Get Updates
Get notified of breaking news, exclusive insights, and must-see stories!

സോമനാഥിനെ പുറത്താക്കുമ്പോള്‍

കമ്മ്യൂണിസ്റ്റ് നേതൃത്വം അതിന്റെ പ്രവര്‍ത്തകരില്‍ നിന്ന് ആവശ്യപ്പെടുന്നതാണ് പാര്‍ട്ടി അച്ചടക്കം. നേതൃത്വത്തെ ധിക്കരിച്ച് സ്വന്തം വ്യക്തിതാല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് ഒരിക്കലും ലെനിനിസ്റ്റ് സംഘടനാ ശൈലിയില്‍ കെട്ടിപ്പെടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വകവെച്ചു കൊടുക്കുകയുമില്ല. സോമനാഥ് ചാറ്റര്‍ജിയെന്ന അതികായന്റെ കാര്യത്തില്‍ സിപിഎം കൈക്കൊളളുന്ന അച്ചടക്ക നടപടിയും അതുകൊണ്ട് അപ്രതീക്ഷിതമല്ല.

പാര്‍ട്ടി തീരുമാനം അനുസരിക്കാതിരിക്കുന്ന അംഗത്തോട് ക്ഷമിക്കാന്‍ സിപിഎമ്മിന് കഴിയില്ല. രാജിവെച്ചാലെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം അത്ര ശോഭനമല്ലാത്തതു കൊണ്ട് പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കാന്‍ സോമനാഥിന് കഴിയുകയുമില്ല.

എന്തിന് സോമനാഥ് രാജി വെയ്ക്കണം? സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹം സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമാണ്. സ്പീക്കര്‍ പദവി കിട്ടിയതു കൊണ്ട് കേന്ദ്രക്കമ്മിറ്റി അംഗത്വം ഒഴിയണമെന്നായിരുന്നു അന്നത്തെ പാര്‍ട്ടി തീരുമാനം. കേന്ദ്രക്കമ്മിറ്റിയില്‍ നിന്നൊഴിയാല്‍ അദ്ദേഹത്തിന് തീരെ താല്‍പര്യമില്ലായിരുന്നു.

അങ്ങനെയൊരു കീഴ്‍വഴക്കം സിപിഎമ്മിലുണ്ടോയെന്ന് അറിയില്ല. കേരള നിയമസഭാ സ്പീക്കറായിരിക്കവെ ഇന്നത്തെ മന്ത്രി എം വിജയകുമാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തിട്ടുണ്ട്. സ്പീക്കറുടെ നിഷ്പക്ഷത ചൂണ്ടിക്കാട്ടി കേരളത്തില്‍ അന്നത് വലിയ ചര്‍ച്ചയും ആയിരുന്നു. താനുള്‍പ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമ്മേളനത്തില്‍ സ്പീക്കര്‍ പങ്കെടുത്തു പോയതു കൊണ്ട് ജനാധിപത്യത്തിന് പ്രത്യേകിച്ച് കേടൊന്നും പറ്റിയിട്ടില്ല.

എന്നാല്‍, പാര്‍ട്ടിയുടെ പുതിയ നേതൃത്വവുമായി സോമനാഥ് ദാ ഇടഞ്ഞത് അപ്പോഴല്ല. അതിനും മുമ്പ് കോണ്‍ഗ്രസിനോട് കാണിക്കുന്ന ഇഷ്ടത്തിന്റെ പേരില്‍ 1992ല്‍ ചാറ്റര്‍ജിയ്ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്ന് ഒപ്പം നോട്ടീസ് കിട്ടിയ സെയ്‍ഫുദ്ദീന്‍ ചൗധരി ഇന്ന് പാര്‍ട്ടിയിലില്ല.

ചാറ്റര്‍ജി പ്രതിനിധാനം ചെയ്യുന്ന ബേല്‍പൂര്‍ മണ്ഡലം ഹരിജന്‍ സംവരണമായി മാറി. അല്ലെങ്കില്‍ ത്തന്നെ കഴിഞ്ഞ പത്തു തവണയായി പാര്‍ട്ടി ടിക്കറ്റ് ലഭിക്കുന്ന സോമനാഥ് ചാറ്റര്‍ജി ഇനിയൊരു വേള കൂടി മത്സരരംഗത്ത് കാണുമോ? രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ പാര്‍ലമെന്ററി രംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന പാര്‍ട്ടി തീരുമാനം കര്‍ശനമായി നടപ്പാക്കുമ്പോള്‍, ഇനിയതിന് സാധ്യത വളരെ കുറവാണ്.

രാജി വെയ്ക്കുന്നതല്ല, ലോക്‍സഭാ സ്പീക്കര്‍ പദവിയില്‍ കാലാവധി തീരുന്നതു വരെ തുടരുന്നതാണ് ബുദ്ധിയെന്ന് കരുതിയ സോമനാഥിനെ കുറ്റപ്പെടുത്തുന്നതെങ്ങനെ? രാജി വെച്ചു ചെന്നാല്‍ ബംഗാള്‍ സംസ്ഥാനകമ്മിറ്റിയില്‍ പോലും ഉള്‍പ്പെടുത്തുമെന്ന് ഉറപ്പില്ല. പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനം ലഭിക്കില്ല.

ചുരുക്കത്തില്‍ രാജി വെയ്ക്കുന്ന താന്‍ വരുന്ന ഒമ്പതു മാസവും വെറുമൊരു എംപിയായി പാര്‍ലമെന്റില്‍ ആര്‍ക്കും വേണ്ടാതെ കഴിയേണ്ടി വരുമെന്ന് സോമനാഥ് ചാറ്റര്‍ജി തിരിച്ചറിഞ്ഞു. പാര്‍ട്ടിയെ വെല്ലുവിളിക്കാനും പിബി ശാസനകളെ നിഷ്കരുണം തളളാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഒതുങ്ങിപ്പോകുമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടതാണ്.

ചില യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊളളാന്‍ ചിലര്‍ക്ക് കഴിയണമെന്നില്ല. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ മുഴക്കോലു കൊണ്ട് അളന്നറിയാനാവുന്നതല്ല അതിന്റെ കാരണം. തികച്ചും മനുഷ്യസഹജമാണ് അവ. കാരാട്ടോ, യെച്ചൂരിയോ ഒക്കെ ഈ സ്ഥാനത്തിരുന്നാലും ഇങ്ങനെയൊക്കെയാണ് യാഥാര്‍ത്ഥ്യമെങ്കില്‍ സോമനാഥ് ചാറ്റര്‍ജി ചെയ്തതിനപ്പുറമൊന്നുമാവില്ല അവരുടെ പ്രതികരണവും. മനുഷ്യ പ്രകൃതിയുടെ പരിമിതികള്‍ സൈദ്ധാന്തികക്കൂടില്‍ ഒതുങ്ങിക്കിടക്കില്ലെന്നതിന് വേറൊരുദാഹരണം കൂടിയാണ് സോമനാഥ് ചാറ്റര്‍ജി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+