വില നിശ്ചയിക്കുന്നത് നാലേ നാല് കമ്പനികള്‍
എണ്ണവില നിശ്ചയിയ്ക്കുന്നത് ആര്? - 2
അമേരിക്കയിലെ നാല് വമ്പന്‍ കമ്പനികളാണ് ഇന്ന് ആഗോളവിപണിയിലെ എണ്ണവില നിശ്ചയിക്കുന്നത്. ഗോള്‍ഡ്മാന്‍ സാക്സ്, സിറ്റിഗ്രൂപ്പ്, ജെപി മോര്‍ഗന്‍ ചെയ്സ്, മോര്‍ഗണ്‍ സ്റ്റാന്‍ലി എന്നിവയാണ് ആ കമ്പനികള്‍.
അവധി വ്യാപാരം നടക്കുന്ന ന്യൂയോര്‍ക്ക് ഉല്പന്ന വിപണിയില്‍ ഈ കമ്പനികളുടെ സ്വാധീനം വളരെ അധികമാണ്. ഉല്പന്ന വിപണിയും എണ്ണവിലയും നിയന്ത്രിയ്ക്കാന്‍ പോന്ന ധനബലവും ബൗദ്ധിക ബലവും ഉള്ളവരാണ് ഈ കമ്പനികള്. എണ്ണയുടെ ഊഹവില നിശ്ചയിയ്ക്കുന്നതും വിപണി എന്ന് എങ്ങോട്ട് ചലിക്കണമെന്ന് തീരുമാനിക്കുന്നതും ഇവരാണ്.
ഫ്യൂച്ചര്‍ മാര്‍ക്കറ്റിലെ ഊഹവില ഉടന്‍ വിപണിയിലെ വിലയില്‍ പ്രതിഫലിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഊഹക്കച്ചവടത്തില്‍ കച്ചവടം കൊണ്ടുപിടിച്ച് നടക്കുന്നതിന് ആനുപാതികമായി എണ്ണയുല്‍പാദം വര്‍ദ്ധിക്കുന്നില്ല.
എല്ലാ ഊഹക്കച്ചവടക്കാരും കൈകളില്‍ എണ്ണ കരുതിക്കൊണ്ടല്ല കച്ചവടം നടത്തുന്നത്. കൈയില്‍ ഉല്പന്നമില്ലാതെ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയും കുറഞ്ഞവിലയ്ക്ക് വാങ്ങുകയും ചെയ്യുന്നു. അവരുടെ കൈകളില്‍ എണ്ണ ബാരലുകള്‍ ഉണ്ടാവില്ല. കോണ്‍ട്രാക്ട് പേപ്പറുകള്‍ മാത്രമേ കാണുകയുളളൂ. പേപ്പര്‍ ബാരലുകളിലാണ് കച്ചവടം നടക്കുക. ഭാവിയിലെ വില ഉയര്‍ന്നു പോകുമ്പോള്‍ എണ്ണ കൈവശമുളളവര്‍ കൂടുതല്‍ വില പ്രതീക്ഷിച്ച് എണ്ണ ശേഖരിക്കും. വില്‍പന കുറയുമ്പോള്‍ സ്പോട്ട് വിപണിയിലും വില ഏറുമെന്നാണ് അനുഭവം.
അവധി വ്യാപാരത്തില്‍ വന്‍തോതിലുളള കച്ചവടമാണ് നടക്കുന്നതെന്ന് 2006 ജുണില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ യുഎസ് സെനറ്റ് കമ്മിറ്റി കണ്ടെത്തിയിരുന്നു. അന്ന് ബാരലിന് 60 ഡോളറായിരുന്നു ഫ്യൂച്ചര്‍ മാര്‍ക്കറ്റില്‍ ഒരു ബാരല്‍ എണ്ണയുടെ വില. അവധി വ്യാപാരത്തിലെ ഊഹവില എണ്ണവില വര്‍ദ്ധനയ്ക്ക് കാരണമാകുമോ എന്ന് അന്വേഷിക്കുകയായിരുന്നു, പ്രസ്തുത കമ്മിറ്റി.
വിഷയം ശരിവെയ്ക്കുന്ന നിഗമനത്തിലാണ് അന്വേഷണത്തിനു ശേഷം കമ്മിറ്റി എത്തിച്ചേര്‍ന്നത്. ഊഹക്കച്ചവടക്കാര്‍ വന്‍തോതില്‍ ക്രൂഡ് ഓയില്‍ അവധിവ്യാപാരത്തിലൂടെ കൈകാര്യം ചെയ്യുമ്പോള്‍ അധിക ആവശ്യതയുണ്ടാവുകയും വില വര്‍ദ്ധനയിലെത്തുകയും ചെയ്യുന്നു. ഊഹക്കച്ചവടത്തിന്റെ യഥാര്‍ത്ഥ തോത് വേര്‍തിരിച്ചെടുക്കാനാവില്ലെങ്കിലും ക്രമാതീതമായ കച്ചവടം ക്രൂഡ് വില ഉയര്‍ത്തുന്നുവെന്നാണ് ഈ കമ്മിറ്റി അന്തിമ നിഗമനത്തിലെത്തിയത്.
അമേരിക്കയിലെ ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ ഒരാനക്കൂട്ടത്തിന് പോലും നിര്‍ബാധം കടന്നു പോകാനുളള പഴുതുകളുണ്ടെന്നും കമ്മിറ്റി നിരീക്ഷിച്ചു.
ഗണ്യമായ വില വര്‍ദ്ധനയുണ്ടായാല്‍ പോലും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിനിയോഗത്തില്‍ യാതൊരു വ്യത്യാസവും ഉണ്ടാകില്ലെന്ന വിപണിയിലെ യാഥാര്‍ത്ഥ്യമാണ് ഊഹക്കച്ചവടക്കാരുടെ പിടിവളളി. കഴിഞ്ഞ നാലു വര്‍ഷത്തിനുളളില്‍ ഏതാണ്ട് മൂന്നു മുതല്‍ നാലു ശതമാനം വരെയാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗം കൂടിയത്. എന്നാല്‍ നാല്‍പതു ശതമാനം കണ്ടാണ് വിലവര്‍ദ്ധന.
പ്രതിദിനം 850 ലക്ഷം ബാരല്‍ എണ്ണയാണ് ലോകത്ത് പ്രതിദിനം ആവശ്യം. ആവശ്യത്തില്‍ കൂടുതല്‍ വില്‍ക്കാനുണ്ടെങ്കില്‍ മാത്രമേ ഏതുല്‍പ്പന്നത്തിനും വില കുറയൂ. ലഭ്യത ഗണ്യമായ തരത്തില്‍ ഉയര്‍ന്നിരിക്കുകയും വേണം. ഫ്യൂച്ചര്‍ മാര്‍ക്കറ്റില്‍ വില കയറുന്നതിന് അനുസരിച്ച് ആരെങ്കിലും ചെറിയ അളവില്‍ പോലും ക്രൂഡ് ശേഖരിച്ചു വെച്ചാല്‍ തന്നെ വിപണിയില്‍ വിലക്കയറ്റത്തിന് സമ്മര്‍ദ്ദമേറുമെന്ന് ഇതില്‍ നിന്നും മനസിലാക്കാം.
എണ്ണ ശേഖരത്തിലുളള അമേരിക്കയുടെ താല്‍പര്യം കടന്നു വരുന്നത് ഇവിടെയാണ്. 2006ല്‍ ഏതാണ്ട് 3500 ലക്ഷം ബാരല്‍ എണ്ണയായിരുന്നു അമേരിക്ക കരുതല്‍ ശേഖരമാക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ അവര്‍ ഈ ലക്ഷ്യം 7000 ലക്ഷം ബാരലായി ഉയര്‍ത്തി. അതായത് അമേരിക്ക എണ്ണയുടെ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിച്ചതിന് അനുസരിച്ച് ഉല്‍പാദനം ഉയര്‍ന്നില്ല. തല്‍ഫലമായി ലഭ്യത കുറയുകയും വില ഏറുകയും ചെയ്തു.
അമേരിക്കയിലെ സര്‍ക്കാരും ഊഹക്കച്ചവടക്കാരും ഒത്തുകളിച്ച് എണ്ണ വില ഉയര്‍ത്തുകയാണോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഗോള്‍ഡ്മാന്‍ സാക്സ് കമ്പനി പ്രവചിക്കുന്നത് എണ്ണ വില അടുത്തു തന്നെ ബാരലിന് 200 ഡോളര്‍ കടക്കുമെന്നാണ്. തങ്ങളുടെ പ്രവചനത്തില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് അവര്‍ക്ക് നിശ്ചയമുണ്ട്.
അമേരിക്കയുടെ താല്‍പര്യങ്ങളാണ് അന്താരാഷ്ട്ര വിപണിയിലെ എണ്ണവില തീരുമാനിക്കുന്നതെന്ന് സ്പഷ്ടമാണ്. ഊഹക്കച്ചവടക്കാരുടെ നിയന്ത്രണത്തിലാണ് ഇന്ന് വിപണി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുളളില്‍ ലോകം എണ്ണയ്ക്കു വേണ്ടി അധികം ചെലവിട്ടത് മൂന്ന് ട്രില്യണ്. ഡോളറാണ്. ശരാശരി മലയാളിയുടെ കാല്‍ക്കുലേറ്ററില്‍ ഒതുങ്ങുന്നതല്ല ഈ തുക. (ഒന്നു കഴിഞ്ഞ് 12 പൂജ്യം ചേരുന്ന സംഖ്യയാണ് ഒരു ട്രില്യണ്.) ഈ തുകയുടെ സിംഹഭാഗവും ഊഹക്കച്ചവടക്കാരുടെ പോക്കറ്റിലേയ്ക്കാണ് ഒഴുകിയത്.
ബില്യണുകളും ട്രില്യണുകളും കടന്ന് മുന്നേറുകയാണ് എണ്ണയില് ഊഹക്കച്ചവടം നടത്തുന്ന വരുടെ സമ്പാദ്യം. വിലനിര്‍ണയാവകാശം ഉല്പാദകന്റെ കൈകളില് നിന്ന് പന്തയക്കാരുടെ കൈകളിലെത്തിയതിന്റെ അനിവാര്യത. എണ്ണവില വര്‍ദ്ധനയില്‍ ലോകം മുഴുവന് എരിപൊരി കൊളളുമ്പോഴും അമേരിക്ക കുലുങ്ങുന്നില്ല.
ബാരലിന് 250 ഡോളര് എന്ന പ്രവചനം എന്ന് ശരിയാകും എന്ന ആധിയില്‍ മൂന്നാംലോക സാമ്പത്തിക ഘടനയുടെ ചങ്കുപിടയുമ്പോള്‍ അതിനിങ്ങനെയൊരു മാനം കൂടിയുണ്ടെന്ന് അറിയുക.
മുന്‍ പേജില്‍












Click it and Unblock the Notifications