പുതു യൂണി.കള്‍ വരുന്നു, പക്ഷേ നിലവാരം എങ്ങോട്ട്?

കേരള സര്‍വകലാശാലയെ വിഭജിച്ച് കോട്ടയത്തിന് വേണ്ടി ഗാന്ധിജി സര്‍വകലാശാല തുടങ്ങി, പിന്നീട് കാലിക്കട്ട് സര്‍വകലാശാല വിഭജിച്ച് കണ്ണൂര്‍ സര്‍വകലാശാല തുടങ്ങി.
കാര്‍ഷീക സര്‍വകലാശാലയില്‍ നിന്ന് വെറ്ററിനറി വിഭാഗം മാറ്റി വെറ്ററിനറി സര്‍വകലാശാല രൂപീകരിയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ മെഡിയ്ക്കല്‍ സര്‍വകലാശാലയും ഫിഷറീസ് സര്‍വകലാശാലയും തുടങ്ങാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.
പുതിയ സര്‍വകലാശാലകള്‍ തുടങ്ങുന്നത് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നുണ്ടോയെന്നത് സംശയമാണ്. ഗുണം കുറേ പുതിയ തസ്തികകളും കൂടുതല്‍ വൈസ് ചാന്‍സലര്‍മാരും രജിസ്ട്രാര്‍മാരും കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍മാരും പിന്നെ രാഷ്ട്രീയ കളി നടത്താന്‍ സിണ്ടിക്കേറ്റ് അംഗങ്ങളും ഉണ്ടാകും എന്നത് മാത്രമാണ്. സാക്ഷരതയില്‍ 100 ശതമാനത്തില്‍ എത്തി നില്‍ക്കുന്ന കേരളത്തിന് ദേശീയ തലത്തില്‍ മികച്ചതെന്ന് പറയാന്‍ ഒരു സര്‍വകലാശാലയോ കോളെജോ ഇല്ലെന്നത് നാണക്കേടാണ്.
ഫിഷറീസ് സര്‍വകലാശാല വരുന്നു
ഫിഷറീസ് സര്‍വകലാശാല തുടങ്ങാനായി നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. ഇതിനായി കേരള, കൊച്ചി, കാര്‍ഷീക സര്‍വകലാശാലകളാണ് ചെറുതാക്കുന്നത്. കേരള സര്‍വകലാശാലയുടെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ്, കൊച്ചി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, മറൈന്‍ ജിയോളജി, ഓഷ്യാനോഗ്രഫി വകുപ്പുകള്‍, കാര്‍ഷിക സര്‍വകലാശാലയുടെ കോളേജ് ഓഫ് ഫിഷറീസ് എന്നിവ വേര്‍പെടുത്തി ഫിഷറീസ് സര്‍വകലാശാലയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.
ഈ മൂന്ന് സര്‍വകലാശാലകളിലെയും അധ്യാപകര്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. എറണാകുളം പനങ്ങാട് ഫിഷറീസ് കോളേജ് മാത്രമായിരുന്നു ആദ്യം നിര്‍ദിഷ്ട ഫിഷറീസ് സര്‍വകലാശാലയിലുണ്ടായിരുന്നത്. ഒരു കോളേജിന് മാത്രമായി ഒരു സര്‍വകലാശാല പ്രായോഗികമല്ലെന്ന് കണ്ടതോടെയാണ് കൊച്ചി, കേരള സര്‍വകലാശാലയില്‍നിന്ന് മറൈന്‍, ഫിഷറീസ് സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശമുയര്‍ന്നത്.
എം.ജി. സര്‍വകലാശാല രൂപീകരിച്ചപ്പോള്‍ കൊച്ചി സര്‍വകലാശാലയില്‍നിന്ന് ഹിന്ദി, നിയമവകുപ്പുകള്‍ വേര്‍പെടുത്തി ഉള്‍പ്പെടുത്താന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ അതിനെതിരെ കൊച്ചി സര്‍വകലാശാലയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നതിനെതുടര്‍ന്ന് ആ നീക്കം ഉപേക്ഷിച്ചു. എം.ജിയില്‍ പുതുതായി ഹിന്ദി, നിയമവകുപ്പുകള്‍ തുടങ്ങുകയും ചെയ്തു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ എങ്ങനെ ഹിന്ദി, നിയമവകുപ്പുകള്‍ ഉണ്ടായി എന്നത് വിചിത്രമായ വസ്തുതയായി അവശേഷിയ്ക്കുന്നു.
കേരളയുടെ അക്വാട്ടിക് ബയോളജി വകുപ്പ് യു.ജി.സിയുടെ അഡ്വാന്‍സ്ഡ് സ്റ്റഡിസെന്ററായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ ഏക സ്ഥാപനമാണ്. 1938-ല്‍ സ്ഥാപിതമായ ഈ ഡിപ്പാര്‍ട്ട്‌മെന്റ് കേരള സര്‍വകലാശാലയുടെ പ്രമുഖമായ പഠനവകുപ്പാണ്. ഓരോ സര്‍വകലാശാലയിലും അധ്യാപക തസ്തികകളിലേക്ക് അപേക്ഷ വിളിക്കുമ്പോള്‍ അതാതിടത്തേക്കാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷ നല്‍കുന്നതും ജോലി സ്വീകരിക്കുന്നതും. അങ്ങനെ സര്‍വീസില്‍ കയറിയ അധ്യാപകരെ മറ്റൊരു സര്‍വകലാശാലയിലേക്ക് നിര്‍ബന്ധമായി മാറ്റുന്നത് നിയമപ്രശ്‌നമുണ്ടാക്കിയേയ്ക്കും.












Click it and Unblock the Notifications