ക്ഷേത്രത്തിലെ നിധി ആര്‍ക്ക്?

ത്രിതല സുരക്ഷാ സംവിധാനമാണ് ക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. പോലീസ് ഡയറക്ടര്‍ ജനറല്‍ വേണുഗോപാല്‍ കെ നായരുടെ നേതൃത്വത്തിലുള്ള സായുധ സേനയ്ക്കാണ് ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല. എന്നാല്‍ ഭക്തരുടെ വികാരങ്ങളെ വൃണപ്പെടുത്താതെ ക്ഷേത്രത്തിന് സുരക്ഷ ഉറപ്പാക്കുക എന്നത് പ്രയാസമേറിയ ദൗത്യം തന്നെയാണ്.
കോടതി തീരുമാനം അംഗീകരിയ്ക്കുമെന്ന് മാത്രമാണ് ക്ഷേത്രം സ്വത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞത്. സ്വത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചു ഹൈക്കോടതിയെ സമീപിച്ച തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു. ഇപ്പോള്‍ ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിയ്ക്കുന്ന മാര്‍ത്താണ്ഡ വര്‍മ്മയ്‌ക്കോ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കോ സ്വത്തിന്റെ അധികാരിയാവാന്‍ കഴിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഭരണഘടനയുടെ ഇരുപത്താറാം ഭേദഗതി പ്രകാരം പ്രസിഡന്റിനു മാത്രമേ ഏതെങ്കിലുമൊരു വസ്തുവിന്റെ ഭരണാധികാരിയായി ഏതെങ്കിലുമൊരു വ്യക്തിയെ നിയമിക്കാനാകൂ എന്നും കോടതി അറിയിച്ചു.നിധി സംരക്ഷിക്കാനായി ഒരു ട്രസ്റ്റ് ഉണ്ടാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ക്ഷേത്രത്തിന്റെ സ്വത്ത് പൊതുജനത്തിന്റേതാണെന്നും അതിനാല്‍ അതു പൊതുജന നന്‍മയ്ക്കു വേണ്ടി വിനിയോഗിക്കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ക്ഷേത്രത്തിനടിയില്‍ ഉപയോഗശൂന്യമായി ഒരു ലക്ഷം കോടിയിലധികം വിലവരുന്ന സ്വത്തുക്കള്‍ കിടക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം വെറും 70,969 കോടിയാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. എന്നാല്‍ സ്വത്ത് പൊതുജന നന്‍മയ്ക്കു വേണ്ടി വിനിയോഗിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ തന്നെ ആര്, എങ്ങനെ എന്ന ചോദ്യമുയര്‍ന്ന് നില്‍ക്കുന്നു.
ട്രഷര്‍ ട്രോവ് ആക്ട് പ്രകാരം നിധി പൊതുകാര്യങ്ങള്‍ക്ക് ഉപയോഗിയ്ക്കാന്‍ പാടില്ലെന്ന് കേരള ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ നിയമമനുസരിച്ച് ക്ഷേത്രങ്ങളുടെ സ്വത്തില്‍ പൊതുജനങ്ങള്‍ക്കൊ മറ്റേതെങ്കിലും സ്ഥാപനത്തിനൊ കൈകടത്താനുള്ള അവകാശമില്ല. ക്ഷേത്രത്തിന്റെ സ്വത്ത് ഭരിക്കാനുള്ള അവകാശം മാര്‍ത്താണ്ഡവര്‍മ്മയ്ക്കില്ലെന്ന് ഹൈക്കോടതി വിധിച്ചിട്ടുണ്ടെങ്കിലും ക്ഷേത്രത്തിന്റെ മാനേജിങ്ങ് ട്രസ്റ്റി എന്ന നിലയില്‍ സ്വത്തിന്റെ ഭരണകാര്യത്തിന്‍ മേല്‍ ഇദ്ദേഹത്തിന് അവകാശമുണ്ടെന്നും ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications