇത് വെറും 3.73 കോടി രൂപ മാത്രമാണെന്നും കരാറിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എഴുപത് ശതമാനം ജനങ്ങള്‍ ഗ്രാമങ്ങളില്‍ അധിവസിയ്‌ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്തിന് വിലയേറിയ ഈ ഊര്‍ജ്ജം താങ്ങാന്‍ കഴിയില്ല.
2. കരാര്‍ നടപ്പിലാകുമ്പോള്‍ ഇന്ത്യയിലെ ആണവ മേഖലയെ രണ്ടായി തരം തിരിയ്‌ക്കണം. ഇത്രയും കാലം രാജ്യത്ത് അങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടായിരുന്നില്ല. അതിനാല്‍ മേലില്‍ രണ്ടാവശ്യങ്ങള്‍ക്കുമായി പ്രത്യേകം റിയാക്ടറുകളും മറ്റും നിര്‍മിയ്‌ക്കേണ്ടതായി വരും. വന്‍ ചെലവുണ്ടാക്കുന്ന പ്രക്രിയയാരിയ്ക്കുമത്.
3. നമ്മുടെ സൈനികേതര റിയാക്ടറുകളും മറ്റും ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷണത്തില്‍ കൊണ്ടു വരുന്നതിനോട് പലര്‍ക്കും എതിര്‍പ്പുണ്ട്. നമ്മുടെ പരമാധികാരത്തിലുള്ള കൈകടത്തലായും അവര്‍ ഇതിനെ വ്യാഖ്യാനിയ്‌ക്കുന്നു. പല രാജ്യങ്ങളും ഇങ്ങനെയൊരു വ്യവസ്ഥയ്‌ക്ക് വഴങ്ങിയിട്ടില്ല.
4. കരാറിന്റെ സുതാര്യതയെപ്പറ്റിയുള്ള സംശയമാണ് ഇതിനെതിരെ രംഗത്തെത്തിയിട്ടുള്ള ഇടതു കക്ഷികളുടെ പ്രധാന ആരോപണം. ആണവക്കരാറിന്റെ വിശദാംശങ്ങളടങ്ങുന്ന സുരക്ഷാ കരാറിന്റെ കരട് തങ്ങളില്‍ നിന്നും മറച്ചു വെച്ചുവെന്ന് ഇടതുപക്ഷം ആരോപിയ്‌ക്കുന്നു. 123 കരാറിന്റെ ഭാഗമായുള്ള അമേരിക്കന്‍ ഹൈഡ് ആക്ടിലെ വ്യവസ്ഥകള്‍ ഇന്ത്യയ്‌ക്കും ബാധകമാണോയെന്ന കാര്യത്തിലും അവ്യക്തതകള്‍ നിലനില്‌ക്കുന്നു.
5. കരാറിലൂടെ ഇന്ത്യ അമേരിക്കയുടെ ആശ്രിതരായി മാറുമെന്നും ഇത് ഉപഭൂഖണ്ഡത്തില്‍ അമേരിക്കന്‍ സാന്നിധ്യത്തിന് വഴി തെളിയ്‌ക്കുമെന്ന് ആരോപിയ്‌ക്കുന്നവരുമുണ്ട്. അമേരിക്കന്‍ ബന്ധം അയല്‍ രാജ്യമായ ചൈനയുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.
ആണവക്കരാര്‍ നടപ്പാക്കാനായി മൂന്ന് ഘട്ടങ്ങള്‍ കൂടി ഇനി ഇന്ത്യയ്‌ക്ക് മുന്നിലുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ഇന്ത്യ ഒരു സുരക്ഷാ മാനദണ്ഡക്കരാറില്‍ ഒപ്പു വെയ്‌ക്കണം. തുടര്‍ന്ന് 45 അംഗ ആണവ വിതരണ രാജ്യങ്ങളുടെ അനുമതി വാങ്ങണം. ഇതിനു ശേഷം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അന്തിമ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഇന്ത്യയ്‌ക്ക് ഈ കരാര്‍ പ്രകാരം ആണവോര്‍ജ്ജം ലഭ്യമാകൂ.












Click it and Unblock the Notifications