നാര്‍കോ പരിശോധന ശരിയോ?

ബാര്‍ബ്യൂറേറ്റ് മരുന്നു കുടുംബത്തില്‍പ്പെട്ട സോഡിയം പെന്‍തോതല്‍, സോഡിയം അമിത്തല്‍ തുടങ്ങിയവയാണ് ഇന്ന് ട്രൂത്ത് സിറമായി ഉപയോഗിക്കുന്നത്. ഹിപ്‌നോട്ടിസത്തിനും വേദനസംഹാരികളായും ഉറക്കഗുളികളായും ഇവ ഉപയോഗിക്കുന്നുണ്ട്. ലോകമൊട്ടുക്കുമുള്ള
മനുഷ്യാവകാശസംഘടനകളില്‍ ഭൂരിഭാഗവും ഈ പരിശോധനാ രീതി കുറ്റാന്വേഷണത്തിന് ഉപയോഗിക്കുന്നതിനെതിരാണ്. ഒരുതരത്തിലുള്ള പീഡനമായിട്ടാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇതിനെ കാണുന്നത്.
കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് ഏറ്റവും നൂതനമായി ശാസ്‌ത്രീയ രീതികള്‍ അവലംബിക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നാര്‍കോ പരിശോധനയ്‌ക്ക് വിലക്കുണ്ട്. മറ്റു മനശ്ശാസ്‌ത്രപരമായ രീതികളിലൂടെ കുറ്റവാളികളെക്കൊണ്ട് സത്യം പറയിക്കുകയെന്നതാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഉള്‍പ്പെടെയുള്ള മുന്‍നിര അന്വേഷണ സംഘങ്ങള്‍ അവലംബിക്കുന്ന രീതി.
ഐക്യരാഷ്ട്ര സംഘടനയും നാര്‍കോ പരിശോധനയെ അംഗീകരിച്ചിട്ടില്ല. ട്രൂത്ത് സിറങ്ങള്‍ പ്രയോഗിക്കുന്നത് വ്യക്തിയെ തെറ്റായി പരിഗണിക്കലാണെന്നും അതിനാല്‍ത്തന്നെ അത് പീഡനമാണെന്നുമാണ് യുഎന്‍ വിലയിരുത്തുന്നത്.
ഗ്വാണ്ടാനാമോ തടവറയിലുള്ള അല്‍ക്വയ്‌ദ ഭീകരര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ ഇവരെ നാര്‍കോ പരിശോധനക്ക് വിധേയരാക്കാന്‍ അനുമതി നല്‍കണമെന്ന് 2002ല്‍ സിഐഎ മേധാവി വില്യം വെബ്‌സ്‌റ്റര്‍ ആവശ്യപ്പെട്ടതോടെയാണ് നാര്‍കോ ആനാലിസിസ് വീണ്ടും അന്തര്‍ദേശീയ തലത്തില്‍ സജീവമായ ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ പരിശോധന അമേരിക്ക ഒരിക്കലും നടത്തില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അഭയ കേസാണ് കേരളീയ ജനതയ്‌ക്കിടയില്‍ നാര്‍കോ പരിശോധന എന്ന വാക്ക് സുപരിചതമായ ഒന്നാക്കി മാറ്റിയത്. ഈ കേസില്‍ കുറ്റാരോപിതരായ വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍കോ പരിശോധനയ്‌ക്ക് വിധേയരാക്കിയതോടെയാണ് ഈ പരിശോധനാരീതി കേരളീയര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചാവിഷയമായത്.












Click it and Unblock the Notifications