മണി ചെയിന്‍: ഇരയാവാന്‍ മലയാളികള്‍ യോഗ്യരാണ്
കേരളത്തില്‍ കഴിഞ്ഞ കുറേകാലമായി പണ തട്ടിപ്പുകളുടെ ഘോഷയാത്രയാണ്. മണി ചെയിന്‍, നിയമനം, ഓഹരി നിക്ഷേപം, കുറി, വിദേശ ലോട്ടറി, ഫ്ലാറ്റ് തട്ടിപ്പ് തുടങ്ങി പല പേരുകളില്‍ മലയാളികളില്‍ നിന്ന് പണം തട്ടുന്ന സംഭവം ദിനം പ്രതി ഏറുകയാണ്. കേരളത്തിലും പുറത്തും മലയാളികള്‍ തട്ടിപ്പിന് ഇരയാവുന്നുണ്ട്. മലയാളികള്‍ നടത്തുന്ന തട്ടിപ്പുകളും മറ്റ് സംസ്ഥാനക്കാര്‍ മുതല്‍ വിദേശികള്‍ വരെ നടത്തുന്ന തട്ടിപ്പും വരെ ഇതില്‍ ഉള്‍പ്പെടും.
എന്തായാലും ഒന്നേ പറയാനുള്ളൂ. മലയാളി എന്തുകൊണ്ടും ഇത്തരം തട്ടിപ്പിന് ഇരയാവാന്‍ യോഗ്യരാണ്. സാക്ഷരെന്ന് അഭിമാനിയ്ക്കുകയും ചിലപ്പോഴൊക്കെ അഹങ്കരിയ്ക്കുകയും തമിഴരേയും മറ്റ് സംസ്ഥാനക്കാരേയും പാണ്ടികളെന്നു മണ്ടന്മാരായ ലാഡന്മാരെന്നും മറ്റും പറഞ്ഞ് കളിയാക്കുന്ന ബുദ്ധി കൂടിയ മലയാളി തട്ടിപ്പിന് ഇരയാവാന്‍ യോഗ്യരാണെന്നല്ലാതെന്ത് പറയാന്‍.
1987-88 ല്‍ കേരളത്തില്‍ പല ബ്ലേഡ് കമ്പനികളും പൊളിഞ്ഞു. അതില്‍ പണം ഇട്ടവരൊക്കെ നെഞ്ചില്‍ കൈവച്ച് നോക്കി നിന്നു. പക്ഷേ മിയ്ക്ക ബ്ലേഡ് കമ്പനി ഉടമകളും പല തന്ത്രങ്ങളും നടത്തി രക്ഷപ്പെട്ടു. ഇപ്പോഴും ധനികരായി ജീവിയ്ക്കുകയും ചെയ്യുന്നു. അന്ന് പണം നഷ്ടപ്പെട്ടവര്‍കക് ഒരു തവണ അക്കിടി പറ്റിയിട്ടും ആര്‍ത്തി അവസാനിച്ചിട്ടില്ല.
അഞ്ച് വര്‍ഷം കഴിഞ്ഞ് 1993 ലാണ് ആട്, തേക്ക്, മാഞ്ചിയം പദ്ധതികള്‍ കേരളത്തില്‍ തഴച്ച് വളര്‍ന്നത്. കമ്പനി പറഞ്ഞു 1000 രൂപ തന്ന് ഒരു ആട് ഇപ്പോള്‍ വാങ്ങൂ, 20 വര്‍ഷത്തിന് ശേഷം ഒരു ലക്ഷം രൂപ നേടൂ, 2000 രൂപയ്ക്ക് ഒരു തേക്ക് മരമോ ഒരു മാഞ്ചിയം മരമോ സ്വന്തമാക്കൂ, 20 വര്‍ഷത്തിന് ശേഷം രണ്ട് ലക്ഷം രൂപ നേടൂ. ഇതായിരുന്നു അന്നത്തെ ആട്, തേക്ക്, മാഞ്ചിയം പദ്ധതി. കേരളത്തിലെ തന്നെ വ്യക്തികള്‍ ഇത്തരത്തിലുള്ള പല കമ്പനികളും തുടങ്ങുന്നത് കണ്ട് മറുനാടന്‍ കമ്പനികളും കേരളത്തില്‍ പണം കൊയ്യാനെത്തി. ഒരു വര്‍ഷം എടുത്തില്ല ഇതൊക്കെ നിലം പൊത്താന്‍. മലയാളികളുടെ കോടികളുമായി എല്ലാപേരും മുങ്ങി. ഇത് കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ നടന്ന രണ്ടാമത്തെ വന്‍കിട തട്ടിപ്പായിരുന്നു.
ബ്ലേഡില്‍ പണം ഇട്ട് നഷ്ടപ്പെട്ടവര്‍ ആട് തേക്ക് മാഞ്ചിയത്തിലും പണം ഇട്ട് നഷ്ടകച്ചവടം നടത്തി. കണ്ണീരും പരിദേവനവുമായി വീണ്ടും ഒതുങ്ങി.
പിന്നീട് കാലാകാലങ്ങളായി വന്നത് പലതരം തട്ടിപ്പുകളായിരുന്നു. കാലം മാറി, ഓഹരി കമ്പോളവും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ജനങ്ങള്‍ക്ക് പരിചിതമായി. അപ്പോള്‍ തട്ടിപ്പിന്റെ രീതിയും മാറി. ഇപ്പോള്‍ കേരളത്തില്‍ എല്ലാ ദിവസവും കേള്‍ക്കാന്‍ കഴിയുന്ന രണ്ട് തരം വാര്‍ത്തകളുണ്ട്. ഒന്ന് തട്ടിപ്പ്, രണ്ട് പെണ്‍വാണിഭം.
കഴിഞ്ഞ കുറച്ച് കാലത്തിനിടെ കേരളത്തില്‍ വാര്‍ത്തകളായ തട്ടിപ്പുകളും കോടികളുടെ കണക്കും ഓര്‍മ്മിയ്ക്കുന്നുണ്ടോ? ടോട്ടല്‍ ഫോര്‍ യു - 200 കോടി- നിക്ഷേപകര്‍ 1000 ലേറെ, ടൈക്കൂണ്‍ - 370 കോടി-നിക്ഷേപകര്‍ 50,000ത്തോളം, ബിസേര്‍ 500 കോടി- നിക്ഷേപകര്‍ ഒരു ലക്ഷത്തോളം, നാനൊ എക്സല്‍ 500 കോടി- നിക്ഷേപകര്‍ നാല് ലക്ഷത്തോളം, ലിസ് 850 കോടി-നിക്ഷേപകര്‍ ഒരു ലക്ഷത്തോളം, ആപ്പിള്‍ എ ഡെ പ്രോപ്പര്‍ട്ടി 200 കോടി - 800 നിക്ഷേപകര്‍. ഇതുകൊണ്ടൊന്നും ഇവരുടെ എണ്ണം അവസാനിയ്ക്കുന്നില്ല. സ്കൈലൈന്‍ റിക്രൂട്ടേഴ്സ്, സൈബര്‍ സ്റ്റോക്ക് ഇന്‍വസ്റ്റ്മെന്റ്, പെന്‍ പ്രോപ്പര്‍ട്ടീസ്, എന്നിങ്ങനെ ചെറുതും വലുതുമായി ഇനിയും ഒട്ടേറെയുണ്ട്. ഇതിനിടെ അന്താരാഷ്ട്ര മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ആംവെയുടെ കേരളത്തിലെ ഒമ്പത് കേന്ദ്രങ്ങളില്‍ കേരള പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ അമേരിക്കന്‍ കമ്പനിയുടെ മറവില്‍ രഹസ്യമായി മണി ചെയിന്‍ പരിപാടി നടത്തുന്നുണ്ടെന്നായിരുന്നു ആരോപണം.
എന്തായാലും സുപ്രീം കോടതി നിയോഗിച്ച ശിവസുബ്രമണ്യം കമ്മിഷന് ഇത് സംബന്ധിച്ച് 20000 ലേറെ പരാതികളാണ് കിട്ടിയത്. നാനൊ എക്സല്‍ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ പാട്രിക് തോമസിനെ 600 കോടി തട്ടിപ്പ് നടത്തിയെന്ന കേസില്‍ പൊലീസ് പിടികൂടുകയും ചെയ്തു.
ഏറ്റവും ഒടുവില്‍ ഇതാ മൂവാറ്റുപുഴയില്‍ ഓഹരി വ്യാപാരത്തിന്റെ മറവില്‍ മണി ചെയിന്‍ തട്ടിപ്പി നടത്തിയതായി പരാതി ഉയര്‍ന്നിരിയ്ക്കുന്നു. നൂറു കണക്കിന് നിക്ഷ്പകര്‍ കബളിപ്പിയ്ക്കപ്പെട്ടതായാണ് വാര്‍ത്ത.
മികച്ച നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ എന്താണെന്ന് ഇപ്പോള്‍ ടെലിവിഷന്‍ വഴിയും പത്രങ്ങള്‍ വഴിയും കണ്ടെത്താന്‍ അത്ര വിഷമമൊന്നും ഇല്ല. സ്വയം അറിയില്ലെങ്കില്‍ ചോദിച്ചാല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന വ്യക്തികളെ കേരളത്തിലെ ഏതൊരു സമൂഹത്തിലും കാണാനാവും. ഇതൊന്നും ശ്രദ്ധിയ്ക്കാതെ ഇരുട്ടി വെളുക്കുമ്പോള്‍ പണം നേടാനായി ഇറങ്ങി പുറപ്പെടുന്നവരാണ് ഏറെയും.
ചെറിയ ഒരു വ്യവസായം തുടങ്ങി ജീവിയ്ക്കാമെന്ന സാഹചര്യം കേരളത്തിലില്ല. അത്തരത്തിലുള്ള ഒരു സാമൂഹിക സാഹചര്യം നിലനില്‍ക്കുന്നത് നിക്ഷേപ സൗകര്യവും, നിക്ഷേപ സൗഹദവും അല്ലാത്ത ഒരു കാലാവസ്ഥ സൃഷ്ടിയ്ക്കുന്നുണ്ട്. ഇതിനോടൊപ്പം ഇരുട്ടി വെളുക്കുമ്പോള്‍ മെയ്യനങ്ങാതെ പണമുണ്ടാക്കാനുള്ള അത്യാര്‍ത്തിയുമായി നടക്കുന്ന മലയാളിയ്ക്ക് ഇത് സംഭവിയ്ക്കുക തന്നെ വേണം.


Click it and Unblock the Notifications