മുര്‍ഡോക്കിന്റെ ചരിത്രം

ആരാണ് റൂപ്പര്‍ട്ട് മുര്‍ഡോക്ക്.............?- 2

1931 മാര്‍ച്ച് 11ന് മെല്‍ബണിലായിരുന്നു യുഗപുരുഷന്റെ ജനനം. ഈ ജന്മം പുണ്യജന്മത്തിന് കാരണഭൂതരായ വകയില്‍ ചരിത്രത്തില്‍ ഇടം നേടിയത് കീത്ത് മുര്‍ഡോക്കും, എലിസബത്ത് ജോയ് ഗ്രീനും.

ദി ന്യൂസ് എന്ന ആസ്ട്രേലിയന്‍ പത്രത്തിന്റെ ഉടമയും എണ്ണമറ്റ ന്യൂസ് പേപ്പര്‍ കമ്പനികളുടെ ഓഹരിയുടമയുമായിരുന്നു കീത്ത് മുര്‍ഡോക്ക്. 1952ല്‍ പിതാവ് മരിക്കുമ്പോള്‍ 21കാരനായ റൂപ്പര്‍ട്ട് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി. പഠനത്തിന്റെ ഇടവേളകളില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുളള പത്രങ്ങളില്‍ വിശേഷാല്‍പ്രതിയെഴുതിയിരുന്നെങ്കിലും പത്രപ്രവര്‍ത്തനത്തോട് അത്ര കമ്പമൊന്നുമുണ്ടായിരുന്നില്ല. എഴുത്തിനെക്കാള്‍ ഉത്സാഹവും ഊര്‍ജവും ചെലവിട്ടത് ചൂതാട്ടത്തില്‍.

ബാധ്യതകള്‍ അവശേഷിപ്പിച്ചാണ് അച്ഛന്‍ മുര്‍ഡോക്ക് അന്ത്യശ്വാസം വലിച്ചതെന്ന് റൂപ്പര്‍ട്ടും മാതാവും തിരിച്ചറിഞ്ഞത് കടക്കാരുടെ ശല്യം മുറുകിയപ്പോഴാണ്. സര്‍ക്കാരിനുളള നികുതി ബാധ്യത വേറെ. പത്രക്കമ്പനികളുടെ ഷെയറുകള്‍ കിട്ടിയ വിലയ്ക്ക് വിറ്റു മാറാന്‍ റൂപ്പര്‍ട്ടും മാതാവും നിര്‍ബന്ധിതനായി. ഒടുവില്‍ ബാക്കിയായത് സ്വന്തം വീടും ന്യൂസ് ലിമിറ്റഡ് എന്ന കമ്പനിയിലെ ഏതാനും ഷെയറുകളും. ദി ബാരിയര്‍ മൈനര്‍ എന്ന പ്രാദേശിക പത്രമായിരുന്നു കമ്പനിയുടെ കൈവശമുണ്ടായിരുന്നത്.

1953ല്‍ ഓക്സ്ഫോഡ് പഠനമവസാനിപ്പിച്ച് ന്യൂസ് ലിമിറ്റഡിന്റെ സാരഥ്യമേറ്റെടുത്തു, മുര്‍ഡോക്ക്. പുതിയ മുതലാളിയുടെ അശ്വരഥത്തിലേറി പത്രവരുമാനം കുതിച്ചു പാഞ്ഞു.

ബാരിയര്‍ മൈനര്‍, ആസ്ട്രേലിയയുടെ സുപ്രഭാതം, യഥാര്‍ത്ഥ ആസ്ട്രേലിയന്‍ പത്രത്തിന്റെ ശക്തി, ആസ്ട്രേലിയന്‍ നേര് വെളുപ്പാന്‍കാലത്തേ അറിയാന്‍ എന്നിങ്ങനെയുളള പരസ്യവാചകങ്ങള്‍ മെനഞ്ഞോ ജില്ലകള്‍ തോറും എഡിഷനുകള്‍ സ്ഥാപിച്ചോ മുര്‍ഡോക്ക് നേരം കളഞ്ഞില്ല.

കൊളളാവുന്ന തരത്തില്‍ നടന്നു പോകുന്ന മാധ്യമസ്ഥാപനങ്ങള്‍ക്ക് വില പറയുകയായിരുന്നു, കച്ചവടം മെച്ചപ്പെടുത്താന്‍ മുര്‍ഡോക്കിന്റെ തലയില്‍ വിരിഞ്ഞ ആശയം. പെര്‍ത്തില്‍ നിന്നും പുറത്തിറങ്ങുന്ന സണ്‍ഡേ ടൈംസ് സ്വന്തമാക്കി പടയോട്ടം ഉദ്ഘാടനം ചെയ്തു.

സെഡ്യൂനയിലെ ബീച്ചില്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മക് സ്റ്റുവാര്‍ട്ടിനെ രക്ഷിക്കാന്‍ പത്രം വഴി നടത്തിയ ശ്രമം വിജയിച്ചതോടെ മാധ്യമങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ച് മുര്‍ഡോക്ക് തികച്ചും ബോധവാനായി. വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യിക്കാന്‍‍, പത്രം നടത്തിയ വാര്‍ത്താ വിസ്ഫോടനം മൂലം സാധിച്ചു.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ മുര്‍ഡോക്ക് ആസ്ട്രേലിയയിലെ ഒന്നാം നമ്പര്‍ ദിവ്യനായി ഉയര്‍ന്നു. സിഡ്നിയിലെ ഉച്ചപ്പത്രമായിരുന്ന ഡെയിലി മിററടക്കം ഒട്ടേറെ പ്രാദേശിക പത്രങ്ങളുടെ ഉടമസ്ഥത മുര്‍ഡോക്കിന്റെ ഉദരത്തില്‍ ദഹിച്ചു ചേര്‍ന്നു.

തുടര്‍ന്ന് 1964ല്‍ ആസ്ട്രേലിയയിലെ ആദ്യ ദേശീയ പത്രമായി അറിയപ്പെടുന്ന ദി ആസ്ട്രേലിയന്‍ സ്ഥാപിച്ചു. 1972ല്‍ സിഡ്നി മോണിംഗ് ടാബ്ലോയിഡായ ദി ഡെയിലി ടെലിഗ്രാഫ് മുര്‍ഡോക്കിന്റെ കൈവശമെത്തി. ആസ്ട്രേലിയന്‍ ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിലും ഈ ഘട്ടത്തില്‍ മുര്‍ഡോക്കിന്റെ മാധ്യമങ്ങള്‍ ശക്തമായ പങ്കുവഹിച്ചു.

രാഷ്ട്രീയ സ്വാധീനത്തിന്റെ ചോര രുചിയോടെ നുകര്‍ന്ന മറ്റൊരു അനുഭവം. 1974ല്‍ പൊതുജനരോഷത്തിന് വിധേയനായ പ്രധാനമന്ത്രി ഗഫ് വിറ്റ്ലാമിനെ നിഷ്കരുണം ഉപേക്ഷിച്ച് മറുകണ്ടം ചാടാനും മുര്‍ഡോക്കിന് മടിയേതുമുണ്ടായില്ല.

കോമണ്‍വെല്‍ത്ത് ബാങ്കുമായുളള മികച്ച ബന്ധത്തിന്റെ കരുത്തു കൂടിയായപ്പോള്‍ മുര്‍ഡോക്കിന്റെ സ്വപ്നങ്ങള്‍ കടലും കടന്നു പാഞ്ഞു. ന്യൂസ് ഓഫ് ദി വേള്‍ഡ് ഏറ്റെടുത്തു കൊണ്ട് 1968ല്‍ മുര്‍ഡോക്ക് ഇംഗ്ലണ്ടില്‍ പ്രവേശിച്ചു. ലോകത്തിലെ ഏറ്റവും പ്രചാരമുളള ഇംഗ്ലീഷ് പത്രമായിരുന്ന ന്യൂസ് ഓഫ് ദി വേള്‍ഡ് അക്കാലത്ത് സര്‍ക്കുലേഷന്‍ കുത്തനെ ഇടിഞ്ഞ് പ്രതിസന്ധി നേരിടുന്ന സമയം. എഴുപതു കൊല്ലത്തെ പൈതൃകമുളള പത്രം നിഷ്പ്രയാസം മുര്‍ഡോക്കിന്റെ കൈവശമെത്തി.

പിന്നീട്, ദി സണ്‍, ലണ്ടന്‍ ടൈംസ്, ദി സണ്‍ഡേ ടൈംസ്..അക്കാലത്തെ അതിശക്തയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ക്ക് തികഞ്ഞ പിന്തുണയും നല്‍കി ബുദ്ധിമാനായ മാധ്യമ ചക്രവര്‍ത്തി. താച്ചര്‍, ജോണ്‍ മേജര്‍ യുഗം കഴിഞ്ഞ വാറേ, മുര്‍ഡോക്കിന്റെ പിന്തുണ ടോണി ബ്ലെയറിലേയ്ക്കും ലേബര്‍ പാര്‍ട്ടിയിലേയ്ക്കും ചാഞ്ഞു.

ബാറ്റില്‍ ഓഫ് വോപ്പിംഗ് എന്ന് കുപ്രസിദ്ധമായ ട്രേഡ് യൂണിയന്‍ കൊലപാതകത്തോടെ ലോകമെങ്ങുമുളള ഇടതുപക്ഷ സൈദ്ധാന്തികര്‍ മുര്‍ഡോക്കിനെ ഭയന്നു തുടങ്ങി. ട്രേഡ് യൂണിയന്‍ ഭീകരതയെ അമര്‍ച്ച ചെയ്ത മര്‍ഡോക്കിനെ വലതുപക്ഷം വാഴ്ത്തിപ്പാടി. അനുസരണയില്ലാത്ത തൊഴിലാളികളെ ഇങ്ങനെ വേണം കൈകാര്യം ചെയ്യാനെന്ന് പത്രങ്ങള്‍ മുഖപ്രസംഗം കാച്ചി.

വിപ്ലവത്തിലൂടെ സോഷ്യലിസം സ്ഥാപിക്കപ്പെടുമെന്ന് താന്‍ സ്വപ്നം കണ്ടിരുന്ന ഇംഗ്ലണ്ടില്‍ മുര്‍ഡോക്കെന്ന ആസ്ട്രേലിയന്‍ മുതലാളി തൊഴിലാളി വര്‍ഗത്തെ ക്ഷ, റ വരപ്പിക്കുന്നത് കണ്ട് സ്വര്‍ഗസ്ഥനായ സാക്ഷാല്‍ കാറല്‍ മാര്‍ക്സ് കണ്ണീരൊഴുക്കി.

താച്ചറുടെ പിന്തുണയോടെ തൊഴിലാളി പ്രതിഷേധം അടിച്ചമര്‍ത്തി മുര്‍ഡോക്ക് വിജയശ്രീലാളിതനായി. മൂലധനച്ചെലവ് കുറയ്ക്കാന്‍ വേണ്ടി സാങ്കേതിക രംഗത്ത് മുര്‍ഡോക്ക് ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങള്‍ വഴിയേ മറ്റു പത്രങ്ങള്‍ അനുകരിച്ചു. ഇന്ന് മുര്‍ഡോക്ക് ചെയ്യുന്നത് നാളെ മറ്റുളളവര്‍ അനുകരിക്കുമെന്ന് വാഴ്ത്തുമൊഴി മുഴങ്ങി.

1973ല്‍ സാന്‍ അന്റോണിയോ എക്സ്പ്രസ് ന്യൂസ് വാങ്ങി മുര്‍ഡോക്ക് അമേരിക്കയുടെ മുറ്റത്ത് കാലൂന്നി. അവിടെയായിരുന്നു വിഖ്യാതമായ സ്റ്റാര്‍ കമ്പനിയുടെ ജനനം. 1976ല്‍ ന്യൂയോര്‍ക്ക് പോസ്റ്റ് വാങ്ങിയ മുര്‍ഡോക്ക് 1985ല്‍ അമേരിക്കയുടെ സ്വന്തം പൗരനുമായി. അമേരിക്കയില്‍ ടെലിവിഷന്‍ സ്റ്റേഷന്‍ സ്ഥാപിക്കാനുളള അനുമതി ആ രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമേയുളളൂ. നിയമത്തെ എക്കാലത്തും ബഹുമാനിക്കുന്ന മുര്‍ഡോക്ക്, നിറഞ്ഞ മനസോടെ അമേരിക്കന്‍ പൗരത്വം ഏറ്റുവാങ്ങി.

വന്‍കരകളിലെ വമ്പന്‍മാര്‍ മുര്‍ഡോക്കിന്റെ മുന്നില്‍ വീണ് താക്കോലു കൈമാറുമ്പോഴും ജന്മനാടിനെ വിസ്മരിക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. പിതാവിന്റെ ഓര്‍മ്മകള്‍ തളം കെട്ടി നിന്ന, ആസ്ട്രേലിയന്‍ മാധ്യമസ്ഥാപനമായ ദി ഹെറാള്‍ഡ് ആന്റ് വീക്കിലി ടൈംസ് 1987ല്‍ അദ്ദേഹം സ്വന്തമാക്കി.

ഇതിനിടെ സ്കൈ ടെലിവിഷന്‍ നടത്തിയ വകയില്‍ സംഭവിച്ച നഷ്ടം മുര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷനെ പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് ബ്രിട്ടണിലെ എതിരാളികളായ ബ്രിട്ടീഷ് സാറ്റലൈറ്റ് ബ്രോഡ് കാസ്റ്റിംഗുമായി ലയനത്തിന് മുര്‍ഡോക്ക് നിര്‍ബന്ധിതനായി.

1995ല്‍ മുര്‍ഡോക്കിന്റെ ഫോക്സ് നെറ്റ്വര്‍ക്ക് അമേരിക്കയിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്റെ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമായി. മുര്‍ഡോക്കിന്റെ ഉടമസ്ഥത വ്യാജമാണെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തിയാണ് മുര്‍ഡോക്ക് പ്രവര്‍ത്തിക്കുന്നതെന്ന് കമ്മിഷന്‍ വിധി പറ‍ഞ്ഞതോടെ വിമര്‍ശകരുടെ വായടഞ്ഞു.

1996ല്‍ ഫോക്സ് ന്യൂസ് ചാനല്‍ വഴി കേബിള്‍ ന്യൂസ് രംഗത്തേയ്ക്കും മുതലാളി പ്രവേശിച്ചു. ഫോക്സ് ചാനല്‍ വഴിയുളള 24 മണിക്കൂറും ഇടവിടാതെ ഒഴുകിയ വാര്‍ത്തകള്‍ അമേരിക്കക്കാരെ നിതാന്തമായി ജാഗരൂഗരാക്കി. നമ്പര്‍ വണ്‍ എന്ന് അഹങ്കരിച്ചിരുന്ന സിഎന്‍എന്നിന്റെ വായില്‍ മണ്ണിട്ടു കൊണ്ടായിരുന്നു, അരങ്ങേറ്റം.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+