ചൈനയിലെ കോടീശ്വരന്മാര്‍ക്ക് പട്ടി പ്രേമം

ഈ നായ് വീട്ടിലുണ്ടെങ്കില്‍ ഉടമസ്ഥന് സമ്പത്തും ആരോഗ്യവും സുരക്ഷിതത്ത്വവും ഒക്കെ കിട്ടുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ സമ്പന്നരുടെ ഇടയില്‍ ഈ നായ്ക്ക് ഇപ്പോള്‍ വലിയ പ്രീയമാണ്. ചൈനയിലുടനീളം ടിബറ്റന്‍ മാസ്റ്റിഫ് മേളകള്‍ നടക്കുന്നുണ്ട്.
ടിബറ്റില്‍ കാണുന്നതാണ് ടിബറ്റന്‍ മാസ്റ്റിഫ് എന്ന ഈ കൂറ്റന്‍ നായ്. ഒരു വിശുദ്ധ മൃഗമായാണ് ചൈനക്കാര്‍ ഇതിനെ കാണുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലേ ഇതിന് ജീവിയ്ക്കാനാവുകയുള്ളു. മഞ്‍ഞുകാലത്ത് ശരീരം നിറയെ രോമമുള്ള ഈ നായെ കണ്ടാല്‍ ഒരു സിംഹകുട്ടിയാണെന്ന് തോന്നും. ടിബറ്റന്‍ മാസ്റ്റിഫ് മേളകള്‍ നടത്തുന്ന കമ്പനികളും ആളുകളും ഇപ്പോള്‍ ചൈനയില്‍ കുറവല്ല. ഈ നായെക്കുറിച്ച് മാത്രം വിവരിയ്ക്കുന്ന ചൈനീസ് ഭാഷയിലുള്ള ഈ സൈറ്റ് നോക്കൂ.
ചൈനക്കാരുടെ സാമ്പത്തിക സ്ഥിതി മാറിയതോടെയാണ് ഈ നായ്ക്ക് പ്രീയമേറിയത്. കഴിഞ്ഞ കുറേക്കാലമായി ഇടത്തരക്കാരുടെ എണ്ണം ചൈനയില്‍ കൂടിക്കൊണ്ടിരിയ്ക്കുകയാണ്. ഇവരില്‍ ഒട്ടേറെ പേര്‍ ഒരു ടിബറ്റന്‍ മാസ്റ്റിഫിനെ സ്വന്തമാക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. അതുകൊണ്ടാണ് ചൈനയില്‍ ഉടനീളം ഇപ്പോള്‍ ടിബറ്റന്‍ മാസ്റ്റിഫ് മേളകള്‍ നടക്കുന്നത്. തണുപ്പ് കാലത്താണ് മേളകള്‍ സംഘടിപ്പിയ്ക്കുക. ഈ കാലത്താണ് നായുടെ ശരീരത്തില്‍ രോമം ഉണ്ടാവുക. വേനലില്‍ ഇത് രോമം പൊഴിയ്ക്കും. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നായുടെ വിലയില്‍ 500 ശതമാനം വര്‍ധന ഉണ്ടായതായാണ് കണക്ക്. പൂര്‍ണ വളര്‍ച്ച എത്തിയ ഒരു നായ്ക്ക് ആയിരക്കണക്കിന് ഡോളര്‍ വില കിട്ടും. അത് ഒരു ലക്ഷം ഡോളറായാലും അതിശയിയ്ക്കാനില്ല.
അതില്‍ നിന്ന് തന്നെ മനസ്സിലായില്ലേ വാങ്ങുന്നത് ആരാണെന്ന്. പുതുതായി പണം നേടിയ ചൈനക്കാര്‍ക്കിടയില്‍ തന്റെ സമ്പത്ത് കാണിയ്ക്കാനുള്ള ഒരുപാധി കൂടി ആയി മാറിയിരിയ്ക്കുകയാണ് ഈ നായ്.
കഴിഞ്ഞ നവംബറില്‍ സിയാന്‍ പ്രവിശ്യയിലെ കായ് ലിയും ഭാര്യയും ഒരു ടിബറ്റന്‍ മാസ്റ്റിഫിനെ സ്വന്തമാക്കി. അറ് ലക്ഷം ഡോളറാണ് ഇവര്‍ ഇതിനായി ചെലവിട്ടത്. അതായത് 2.76 കോടി രൂപയ്ക്ക്. യാങ്സെ റിവര്‍ നമ്പര്‍ ടു എന്നാണ് ഈ ഭാഗ്യ നായുടെ പേര്. കായ് ലി ഈ കറുത്ത ടിബറ്റന്‍ മാസ്റ്റിഫ് നായെ വീട്ടിലേയ്ക്ക് കൊണ്ടുപോയത് എങ്ങനെ എന്ന് കേള്‍ക്കണ്ടേ. 20 മേഴ്സിഡസ് ബെന്‍സ് കാറുകളുടെ ഒരു റാലിയോടെയായിരുന്നു അത് !!
മൂന്നടി ഉയരവും 60 കിലോയോളം തൂക്കവുമുള്ള ഈ നായ് പോയത് ഉടമസ്ഥന്റെ നായ് പുരയിലുള്ള മറ്റ് 40 കൂട്ടുകാര്‍ക്കിടയിലാണ്. ഈ 40 ടിബറ്റന്‍ മാസ്റ്റിഫുകളാണത്രെ ഈ കോടീശ്വരന്റെ സര്‍വ ഭാഗ്യവും !!
മികച്ച പെഡിഗ്രി ആണത്രെ യാങ്സെ റിവര്‍ നമ്പര്‍ ടുവിന് ഇത്രയും വില വരാന്‍ കാരണം. തനി ടിബറ്റന്‍ മാസ്റ്റിഫിനെ കിട്ടാന്‍ വലിയ വിഷമമാണെന്നാണ് കായ് പറയുന്നത്.












Click it and Unblock the Notifications